Tuesday, March 22, 2011

നോവല്‍ - അദ്ധ്യായം -128.

മില്ലിന്‍റെ മുറ്റത്ത് കാര്‍ നിര്‍ത്തി സുകുമാരന്‍ ഇറങ്ങി. ഓഫീസ് മുറിയില്‍ കയറിയപ്പോള്‍ രാധാകൃഷ്ണന്ന് പകരം വേലായുധന്‍കുട്ടിയാണ്.

' മാമാ. രാധാകൃഷ്ണന്‍ എവിടെ ' അവന്‍ ചോദിച്ചു.

' ബാങ്കില്‍ പോയി. കൊടുത്ത ഒരു ചെക്ക് മടക്കാന്‍ വെച്ചിട്ടുണ്ട് എന്ന് മാനേജര്‍ വിളിച്ചു പറഞ്ഞു. ഞങ്ങളുടെ കണക്ക് പ്രകാരം അക്കൌണ്ടില്‍ പണം ഉണ്ട്. അത് അന്വേഷിക്കാന്‍ ചെന്നതാ '.

കൂടുതല്‍ സംഭാഷണത്തിന്ന് സുകുമാരന്‍ മുതിര്‍ന്നില്ല.

' എങ്കില്‍ ഞാന്‍ പോട്ടെ. എനിക്കും ബാങ്കില്‍ ചെല്ലാനുണ്ട്. അവിടെ വെച്ച് കാണാം 'അയാള്‍ പറഞ്ഞു.

സുകുമാരന്‍ വഴിക്കുവെച്ചു തന്നെ രാധാകൃഷ്ണനെ കണ്ടു. ഇരുവരും കാറുകള്‍ തണുപ്പത്ത് നിര്‍ത്തി പുറത്തിറങ്ങി.

' പെണ്ണ് കാണാന്‍ പോവുന്നു എന്ന് പറഞ്ഞിട്ടെന്തായി ' സുകുമാരന്‍ ചോദിച്ചു.

' പോയി കണ്ടു '.

' എന്നിട്ട് '.

' ഒന്നും തീരുമാനിച്ചില്ല '.

' അതെന്തേ '.

' അച്ഛനും അമ്മയും അഭിപ്രായമൊന്നും പറഞ്ഞില്ല '.

' നിനക്കെന്താ തോന്നിയത് '.

' തെറ്റില്ലാ എന്ന് '.

' അത് മതി. ഇനി മുന്നോട്ട് നീങ്ങ് '

' ഞാന്‍ മാത്രം വിചരിച്ചാല്‍ പോരല്ലോ ' കൂടുതല്‍ എന്തെങ്കിലും അതിനെക്കുറിച്ച് പറയാന്‍ ഒരു വിഷമം. അയാള്‍ വിഷയം മാറ്റി ' നിന്‍റെ കാര്യം മുടങ്ങീന്ന് കേട്ടു '.

' മുടങ്ങിയതല്ല. യോജിക്കില്ല എന്ന് തോന്നിയതുകൊണ്ട് വേണ്ടാന്ന് വെച്ചതാണ് '.

' വേറേയും ചിലതൊക്കെ കേട്ടു ' രാധാകൃഷ്ണന്‍ പറഞ്ഞു ' ആ പെണ്ണിനെ നിങ്ങളാ കൊല്ലിച്ചതെന്ന് '.

' ആര്‍ക്കും വെട്ടി പൊളിച്ച വായകൊണ്ട് എന്തും പറയാലോ. നൂറ് ഉറുപ്പിക കാണിച്ചാല്‍ വാലാട്ടി പിന്നാലെ വരുന്ന സാധനത്തിനെ കൊല്ലിച്ചിട്ട് കേസ്സില്‍ ചെന്ന് ചാടാന്‍ ആരെങ്കിലും മിനക്കെട്വോ '.

' അതും ശരിയാണ് ' രാധാകൃഷ്ണന്‍ സംഭാഷണം ദീര്‍ഘിപ്പിക്കാന്‍ നിന്നില്ല ' അച്ഛന് പോവാന്‍ സമയം ആയി. ഞാന്‍ പോട്ടെ '

കാറുകള്‍ എതിര്‍ ദിശകളിലേക്ക് നീങ്ങി.

***********************************************

' വാടിയോ, പഴുത്ത്വോ ' എഴുത്തശ്ശന്‍ ചോദിച്ചത് രാധാകൃഷ്ണന്ന് മനസ്സിലായില്ല. അയാള്‍ മിഴിച്ചു നിന്നു.

' മേപ്പട്ട് നോക്കി നിക്കണ്ടാ. ഇന്നലെ പെണ്ണ് കാണാന്‍ പോണൂന്ന് പറഞ്ഞില്ലേ. അതിന്‍റെ കാര്യം ചോദിച്ചതാ '.

' കാണാന്‍ പോയി '.

' എന്നിട്ട് എന്തായി '.

' ഒന്നും തീരുമാനിച്ചിട്ടില്ല '.

' അതെന്താ. കുട്ടി കാണാന്‍ നന്നല്ലേ '.

' കാണാന്‍ നന്ന്. പഠിപ്പും ഉണ്ട്. കുടുംബവും തെറ്റില്ല '.

' പിന്നെന്താ കുറവ് '.

' പെണ്‍കുട്ടിക്ക് ഒരു ഏട്ടനുണ്ട്. കാല് രണ്ടും മെലിഞ്ഞ് നടക്കാന്‍ പറ്റാത്ത ആള്‍. സംസാരിക്കാനും പറ്റില്ല '.

' പിറവീലേ അങ്ങിന്യാണോ '.

' അല്ല. മൂന്നാമത്തെ വയസ്സില്‍ ഒരു പനി വന്നു. അതിന്ന് ശേഷം ആയതാ '.

" അത് കാരണം വേണ്ടാന്ന് വെച്ച്വോ '.

' അമ്മയ്ക്ക് പിടിച്ചില്ല. നാലാളുടെ മുമ്പില്‍ അളിയനാണ് എന്നു പറഞ്ഞ് എങ്ങിനെ കാണിക്കും എന്നാ ചോദിക്കുന്നത് '.

' ഞാന്‍ ഒരു കാര്യം പറയട്ടെ ' എഴുത്തശ്ശന്‍ ചോദിച്ചു.

' മുത്തശ്ശന്‍ പറഞ്ഞോളൂ '.

' നിനക്കാണ് ഇത് വന്നതെങ്കിലോ. അത് കാരണം നിന്‍റെ പെങ്ങളുടെ കല്യാണം മുടങ്ങിയാല്‍ നിനക്കെത്ര സങ്കടം വരും '.

' അത് ശരിയാണ് '.

' നിനക്ക് കുട്ടിയും ചുറ്റുപാടും ഇഷ്ടായീച്ചാല്‍ ' ഇത് മതി ' എന്ന് തുറന്ന് പറയണം. അതാണ് ആണത്തം . പിന്നെ ഒരു കാര്യം എപ്പഴും മനസ്സിലുണ്ടാവണം '.

' എന്താ അത് '.

' ശരീരത്തിന്ന് കോട്ടവും കുറവും ഉണ്ടാവുന്നത് ഒരു തെറ്റല്ല. അതൊക്കെ ആര്‍ക്കും എപ്പഴും വരാം. നമ്മള് മരിക്കുന്നത് വരെ നമ്മടെ കയ്യോ കാലോ കണ്ണോ ദേഹത്തില്‍ തന്നെ ഉണ്ടാവും എന്ന് ഉറപ്പുണ്ടോ '.

' ഇല്ല '.

' അതാ പറഞ്ഞത്. കെട്ടുന്ന പെണ്ണിന്ന് കേടൊന്നും ഇല്ല. അത് മതി. അതിനപ്പുറത്തേക്ക് പോണ്ടാ. പിന്നെ ദേഹത്തിന്ന് വയ്യാത്ത ആളാണ് എന്ന പരിതാപം കൊണ്ട് നീ അവന്‍റെ പെങ്ങളെ കെട്ടണ്ടാ. നാളെ മേലില്‍ അത് വിഷമം ഉണ്ടാക്കും. അവനെ സ്വന്തം ആളായി നിനക്ക് സ്നേഹിക്കാന്‍ പറ്റുംന്ന് ഉറപ്പുണ്ടെങ്കില്‍ നീ ആ പെണ്ണിനെ കെട്ടണം. മനുഷ്യന്‍റെ സ്നേഹൂം ഈശ്വരന്‍റെ അനുഗ്രഹൂം അപ്പൊ നിനക്ക് കിട്ടും '.

രാധാകൃഷ്ണന്‍ മനസ്സിലാവാത്ത മട്ടില്‍ നിന്നു.

' മനുഷ്യന്‍റെ സ്നേഹം എന്ന് പറഞ്ഞത് എന്താന്ന് നിനക്ക് മനസ്സിലായോ. സുഖം ഇല്ലാത്ത ആ ചെക്കന്‍റെ ബന്ധുക്കളെ ഒന്ന് ആലോചിക്ക്. ആ കുറവ് കണക്കിലെടുക്കാതെ പെണ്ണിനെ കെട്ടാന്‍ തെയ്യാറായ നിന്നെ അവര് മനസ്സുകൊണ്ട് പൂവിട്ട് പൂജിക്കും '.

ആ വാക്കുകള്‍ രാധാകൃഷ്ണന്‍റെ മനസ്സില്‍ തട്ടി.

' മുത്തശ്ശന്‍ പറഞ്ഞതാണ് ശരി ' അവന്‍ പറഞ്ഞു ' ഞാനും അത് ആലോചിക്കാത്തതല്ല. എന്താ വേണ്ടത് എന്നൊരു സംശയം ഉണ്ടായി. ഇപ്പൊ അത് തീര്‍ന്നു '.

' മുത്തശ്ശന്‍ പറഞ്ഞൂന്ന് വെച്ചിട്ട് ആവരുത്. നിനക്കും കൂടി ബോദ്ധ്യാവണം '.

' എനിക്ക് ബോധിച്ചു. ഞാന്‍ എന്‍റെ അഭിപ്രായം പറയാം '.

തിരിച്ചു പോരുമ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞതാണ് അയാളുടെ മനസ്സില്‍. ആലോചന കൊണ്ടു വരുമ്പോഴേ മേനോനങ്കിള്‍ ഈ കാര്യം പറഞ്ഞിരുന്നതാണ്. അപ്പോള്‍ അതത്ര കാര്യമാക്കിയില്ല. അമ്മ ഭവിഷ്യത്തുകള്‍ പറഞ്ഞപ്പോഴാണ് ആശയക്കുഴപ്പം ഉണ്ടായത്. അത് നീങ്ങി. ഇനി അടുത്ത പടി.

മോട്ടോര്‍ സൈക്കിള്‍ മെയിന്‍ റോഡിലെത്തി.

++++++++++++++++++++++++++++++++++++++++

മകര ചൊവ്വ ദിവസം എഴുത്തശ്ശന്‍ ചങ്കരനെ കണ്ടു. ചൊവ്വായൂട്ടിന്ന് എത്തിയതായിരുന്നു അവന്‍.

' നിന്‍റെ അപ്പന്‍ രക്കന്‍ ഇപ്പഴും ഉണ്ടോടാ ' എഴുത്തശ്ശന്‍ അവനെ വിളിച്ച് ചോദിച്ചു.

' ഉണ്ട്. നിങ്ങളാല്‍ ചിലരുടെ കുരുത്തം കൊണ്ട് കേടില്ലാതെ അങ്ങിനെ പോണൂ '.

' ഇപ്പൊ എവിട്യാ അവന്‍റെ താമസം '.

' ഒടുക്കത്തെ അനിയന്‍ രാമന്‍റെ കൂടെ ഒലവക്കോടാണ് '.

' ആ ചെക്കന് റെയില്‍വെയിലല്ലേടാ പണി '.

' അതെ. ഗ്യാങ്ങിലാണ് '.

' രക്കന്‍ ഇങ്ങോട്ടൊക്കെ വരാറുണ്ടോടാ. ഇശ്ശി കാലം ആയി കണ്ടിട്ട്. കാണണംന്ന് ഒരു മോഹം '.

' കുറെയായി അപ്പന്‍ ഇങ്ങിട്ട് വന്നിട്ട്. രാമന്‍റെ മകള്‍ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. ആ കാര്യം സംസാരിക്കാന്‍ ഈ ഞായറാഴ്ച അവന്‍ വരും. അന്ന് അപ്പനും കൂടെ ഉണ്ടാവും '.

' വന്നാല്‍ വിവരം താ. ഞാന്‍ വന്ന് കണ്ടോളാം '.

' അയ്യോ. അതൊന്നും വേണ്ടാ. അപ്പന്‍ ഇങ്ങിട്ട് വരും '.

' ഞാന്‍ കളപ്പുരേല് ഉണ്ടാവും ' എഴുത്തശ്ശന്‍ പറഞ്ഞു നിര്‍ത്തി.

പറഞ്ഞതു പോലെ ഞായറാഴ്ച രക്കന്‍ കളപ്പുരയില്‍ എത്തി. വാസ്തവത്തില്‍ എഴുത്തശ്ശന്‍ അയാളെ കാത്തിരിക്കുകയായിരുന്നു.

പടിക്കല്‍ എത്തിയ രക്കനെ എഴുത്തശ്ശന്‍ ചെന്ന് സ്വീകരിച്ചു.

' ഞാന്‍ ഉച്ചയാവുമ്പോ വരാം ' എന്നും പറഞ്ഞ് ചങ്കരന്‍ പോവാനൊരുങ്ങി.

' നീ ഉച്ചക്കൊന്നും വരണ്ടാ. വൈകുന്നേരത്തെ ഞാന്‍ ഇവനെ പറഞ്ഞയക്കൂ ' എഴുത്തശ്ശന്‍ പറഞ്ഞു.

രക്കനെ ഉമ്മറത്തിണ്ടിലിരുത്തി എഴുത്തശ്ശന്‍ പ്രാതല്‍ വിളമ്പി.

' ഇപ്പൊന്നും വേണ്ടാ. ഞാന്‍ കഴിച്ചതാണ് ' രക്കന്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞു.

' നീ കഴിച്ചിട്ടൊക്കെ ഉണ്ടാവും. പക്ഷെ നിന്‍റെ കൂടെയിരുന്ന് ഇത്തിരി കഞ്ഞിയെങ്കിലും കുടിക്കണം എന്ന് എന്‍റെ മനസ്സില് ഒരു മോഹം '.

' അത് ഇല്ലാണ്ടിരിക്ക്യോ ' രക്കന്‍റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു ' കാവല്‍ ചാളേല് ഒന്നിച്ചിരുന്ന് എത്ര കഞ്ഞി കുടിച്ചതാ നമ്മള് രണ്ടാളും '.

' അന്നത്തെ കാര്യം ഒന്നും പറയണ്ടാ. എനിക്ക് പത്ത് മുപ്പത്തി രണ്ട് വയസ്സ് ഉണ്ടാവും. നിനക്ക് ഇരുപതോ ഇരുപത്തൊന്നോ. രണ്ടാളടേം കല്യാണം കഴിഞ്ഞിരുന്നു. എന്നിട്ടും രാത്രിയാവാന്‍ കാത്തിരിക്കും, കാവല്‍ ചാളേല് ഒത്തു കൂടാന്‍. അവിടെ എത്ത്യാല്‍ നിന്‍റെ ഒരു പാട്ടുണ്ട്. എത്ര കേട്ടാലും മതിയാവില്യാ '.

' ഇന്നത്തെ കുട്ട്യേളക്ക് അത് വല്ലതും അറിയ്യോ. നിങ്ങള് കഥ പറയും. ഞാന്‍ അതും കേട്ടോണ്ട് നേരം വെളുക്കും വരെ ഇരിക്കും '.

' ഉറക്കം എന്നത് ഉണ്ടാവില്ല '.

' ഉറങ്ങാന്‍ പാട്വോ. പന്നി വന്നാല്‍ അറിയണ്ടേ '.

ആഹാരം കഴിഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. എഴുത്തശ്ശന്‍ രക്കനെ അകത്തേക്ക് കൂട്ടിച്ചെന്ന് വേണുവിന്ന് പരിചയപ്പെടുത്തി.

' വേണ്വോ, ഇതാണ് ഞാന്‍ നിന്നോട് പറഞ്ഞ രക്കന്‍. വന്നിട്ട് കുറച്ച് നേരായി. നീ മയങ്ങ്വാണോന്ന് തോന്നീട്ട് വിളിക്കാതിരുന്നതാ '.

വേണു രക്കനെ കൈകൂപ്പി അഭിവാദ്യം ചെയ്തു.

' ഈ കളപ്പുരടെ ഉടമസ്ഥനാണ്. ഞാന്‍ ഇവിടെ കൂടുന്നു എന്നേയുള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു.

' അപ്പൊ നിങ്ങടെ വീട് '.

എഴുത്തശ്ശന്‍ എല്ലാ വിവരങ്ങളും പറഞ്ഞു.

' മക്കള് നോക്കാന്‍ ഭാഗ്യം തന്നെ വേണം ' രക്കന്‍ പറഞ്ഞു ' ഈ വീട്ടില് പിന്നെ ആരാ ഉള്ളത് '.

' ഞാനും പണിക്കാരന്‍ ചാമിയും. പിന്നെ ഒരു മേനോനുണ്ട്. മൂപ്പര് ഇന്ന് ഒരു വഴിക്ക് പോയതാണ് '.

' അപ്പൊ കെട്ട്യോളും കുട്ട്യേളും ' വേണുവിനെ ഉദ്ദേശിച്ച് രക്കന്‍ ചോദിച്ചു.

ഒന്നുമില്ലെന്ന് എഴുത്തശ്ശന്‍ ആംഗ്യം കാട്ടി.

' ഞങ്ങള് വെളീല് പോയി നിന്ന് ഇത്തിരി പഴമ്പുരാണം പറഞ്ഞോട്ടെ ' അയാള്‍ വേണുവിനോട് ചോദിച്ചു.

' ഇവിടെ ഇരുന്ന് പറഞ്ഞോളൂ. എനിക്കും കേക്കാലോ'.

' രക്കാ, നീ ആ വാതില്‍ പടീല് ഇരുന്നോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ഇവന്‍ ഒറ്റയ്ക്ക് ഇരുന്ന് മടുക്കണ്ടാ '.

രക്കന്‍ വാതിലും ചാരി നിലത്ത് ഇരുന്നു. പുല്ലുപായ നാലായി മടക്കി നിലത്തിട്ട് എഴുത്തശ്ശനും ഇരുന്നു.

' നിന്‍റെ കെട്ട്യോള് പെട്ടയ്ക്ക് വിശേഷിച്ച് വയ്യായ ഒന്നും ഇല്ലല്ലോടാ 'എഴുത്തശ്ശന്‍ കുടുംബവിശേഷം അന്വേഷിച്ചു.

' സുഖായിട്ട് കഴിയുണൂ. ചെക്കന്‍ പണിക്ക് പോണ്ടാന്നൊക്കെ പറയും. കേക്കില്ല. രാവിലെ നേരത്തെ ഒരു വീട്ടില് പാത്രം മോറാനും മുറ്റം അടിക്കാനും പോവും. കൊയ്യാനും കറ്റ പിടിക്കാനും ഒന്നും അവള്‍ക്ക് വയ്യ. എന്നാലും നടീലിനും കള വലിയ്ക്കാനും പോവും '.

' നല്ല കാലത്ത് എങ്ങിനെ പണി ചെയ്ത ആളാ അവള്. ഇപ്പഴും ആ നെനവായിരിക്കും '.

' അതൊന്നും ആലോചിച്ചാല്‍ അന്തം കിട്ടില്ല. ആ കാലത്ത് നേരം വെളുക്കും മുമ്പ് അവള് എണീക്കും. ചപ്പോ ചവറോ അടിച്ചു കൂട്ട്യേത് കത്തിച്ച് കഞ്ഞി വെക്കും. കുട്ട്യേളെക്ക് കൊടുത്ത് കഴിച്ചൂ കഴിച്ചില്ലാ എന്ന് മട്ടില് ഇത്തിരി മോന്തി നേരത്തിന് പണിക്കെത്താന്‍ ഒറ്റ ഓട്ടാണ്. അതേ പോലെ മോന്ത്യാമ്പൊ പണി കഴിഞ്ഞ് കൂലി കിട്ട്യാല്‍ അതും കൊണ്ട് മാറ്റം വാങ്ങാന്‍ പീടീലിക്ക് ഒരു പോക്കുണ്ട് '.

' അതെന്താ അമ്മാമേ മാറ്റം വാങ്ങുക എന്ന് പറഞ്ഞാല്‍ '.

' ഇന്നത്തെപ്പോലെ അന്ന് കൂലി പണമായിട്ട് കിട്ടില്ല. നെല്ലേ കിട്ടൂ. അതില്‍ നിന്ന് രണ്ടോ നാലോ നാഴി നെല്ല് പീടികയില്‍ കൊടുത്ത് വെറ്റില മുറുക്കാനും മല്ലീം മുളകും ചിലപ്പൊ ഉണക്ക നങ്കി മീനും വാങ്ങും. അതിനാ മാറ്റം വാങ്ങ്വാ എന്ന് പറയിണത് '.

' അതും കഴിഞ്ഞ് തോട്ടിലോ പുഴേലോ ഒന്ന് മുങ്ങീട്ട് വീടെത്തുമ്പൊ ഇരുട്ടാവും ' രക്കന്‍ തുടര്‍ന്നു ' എന്നിട്ട് വേണം അന്ന് കിട്ട്യേ നെല്ല് വറത്ത് കുത്തി അരിയാക്കി കഞ്ഞി വെക്കാന്‍ . അത് കുടിച്ച് കിടക്കുമ്പൊ നേരം പാതിര ആവും '.

മുമ്പുകാലത്ത് കര്‍ഷകതൊഴിലാളി സ്ത്രീകള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ലെന്ന് വേണു ഓര്‍ത്തു. അയാളത് പറയുകയും ചെയ്തു.

' നിനക്കറിയണോ ' എഴുത്തശ്ശന്‍ പറഞ്ഞു 'ഇതിനും പുറമെയാണ് ഒന്നും രണ്ടും കൊല്ലം കൂടുമ്പോള്‍ ഉണ്ടാവാറുള്ള പ്രസവങ്ങള്‍. പണിക്ക് വന്ന ദിക്കില്‍ നിന്ന് പേറ്റുനോവ് തുടങ്ങുമ്പൊ പുരയിലേക്ക് ഓടി ചെന്ന് അവര് പ്രസവിക്കും. കുറച്ച് ദിവസം കഴിഞ്ഞാല്‍ പണിക്ക് പോവാനും തുടങ്ങും '.

' ആണുങ്ങള്‍ക്കെന്താ കഷ്ടപ്പാടിന്ന് കമ്മി. നേരം പുലരുമ്പൊ പണിക്ക് എത്ത്യാല്‍ ഇരുട്ടാവുന്നത് വരെ പണിയാണ്. അതിന്നും പുറമെ വെള്ളം തേവാനും കാവല് കിടക്കാനും ചെല്ലണം ' രക്കന് പുരുഷന്മാര്‍ അനുഭവിച്ച കഷ്ടതകളെ കുറച്ച് കാണാന്‍ വയ്യ.

' നിനക്ക് ഓര്‍മ്മ ഉണ്ടോടാ നമ്മള് തോട്ടിലും പുഴേലും കെട കെട്ടി വെള്ളം തേകി നനച്ചത് 'എഴുത്തശ്ശന്‍ ചോദിച്ചു.

' പിന്നില്ലാണ്ടെ. എട്ടടി പത്തടി നീട്ടത്തിലുള്ള മുളകള്‍ മണ്ണില്‍ അടിച്ചെറക്കും. പിന്നെ തൂപ്പും തോലും വെട്ടി അതിന്ന് മുമ്പില് അടുക്കും. ഒരു ഭാഗത്ത് കൂടി വെള്ളം പോവാന്‍ വഴി വിട്ടിട്ട് നന്നായിട്ട് ചേറ് പൊതിയും. ഒടുക്കം വെള്ളം പോണ വഴി അടയ്ക്കും '.

ആ നാടന്‍ എഞ്ചിനീയറിങ്ങ് രീതി വേണുവിന്ന് നന്നെ പിടിച്ചു.

' പിന്നെ വെള്ളം തേക്കാണ്. കുണ്ടു മുറത്തിന്‍റെ രണ്ടു ഭാഗത്തും ഓരോ മുളക്കഷ്ണം കെട്ടി ഉറപ്പിച്ച് വെക്കും . അതില് ഈരണ്ട് കയറ് രണ്ട് ഭാഗത്തും ഇടും. രണ്ടാള് അതില്‍ പിടിച്ചിട്ട് വെള്ളം തേക്കും. ഒരു പമ്പും വരില്ല അതിന്‍റെ അടുത്ത് ' എഴുത്തശ്ശന്‍ പോയ കാലത്തെ പണികള്‍ അനുസ്മരിച്ചു.

' കുട്ട്യേ കേക്കണോ ' രക്കന്‍ വേണുവിനോട് പറഞ്ഞു ' ഒരു തേക്ക് കൊട്ടയ്ക്ക് നാലാള് ഉണ്ടാവും. രണ്ടാളുടെ കയ്യ് തളര്‍ന്നാല്‍ പിന്നത്തെ രണ്ടാള് തേകാന്‍ തുടങ്ങും. ഒരു നാഴിക രണ്ടു നാഴിക കഴിയുമ്പൊ വയ്യാണ്ടാവും. നമ്മടെ ഈ മൂപ്പരക്ക് ക്ഷീണം എന്നൊന്ന് ഇല്ല. ആര് കയറ് മാറ്റിയാലും മൂപ്പര് മാറില്ല '.

എഴുത്തശ്ശന്‍ ചിരിച്ചു ' പറഞ്ഞിട്ടെന്താ കാര്യം. ആ കാലോക്കെ പോയില്ലേ '.

' അന്നത്തെപ്പോലത്തെ കൃഷിക്കാര് വല്ലോരും ഇന്നു കാലത്തുണ്ടോ. എന്തിനാ പറയിണത് അന്നത്തെ വല്ല ചടങ്ങും ഇന്ന് കാലത്ത് ഉണ്ടോ '.

' അത് ശരിയാ ' എഴുത്തശ്ശന്‍ പറഞ്ഞു ' മുമ്പൊക്കെ വിഷു ദിവസം ചാലിടും. കണ്ടത്തിന്‍റെ മൂലയ്ക്കലാ പൂജ. അവിലും പൊരീം പഴൂം വെല്ലൂം ഒക്കെ പൂജയ്ക്ക് വെക്കും. പണിക്കാരില്‍ മൂത്ത ആളാണ് പൂജ ചെയ്യുക. പൂജ കഴിഞ്ഞാല്‍ വിത്ത് വിതയ്ക്കും. ചിലര് കുറച്ച് ദൂരും കന്ന് പൂട്ടും. പടക്കം പൊട്ടിക്കും. ആക്കപ്പാടെ കാണണ്ട കൂട്ടത്തിലാ ചാലിടല് '.

' അത് പോലെത്തന്ന്യാ നീറയും പുത്തിരീം. വാവ് കഴിഞ്ഞ ഞായറാഴ്ച നിറക്കാനും അമ്മാമന്‍റെ മകളെ സംബന്ധം ചെയ്യാനും നാളും മുഹൂര്‍ത്തം നോക്കണ്ടാന്ന് പറയും ' രക്കന്‍റെ ഓര്‍മ്മയില്‍ പഴയ കാലത്തെ ചടങ്ങുകള്‍ എത്തി.

' നെല്ലിന്‍റെ വിളഞ്ഞ കതിര് മുറിച്ച് ഉഴിഞ്ഞ വള്ളിടെ ഒപ്പം നാക്കിലയില്‍ വെച്ച് പണിക്കാരന്‍ പടിക്കല്‍ കൊണ്ടു വന്നു വെക്കും . അവിടെ വെച്ച് നാളികേരം ഉടച്ച് കതിരില്‍ വെള്ളം ഒഴിക്കും . നിലവിളക്ക് കത്തിച്ച് പിടിച്ച് വീട്ടുകാരി മുമ്പില്‍ നടക്കും. കാരണോര് നാക്കില തലയിലേറ്റി ഒപ്പം നടക്കും. അതിന്‍റെ പിന്നാലെ എല്ലാരും കൂടി നിറ നിറ പൊലി പൊലി എന്നും പറഞ്ഞ് കതിര് വീട്ടിന്‍റെ ഉള്ളിലേക്ക് കൊണ്ടുവരും. പീഠത്തില്‍ അത് വെച്ച് പൂജിക്കും. വാതിലില്‍ അരിമാവുകൊണ്ട് അണിയും. എന്നിട്ട് ഒരോ കതിര്ചാണകം വെച്ച് ഒട്ടിക്കും ' എഴുത്തശ്ശന്‍ വിവരിച്ചു ' അതുപോലെ ചെറു പുത്തിരീം വലിയ പുത്തിരീം ഉണ്ടാവും '.

' എന്തിനാ പറയിണത്. ഉച്ചാറല് കഴിഞ്ഞില്ലേ ഇന്നാള്. വല്ലോരും അറിഞ്ഞ്വോ. ഉച്ചാറല്‍ ദിവസം വിത്തും നെല്ലും കയ്യോണ്ട് തൊട്വോ 'രക്കന്ന് അതായിരുന്നു സങ്കടം.

' പണ്ടൊക്കെ ഉച്ചാറലിന്ന് എണ്ണപ്പൊതി ഉണ്ടാക്കും ' എഴുത്തശ്ശന്‍ പറഞ്ഞു ' എന്തൊരു സ്വാദാ അതിന്. അരി മാവും നാളികേരപൂളും ചക്കര പാനീം കൂടി ഇളക്കി വാഴയില കുമ്പിള്‍ കുത്തി അതില്‍ ഒഴിച്ച് ആവിയില്‍ വേവിക്കും. അങ്ങിനെയാണ് എണ്ണപ്പൊതി ഉണ്ടാക്കാറ്. ചിലര് ചക്കരയ്ക്ക് പകരം വെല്ലം ഉരുക്കി ഒഴിച്ച് ഉണ്ടാക്കും '.

' പാലക്കാടിന്ന് പടിഞ്ഞാട്ട് ചെന്നാല് ഈ മാസം കതിര്‍ വേല എന്നൊരു പതിവുണ്ട് ' രക്കന്‍ പറഞ്ഞു ' നെല്ലിന്‍റെ കതിര് വട്ടത്തില്‍ മെടഞ്ഞ് കതിര്‍ക്കുലയും പനമ്പട്ട കൊണ്ട് കൂടും ഉണ്ടാക്കും. വേല കഴിഞ്ഞ് കൊണ്ടു വരുന്ന കതിര്‍ക്കുലയും കൂടും അവിടുത്തെ തമ്പ്‌രാന്‍ വീടുകളില് കെട്ടി തൂക്കും '.

' അതൊക്കെ ഒരു ഐശ്വര്യം തന്നെയാണേ ' എഴുത്തശ്ശന്‍ പറഞ്ഞു ' പത്മാവതിടെ വീട്ടില് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ന് കതിര് മെടയാന്‍ അറിയിണ വല്ലോരും നാട്ടിലുണ്ടോ '.

ഉമ്മറത്ത് ശബ്ദം കേട്ടപ്പോള്‍ രക്കന്‍ നോക്കി. അയാള്‍ക്ക് വന്ന ആളെ മനസ്സിലായില്ല.

' ആരാന്ന് മനസ്സിലായില്ല ' അയാള്‍ പറഞ്ഞു. എഴുത്തശ്ശന്‍ ചെന്നു നോക്കിയപ്പോള്‍ ചാമിയാണ്.

' എന്താടാ നിന്‍റെ തോര്‍ത്തില് ' അയാള്‍ ചോദിച്ചു.

' തൊവരയ്ക്കയാണ് ' ചാമി പറഞ്ഞു.

' നല്ലോണം വേവുണ ചേന പറിച്ചതുണ്ട്. അതും തുവരമണീം കൂടി മിഴുക്ക് പുരട്ടി ഉണ്ടാക്കാന്‍ പറ. ഇന്ന് ഉച്ചയ്ക്ക് ഉണ്ണാന്‍ ഒരാളും കൂടീണ്ട് '.

' ആരാ വന്നിരിക്കിണത് '.

' അതൊക്കെ പറയാടാ. നീ അത് കൊണ്ടുക്കൊടുത്ത് എളുപ്പം വാ '.

ചാമി നാണു നായരുടെ വീട്ടിലേക്ക് നടന്നു.

'ഉമ്മറത്ത് നല്ല തണുവുണ്ട് ' രക്കന്‍ പറഞ്ഞു ' വെയിലിന്‍റെ ചൂട് അറിയിണില്ല '.

' ഇത് പട്ടപ്പുര ആയിരുന്നു ' എഴുത്തശ്ശന്‍ പറഞ്ഞു ' അപ്പൊ വീട്ടിന്‍റെ ഉള്ളിലും അസ്സല് തണുപ്പുണ്ടായിരുന്നു. ഇന്നാളാണ് മേപ്പുര പൊളിച്ച് ഓടിട്ടത് '.

' പണ്ടത്തെ ഞങ്ങടെ കൂട്ടക്കാരുടെ ചാള ഓര്‍മ്മീണ്ടോ. അധികം ഉയരം ഉണ്ടാവില്ല. ഉമ്മറത്തിന്ന് നോക്കിയാല്‍ വാതില്‍ക്കല് നിക്കുന്നോരെ കൂടി കാണില്ല. എന്നാലും ഒരു ഗുണം ഉണ്ട്. ഇടിയും മഴയും കാറ്റും വെയിലും ഒന്നും ചാളടെ ഉള്ളില്‍ അറിയില്ല. പോരാഞ്ഞിട്ട് അകത്ത് എപ്പഴും നല്ല തണുവായിരിക്കും '.

' അത് നിലത്തിന്‍റെ ഗുണം കൊണ്ടാണ് '.

' അധികം ആള്‍ക്കാരും നിലം ചാണകം മെഴുകും. ചിലര് ചുണ്ണാമ്പ് നീറ്റിയതും ചിരട്ടക്കരീം കൂടി കലക്കി ഒഴിച്ച് മിനുസ്സൂള്ള കല്ലോണ്ട് ഉരച്ച് മിനുപ്പിക്കും. കാവി ഇടുന്നോരും ഉണ്ട് '.

' ഒക്കെ പോയി അല്ലേടാ രക്കാ '.

' സിമിന്‍റ് വന്നതോടെ എല്ലാം മാറി. സിമിന്‍റിട്ട നിലത്തില് ചവിട്ടി നടന്നിട്ട് മനുഷ്യന് വാത കടച്ചില് മാറിയ നേരം ഇല്ല '.

' കാലം മാറുമ്പൊ കോലൂം മാറും. അല്ലാണ്ടെന്താ '.

വിമാനത്തിന്‍റെ ശബ്ദം അകലെ നിന്ന് കേട്ടു തുടങ്ങി.


4 comments:

  1. ആദ്യം തന്നെ മുപ്പത്തിനാലാം വിവാഹവാർഷികത്തിനു് ആശംസകൾ. (അവിടെ എഴുതിയാൽ കണ്ടില്ലെങ്കില്ലോന്നു വച്ചാണ് ഇവിടെ എഴുതിയതു്). ജീവിതത്തിൽ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടാവട്ടെ.

    അപ്പോൾ നോവൽ കഴിയാറായി ഇല്ലേ? ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  2. ഒരു നാടിന്റെ കഥ കൂടി ആണല്ലോ ഇത് !! പലതും എനിക്ക് കേട്ടറിവുണ്ട്, ചിലത് കണ്ടും.
    ആശംസകള്‍!!

    ReplyDelete
  3. Typist, എഴുത്തുകാരി,

    ആദ്യം ആശംസകള്‍ക്ക് നന്ദി പറയുന്നു.
    നോവല്‍ കഴിയാറായി. അടുത്ത ഭാഗങ്ങള്‍ ഓരോന്നായി പോസ്റ്റ് ചെയ്യാം.

    ഞാന്‍ : ഗന്ധര്‍വ്വന്‍ ,

    ശരിയാണ്. ഈ നോവല്‍ , കടന്നു പോയ കാലഘട്ടത്തിലെ കര്‍ഷകരുടെ ജീവിതത്തിന്‍റെ പ്രതിബിംബം ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

    ReplyDelete
  4. ' നെല്ലിന്‍റെ വിളഞ്ഞ കതിര് മുറിച്ച് ഉഴിഞ്ഞ വള്ളിടെ ഒപ്പം നാക്കിലയില്‍ വെച്ച് പണിക്കാരന്‍ പടിക്കല്‍ കൊണ്ടു വന്നു വെക്കും . അവിടെ വെച്ച് നാളികേരം ഉടച്ച് കതിരില്‍ വെള്ളം ഒഴിക്കും . നിലവിളക്ക് കത്തിച്ച് പിടിച്ച് വീട്ടുകാരി മുമ്പില്‍ നടക്കും. കാരണോര് നാക്കില തലയിലേറ്റി ഒപ്പം നടക്കും. അതിന്‍റെ പിന്നാലെ എല്ലാരും കൂടി നിറ നിറ പൊലി പൊലി എന്നും പറഞ്ഞ് കതിര് വീട്ടിന്‍റെ ഉള്ളിലേക്ക് കൊണ്ടുവരും. പീഠത്തില്‍ അത് വെച്ച് പൂജിക്കും. വാതിലില്‍ അരിമാവുകൊണ്ട് അണിയും. എന്നിട്ട് ഒരോ കതിര്ചാണകം വെച്ച് ഒട്ടിക്കും ' എഴുത്തശ്ശന്‍ വിവരിച്ചു ' അതുപോലെ ചെറു പുത്തിരീം വലിയ പുത്തിരീം ഉണ്ടാവും '.
    ഇതൊക്കെ എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ കണ്ടിട്ടുണ്ട്. നിരകതിര്‍ക്കുല കെട്ടി തൂക്കുന്നതും പക്ഷെ ഇപ്പോള്‍ അതൊന്നുമില്ല..
    നഷ്ടസ്മുതിയുടെ വേദന...
    എന്റെ കല്യാണം കഴിഞ്ഞത് 1978 മാര്‍ച്ച്‌ 12 നു ആയിരുന്നു...വൈകി ആണെങ്കിലും എട്ടന് ഈ അനിയത്തിയുടെ ആശംസകള്‍.

    ReplyDelete