Sunday, January 23, 2011

നോവല്‍ - അദ്ധ്യായം - 119.

കൊയ്ത്ത് തുടങ്ങിയ ശേഷം എഴുത്തശ്ശനും ചാമിയും കളപ്പുരയില്‍ ഇരിക്കാറേ ഇല്ല.

' അവന്‍റെ മുഖം കാണുമ്പോള്‍ എനിക്ക് സങ്കടം വരും ' എഴുത്തശ്ശന്‍ ചാമിയോട് പറയും. ' അതാണ് ഞാന്‍
കഴിവതും കളപ്പുരയില്‍ ഇരിക്കാത്തത് '.

കാലത്തെ ഭക്ഷണം കഴിച്ച് ഇരുവരും പോയിരുന്നു. പത്രം നോക്കി കഴിഞ്ഞ വേണു എന്താണ് ചെയ്യേണ്ടത്
എന്ന ആലോചനയിലായി. അമ്മാമ നാണുമാമയുടെ വീട്ടിലുണ്ടാവും. അവിടെ ചെന്നാല്‍ നാട്ടുവിശേഷങ്ങള്‍ കേള്‍ക്കാം. ഗേറ്റ് ചാരി വെച്ച് വേണു ഇറങ്ങി.

നാണു നായരുടെ വീടിന്‍റെ വേലിക്കല്‍ എത്തിയപ്പോള്‍ സരോജിനി തോട്ടികൊണ്ട് മുരിങ്ങയില വലിക്കാന്‍
ശ്രമിക്കുന്നത് കണ്ടു.

' അമ്മാമ വന്നിട്ടുണ്ടോ ' അയാള്‍ ചോദിച്ചു.

' ഇല്ല '.

' നാണുമാമയോ '.

' അച്ഛന്‍ രാവുത്തരുടെ കൂടെ വീട് പണി നോക്കാന്‍ പോയി '.

വേണു പോവാനൊരുങ്ങി. നാലടി വെച്ചു കഴിഞ്ഞപ്പോഴാണ് സരോജിനിയെ മുരിങ്ങയില വലിക്കാന്‍
സഹായിക്കണമെന്ന് തോന്നിയത്. അതോടെ തിരിച്ച് പോന്നു.

' എന്തിനാ മുരിങ്ങയില '.

' അത് പരുപ്പും കൂട്ടി കൂട്ടാന്‍ വെക്കാന്ന് നിരീച്ചു. തോട്ടി നീളം പോരാ. എത്തിണില്ല '.

' ശരി. തോട്ടി ഇങ്ങോട്ട് തരൂ. ഞാന്‍ നോക്കട്ടെ '.

മുരിങ്ങയുടെ കൊമ്പുകള്‍ കൊഴുക്കനെ മുകളിലേക്ക് പോയിരിക്കുകയാണ്. വേണുവിനും അത് എത്തില്ല.

' അമ്മാമയുടെ അടുത്ത് കോണിയുണ്ടോന്ന് ചോദിക്കട്ടെ. അതില്‍ കേറി നിന്നാല്‍ എത്തും '.

' മൂപ്പര് ഇന്നാള് ഒരു മുളടെ കമ്പ് കൊണ്ടു വന്നു. അത് വെച്ചു കേറി ഇടിച്ചക്ക ഇട്ടുതന്നു. അതുണ്ട് ഇവിടെ '.

' എന്നാല്‍ അതിങ്ങോട്ട് എടുക്കു '.

വീടിന്‍റെ പുറക് വശത്തു നിന്ന് സരോജിനി ഒരു മുളങ്കമ്പ് എടുത്തു കൊണ്ടു വന്നു. എട്ടുപത്തടി നീളത്തില്‍
നല്ല വണ്ണമുള്ള ഒരു മുളക്കഷ്ണം. മുള്ള് ആഞ്ഞെടുക്കുമ്പോള്‍ എട്ടിഞ്ചോളം നീളത്തില്‍ കുറ്റികള്‍ ബാക്കി വെച്ചിട്ടുണ്ട്. കിണര്‍ കുഴിക്കുമ്പോള്‍ ഇത്തരത്തിലുള്ള മുളങ്കമ്പ് വെച്ചാണ് കിണറില്‍ ഇറങ്ങുക.

' അമ്മാമ ഇതില്‍ കയറിയാണോ ചക്ക പൊട്ടിച്ചത് ' വേണു ചോദിച്ചു.

' അതെ. മൂപ്പര് മിനുട്ട് വെച്ച് കേറി ചക്കയിട്ടു '.

എന്നാല്‍ അതൊന്ന് പരീക്ഷിക്കണമെന്ന് വേണു ഉറപ്പിച്ചു. സരോജിനി മുരിങ്ങയുടെ തടിയില്‍ മുളക്കഷ്ണം
ചാരി വെച്ചു. വേണു മുണ്ട് മാടി കുത്തി കയറി തുടങ്ങി. അത്ര വലിയ പ്രയാസമൊന്നുമില്ല കയറുവാന്‍.

' വേണ്വോട്ടന്‍ സൂക്ഷിച്ച് കയറണേ ' സരോജിനി പറഞ്ഞു.

' പേടിക്കണ്ടാ. ഞാന്‍ മുരിങ്ങയുടെ തടീല്‍ പിടിച്ചിട്ടുണ്ട് ' വേണു പറഞ്ഞു ' ഇനി ആ തോട്ടി ഇങ്ങോട്ട് തരൂ '.

സരോജിനി വേണുവിന്ന് തോട്ടി കൈമാറി. അയാള്‍ മുകളിലേക്ക് നോക്കി പതുക്കെ തോട്ടി ഉയര്‍ത്തി.
ഇപ്പോള്‍ മുരിങ്ങയിലകള്‍ ആകാശത്തിന്‍റെ കവിളില്‍ തലോടുന്നത് കാണാം.

താഴെ വീഴുന്ന ചില്ലക്കമ്പുകളില്‍ നിന്നും മുരിങ്ങയിലകൊത്തുകള്‍ സരോജിനി പൊട്ടിച്ചെടുത്തു.

' മതി വേണ്വോട്ടാ ' സരോജിനി പറഞ്ഞു ' കൂട്ടാന് ഇതൊക്കെ ധാരാളം മതി '.

' ആ കാണുന്ന കുനുന്ത് കൂടി പൊട്ടിക്കാം '.

വേണു തോട്ടി ആ കൊമ്പില്‍ കൊരുത്ത് ഒറ്റ വലി. കൊമ്പ് താഴെ വെച്ച് ഒടിഞ്ഞു കീഴോട്ട് പതിച്ചു. ആ പരിഭ്രമത്തില്‍ വേണു നിന്ന നില്‍പ്പില്‍ ഒന്നിളകി. മുളങ്കമ്പ് ചെരിഞ്ഞു. അതോടൊപ്പം വേണുവും നിലം
പതിച്ചു.

' അയ്യോ വേണ്വോട്ടാ ' സരോജിനി നിലവിളിച്ചു. അവള്‍ വേണുവിന്‍റെ അടുത്തേക്ക് ഓടി ചെന്ന് അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

' പേടിക്കണ്ടാ. ഞാന്‍ എഴുന്നേറ്റോളാം '. കൈകള്‍ നിലത്ത് ഊന്നി അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
വലത്തേ കാല്‍ അനങ്ങുന്നില്ല. പണ്ട് മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഒടിഞ്ഞ കാലാണ്. വല്ലാത്ത
വേദന തോന്നുന്നു.

' ഇത്തിരി വെള്ളം തരൂ ' അയാള്‍ പറഞ്ഞു. സരോജിനി കൊണ്ടുവന്ന വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.

' വേണ്വോട്ടന്ന് എണീക്കാന്‍ വയ്യേ ' സരോജിനി കരയുമെന്ന മട്ടിലാണ്.

' കാലിന്ന് നല്ല വേദന ' അയാള്‍ നിരങ്ങി ചെന്ന് മുരിങ്ങത്തടിയില്‍ ചാരി ഇരുന്നു.

' എന്താ ചെയ്യണ്ട് '.

' ആരേയെങ്കിലും വിളിയ്ക്കൂ '.

സരോജിനി കരഞ്ഞുംകൊണ്ട് ഓടിപ്പോയി. ചാമിയാണ് ആദ്യം എത്തിയത്. പുറകെ എഴുത്തശ്ശനും
നാണുനായരും രാവുത്തരും. ഒടുവിലായി സരോജിനിയും പണിക്കാരും.

' മുതലാളി, എന്തേ പറ്റിയത് ' ചാമിയുടെ ശബ്ദം പതറിയിരുന്നു.

' മുരിങ്ങയില പൊട്ടിക്കുമ്പോള്‍ കൊമ്പ് അടിയോടെ പൊട്ടി. പിടുത്തം വിട്ട് മുളയുടെ ഒപ്പം വീണു. കാല് അനക്കാന്‍ വയ്യാ '.

' കുപ്പായത്തില്‍ ചോര ആയിരിക്കുന്നു '.

വേണു നോക്കുമ്പോള്‍ ഷര്‍ട്ട് ചോരയില്‍ മുങ്ങിയിട്ടുണ്ട്.

' ആ കുപ്പായം വലിച്ച് ഊരടാ ' എഴുത്തശ്ശന്‍ ചാമിയോട് പറഞ്ഞു.

' വരിപ്പള്ളേല് ചക്ക പൊളിയിണ പോലെ പൊളിഞ്ഞിട്ടുണ്ട് ' ഷര്‍ട്ട് ഊരി നോക്കിയിട്ട് ചാമി പറഞ്ഞു.

എഴുത്തശ്ശന്‍ മുറിവ് പരിശോധിച്ചു.

' കമ്മ്യൂണിസ്റ്റ് ചെടിടെ ഇല പിഴിഞ്ഞ് ചാറ് ഒറ്റിക്ക്. മുറിവ് കരിയും ' അയാള്‍ നിര്‍ദ്ദേശിച്ചു.

' അത് വേണ്ടാ. നല്ല നീറലുണ്ടാവും ' നാണു നായര്‍ ഇടപെട്ടു ' കളപ്പുരടെ കഴിക്കോലില്‍ മുളമ്പിലാശി
ഉണ്ടാവും. അത് പറ്റിച്ചാല്‍ മതി '.

പണിക്കാരി പെണ്ണുങ്ങള്‍ മുളമ്പിലാശി തിരഞ്ഞ് പോയി.

' എന്തിനേ വേണൂ നീ ഈ വേണ്ടാത്ത പണിക്ക് പോയത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' അവനെയല്ല കുറ്റം പറയണ്ടത്, ഈ കുരുത്തം കെട്ടോളെ വേണം പറയാന്‍. മിണ്ടാണ്ടെ പോണ ഇവനെ
വിളിച്ച് മുരിങ്ങ്യേല്‍ കയറ്റേണ്ട വല്ല ആവശ്യം ഉണ്ടോ ഇവള്‍ക്ക് ' നാണു നായര്‍ കുറ്റം മകളുടെ മേല്‍
കെട്ടിവെക്കാന്‍ ശ്രമിച്ചു.

' എന്തിനാ നാണുമാമേ ആ കുട്ടിയെ കുറ്റം പറയുന്നത്. അവള്‍ പറഞ്ഞിട്ടൊന്ന്വല്ല ഞാന്‍ മുരിങ്ങയില വലിക്കാന്‍ കയറിയത് '.

' എന്തിനും ഏതിനും അച്ഛന്ന് എന്നെ കുറ്റം പറയാനല്ലേ അറിയൂ ' എന്നും പറഞ്ഞ് സരോജിനി കണ്ണീരൊപ്പി.

' വേണ്വോ, മെല്ലെ എണീക്ക് ' എഴുത്തശ്ശന്‍ പറഞ്ഞു ' നമുക്ക് കളപ്പുരയിലേക്ക് പോവാം '.

' എനിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാ. കാലിന് എന്തോ പറ്റീന്ന് തോന്നുന്നു '.

കാര്യത്തിന്‍റെ ഗൌരവം അപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലാവുന്നത്.

' ആ പത്മിനിയമ്മ കെട്ടാല്‍ ഒന്നും പറയില്ല ' എന്ന് നാണു നായര്‍ ആദ്യമേ പറഞ്ഞു.

' അതല്ലല്ലോ പ്രധാനം. നമുക്ക് എന്തെങ്കിലും ചികിത്സ നോക്കണ്ടേ ' എന്നായി എഴുത്തശ്ശന്‍.

' ഞാന്‍ വേഗം ചെന്ന് കാറ് വിളിച്ചിട്ട് വരാം ' മക്കു രാവുത്തര്‍ സൈക്കിളില്‍ കൈവെച്ചു ' പാലക്കാട്ടെ നല്ല ഡോക്ടറുടെ അടുത്ത് കാണിക്കണം '.

' അതൊന്നും വേണ്ടാഹേ ' നാണുനായര്‍ പറഞ്ഞു ' മുട്ടികുളങ്ങര എണ്ണ വാങ്ങി തോരെ തോരെ പുരട്ട്യാല്‍
മതി. ഉളുക്കിനും ഒടിവിനും അതില്‍ കവിഞ്ഞ് വേറൊന്നൂല്യാ '.

' മിണ്ടാണ്ടിരിക്കിന്‍. ആദ്യം അവനെ കുളപ്പുരേലിക്ക് കൊണ്ടു പോവാം ' എഴുത്തശ്ശന്‍ പറഞ്ഞതോടെ അതിനായി ശ്രമം. ചാമിയും മക്കു രാവുത്തരും വേണുവിന്‍റെ രണ്ട് വശത്തും പിടിച്ചു. ഒറ്റക്കാലില്‍ വേണു
കളപ്പുരയിലേക്ക് അടിവെച്ച് നീങ്ങി.

തിണ്ടില്‍ തുണി വിരിച്ച് വേണുവിനെ കിടത്തി.

' എനിക്ക് മുമ്പന്നെ തോന്നിയ ഒരു കാര്യം പറയട്ടെ ' നാണു നായര്‍ പറഞ്ഞു ' കളപ്പുരടെ മുമ്പില് ആല
കെട്ട്യേത് ശരിയായില്ല. പുരടെ മുഖം മറഞ്ഞ് വല്ലതും കെട്ടാന്‍ പാട്വോ. സ്ഥാനം നോക്കാതെ ഓരോന്ന് ഉണ്ടാക്കിയാല്‍ ഇത് മാതിരി കെടുതല പറ്റും '.

' കേള്‍ക്കുമ്പൊ എനിക്ക് ദേഷ്യം വരുന്നുണ്ട്. എത്ര കൊല്ലായി ആല അവിടെ ഉണ്ടായിട്ട്. മരക്കൊമ്പ് പൊട്ടി വേണു വീണതും അതും കൂടി നിങ്ങള് കൂട്ടി കെട്ടണ്ടാ ' എഴുത്തശ്ശന്‍ കൂട്ടുകാരനെ ശാസിച്ചു. ' ഇനി എന്താ വേണ്ടത് ' എന്ന് വേണുവിനോട് ചോദിക്കുകയും ചെയ്തു.

' മേനോനെ വിവരം അറിയിക്കണം. അദ്ദേഹം എന്താ വേണ്ടത് എന്ന് നിശ്ചയിക്കട്ടെ ' വേണു പറഞ്ഞു.

' മൂപ്പര് ഇപ്പൊ എവിട്യാ ഉണ്ടാവ്വാ ' രാവുത്തര്‍ ചോദിച്ചു.

' എവിടേം പോയില്ലെങ്കില്‍ വീട്ടില്‍ ഉണ്ടാവും. കണ്ടാല്‍ കാര്യം പറയിന്‍ ' എഴുത്തശ്ശന്‍ ഏല്‍പ്പിച്ചു.

മക്കുരാവുത്തര്‍ സൈക്കിളില്‍ കയറി.

' കിട്ടുണ്ണി മാഷടെ അടുത്ത് വിവരം പറയണോ ' നാണു നായര്‍ ചോദിച്ചു.

' എന്തിനാ വെറുതെ ' എന്ന് വേണു ചോദിച്ചെങ്കിലും എഴുത്തശ്ശന്‍ സമ്മതിച്ചില്ല. വിവരം അറിയിക്കാനായി
ചാമി ഓടി.

വെളുത്ത മുളമ്പ്ലാശി പറ്റിച്ചതോടെ ചോര ഒഴുകുന്നത് നിന്നു. പണിക്കാരികള്‍ പാടത്തേക്ക് മടങ്ങി.

' കുട്ട്യേ, ഇത്തിരി കുടിക്കാനുണ്ടാക്ക് ' എഴുത്തശ്ശന്‍ സരോജിനിയോട് പറഞ്ഞു. അവള്‍ കണ്ണും തുടച്ച് അകത്തേക്ക് നടന്നു. ചെറു ചൂടില്‍ കാപ്പി ഊതി കുടിച്ചപ്പോള്‍ വേണുവിന്ന് അല്‍പ്പം സുഖം തോന്നി.

' കിട്ടുണ്ണി മാഷടെ വീട് പൂട്ടിയിട്ടുണ്ട്. അവര് എങ്ങിട്ടെങ്കിലും പോയിട്ടുണ്ടാവും ' ചാമി തിരിച്ചെത്തി
വിവരം അറിയിച്ചു.

വെള്ളപ്പാറ കടവില്‍ കാര്‍ നിന്നതും മേനോനും സ്വാമിനാഥനും ഇറങ്ങി കളപ്പുരയിലേക്ക് കുതിച്ചു,

' എന്ത് പറ്റി ' മേനോന്‍ വേണുവിന്‍റെ കയ്യില്‍ പിടിച്ചു.

' സംസാരിച്ചു നിന്ന് വൈകിക്കണ്ടാ. വേഗം ആസ്പത്രിയിലേക്ക് പോണം ' സ്വാമിനാഥന്‍ ധൃതി കൂട്ടി.

' നടത്തി കൊണ്ടു പോണ്ടാ ' മേനോന്‍ പറഞ്ഞു ' ഒരു കമ്പിളി തൂക്ക് ഉണ്ടാക്കി കിടത്തിക്കൊണ്ട് പോവാം '.

അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുമ്പോഴേക്കും രാവുത്തരും എത്തി.

' അമ്മാമ ബുദ്ധിമുട്ടണ്ടാ ' മേനോന്‍ പറഞ്ഞു ' ഞാനും സ്വാമിനാഥനും പോകാം. സഹായത്തിന്ന് ചാമിയും
രാവുത്തരും വന്നോട്ടേ '.

വേണുവിനെ കയറ്റി കാര്‍ നീങ്ങി. അത് മറയുന്നത് വരെ എല്ലാവരും നോക്കി നിന്നു.

+++++++*******+++++++*******

വൈകുന്നേരം ആവുമ്പോഴേക്ക് വേണു ആസ്പത്രിയില്‍ നിന്ന് തിരിച്ചെത്തി. കാലില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. മുറിവില്‍ പറ്റിച്ച മുളമ്പിലാശി കളഞ്ഞ് ഡ്രസ്സ് ചെയ്തിരിക്കുന്നു.

' കുറച്ച് ദിവസത്തേക്ക് കാല് അനക്കാന്‍ പാടില്ല ' മേനോന്‍ പറഞ്ഞു ' റെസ്റ്റ് എടുക്കണം '.

' ഭഗവാന്‍ സഹയിച്ചിട്ട് ഇത്രയല്ലേ വന്നുള്ളു ' എഴുത്തശ്ശന്‍ പറഞ്ഞു ' അനങ്ങാതെ ഒരു ദിക്കില് അവന്‍
കിടന്നോട്ടെ. നോക്കണ്ട കാര്യം ഞങ്ങളായി '.

' ഇനി ഞാന്‍ പോണൂ ' കുറെ നേരം ഇരുന്നതിന്ന് ശേഷം സ്വാമിനാഥന്‍ എഴുന്നേറ്റു.

' ഇത്ര നേരം ആയില്യേ. അമ്പലത്തില്‍ ചെന്ന് വിളക്ക് കണ്ടിട്ട് പോയാല്‍ പോരേ ' എന്ന് നാണു നായര്‍
ചോദിച്ചു.

' ഞാനും വരുന്നുണ്ട് ' എഴുത്തശ്ശന്‍ പറഞ്ഞു ' വേണൂന് അധികം ഒന്നും പറ്റണ്ടിരിക്കാന്‍ ഞാന്‍ അയ്യപ്പന് പത്തുറുപ്പിക നേര്‍ന്നിട്ടുണ്ട്. അത് നടക്കല്‍ വെക്കണം '.

മൂന്ന് പേരും പോയതോടെ വേണുവിന്‍റെ അടുത്ത് മേനോന്‍ മാത്രമായി. ചാമി കറ്റ മെതിക്കുന്നവരുടെ അടുത്താണ്.

' വേണൂ. ആറാഴ്ച അനങ്ങാതെ കിടപ്പല്ലേ. പത്മിനിയമ്മയുടെ അടുത്തേക്ക് പോണോ ' മേനോന്‍ ചോദിച്ചു.

' എന്തിനാ അവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നത്. വിവരം അറിയിച്ചാല്‍ പോരേ '.

' എന്നാല്‍ വക്കീലിന്ന് ഞാന്‍ ഫോണ്‍ ചെയ്ത് വിവരം പറയാം. ഭേദമാവുന്നത് വരെ ഞാന്‍ കൂടെ ഉണ്ടാവും. മകരവിളക്കിന്ന് പോണോ എന്ന് ആലോചിച്ചതാ. ആ പരിപാടി മാറ്റി '.

തൊഴാന്‍ പോയവര്‍ തിരിച്ചെത്തി.

' ഞാന്‍ ചെന്ന് ഈ തുണിയൊക്കെ മാറ്റിയിട്ട് വേഗം വരാം ' എന്നും പറഞ്ഞ് മേനോന്‍ എഴുന്നേറ്റു. അയാള്‍ സ്വാമിനാഥന്‍റെ കൂടെ പോയി.

മുറ്റത്ത് ചാമി പതമ്പ് അളക്കാന്‍ തുടങ്ങി. അളന്ന നെല്ല് പെണ്ണുങ്ങള്‍ അകത്ത് കൊണ്ടു ചെന്ന് ഇടുന്നതും
നോക്കി എഴുത്തശ്ശന്‍ നിന്നു.

4 comments:

  1. നന്നായിട്ടുണ്ട്‌...വായനതുടരുന്നു ....കാത്തിരിക്കുന്നു...

    ReplyDelete
  2. നന്ദി. അടുത്ത അദ്ധ്യായങ്ങള്‍ ഉടനെ പബ്ലിഷ് ചെയ്യും.

    ReplyDelete
  3. ആ പാവത്താന്‍ വീണ്‌കിടന്നാല്‍ ആരുണ്ട്‌ നോക്കാന്‍ സുഹൃത്തുക്കള്‍ അല്ലാതെ...

    ReplyDelete