Saturday, January 8, 2011

നോവല്‍ - അദ്ധ്യായം - 115.

' ഇത്ര ദിവസം ഇവിടെ താമസിച്ചിട്ട് തിരുവാതിര ആയിട്ട് വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ പാടില്ല ' തിരിച്ച് പോവുന്ന കാര്യം വേണു പറഞ്ഞതും പത്മിനി എതിര്‍ത്തു ' തിരുവാതിര ആയിട്ട് ഒരു വഴിക്ക് പോയാല്‍
പോയ ആള്‍ മടങ്ങി വരില്ലാന്നാ പാറയാറ്. തിരുവാതിര തീക്കനല് പോലെയാണ് '.

' അതേ ഓപ്പോളേ ' വേണു പറഞ്ഞു ' ഞാന്‍ ദൂര ദിക്കിലേക്ക് ഒന്നും അല്ലല്ലോ പോവുന്നത്. നാല് ദിവസം
കഴിഞ്ഞാല്‍ തിരിച്ച് വരും ചെയ്യും '.

' അതൊന്നും പറ്റില്ലാ ' എന്ന് പത്മിനി തറപ്പിച്ചു പറഞ്ഞെങ്കിലും വേണു പോവാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.

തലേന്ന് രാത്രി കണ്ട സ്വപ്നം അയാളുടെ മനസ്സിലുണ്ട്. അമ്മാമയും ചാമിയും ദുഃഖിച്ചത് എന്തിനാണാവോ. ചിലപ്പോള്‍ കുറെ ദിവസങ്ങളായി പിരിഞ്ഞ് താമസിക്കുന്നതുകൊണ്ടാവണം . അല്ലെങ്കിലും സ്വപ്നത്തില്‍
കാണുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ.

' ഇന്ന് താന്‍ പോവുന്നില്ല എന്ന് പത്മിനി പറഞ്ഞല്ലോ ' ബാഗുമെടുത്ത് വേണു വന്നപ്പോള്‍ വക്കീല്‍ ചോദിച്ചു.

' ചില അത്യാവശ്യ കാര്യങ്ങളുണ്ട് ' വേണു പറഞ്ഞു ' നാല് ദിവസത്തിന്നുള്ളില്‍ ഞാന്‍ വരും '.

പത്മിനിയോടും അയാള്‍ അതുതന്നെ പറഞ്ഞു.

' പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇനി നിന്‍റെ ഇഷ്ടം പോലെ ചെയ്തോ ' അവര്‍ ആ വിഷയം അവസാനിപ്പിച്ചു.

വേണു എത്തുമ്പോഴേക്കും വെയില്‍ മൂത്തു കഴിഞ്ഞിരുന്നു. കയ്യിലെ ബാഗിനും കനമുണ്ട്. അതും ചുമന്ന് വെള്ളപ്പാറ കടവിലെത്തുമ്പോഴേക്കും അയാള്‍ ക്ഷീണിച്ചു.

' മുതലാളി അവിടെ നിന്നോളിന്‍ ' അക്കരയില്‍ നിന്ന് ചാമിയുടെ ശബ്ദം കേട്ടു. നോക്കുമ്പോള്‍ ചാമി ഓടി വരുന്നു. വേണു ബാഗും വെച്ച് കാത്ത് നിന്നു.

' ഇന്നലെ കിടന്നപ്പൊ ഞാന്‍ മുതലാളിയെ കിനാവ് കണ്ടു ' ചാമി പറഞ്ഞു ' അപ്പൊ തന്നെ വിചാരിച്ചു ഇന്ന് എത്തുംന്ന് '.

സ്വപ്നത്തിലും കൂടി നമ്മളൊന്നാണ് എന്ന് വേണു മനസ്സിലോര്‍ത്തു.

' ആ മൊട്ടച്ചി അമ്മ്യാര് വന്നിട്ടുണ്ട് ' ചാമി പറഞ്ഞു ' തമ്പുരാനെ കാണാന്‍ പറ്റാതെ പോവണ്ടി വര്വോ എന്നു പറഞ്ഞ് കഴിഞ്ഞതേയുള്ളു '.

കളപ്പുരയില്‍ എഴുത്തശ്ശനും നാണുനായരും പാര്‍വതി അമ്മാളും സംസാരിച്ചിരിപ്പാണ്.

' തമ്പുരാനെ കാണാതെ പോവേണ്ടി വരും എന്ന് ദുഃഖിച്ചിരുന്നതാ ' അമ്മാള്‍ പറഞ്ഞു ' ആ സങ്കടം തീര്‍ന്നു '.

' അതല്ലേ ഞാന്‍ എത്ത്യേത് '.

വേണു ബാഗ് അകത്തു വെച്ച് തിരിച്ചെത്തി.

' എന്നാ ഇങ്ങോട്ട് താമസം മാറ്റുന്നത് ' അയാള്‍ ചോദിച്ചു.

' അത് പറയാന്‍ വന്നതാണ് ' പാര്‍വതി അമ്മാള്‍ പറഞ്ഞു ' ഞാന്‍ ഇങ്ങോട്ട് വരുന്നില്ല '.

' എന്തേ '.

പാര്‍വതി അമ്മാള്‍ പറഞ്ഞു തുടങ്ങി. സ്വന്തം ഗ്രാമത്തിലെ ഒരാളാണ് രാമസ്വാമി. പറഞ്ഞു വരുമ്പോള്‍ ചെറിയൊരു ബന്ധം ഉണ്ട്. വെപ്പുപണിയാണ് അദ്ദേഹത്തിന്‍റെ തൊഴില്‍. ഭാര്യക്ക് വാതം പിടിച്ചപ്പോള്‍
അവരെ ഒറ്റക്ക് വിട്ട് പണിക്ക് പോവാന്‍ പറ്റിയില്ല. ഒരു വീടുണ്ടായിരുന്നത് ചികിത്സയ്ക്ക് വേണ്ടി വിറ്റു.
ഇപ്പോള്‍ രോഗത്തിന്ന് കുറവുണ്ടെങ്കിലും പണി ചെയ്യാനൊന്നും വയ്യ. അതുകൊണ്ട് വീട്ടു പണികളും
സ്വാമി തന്നെ ചെയ്യണം. വേണച്ചാല്‍ മഠത്തില്‍ എന്‍റെ കൂടെ താമസിച്ചോളാന്‍ ഞാന്‍ പറഞ്ഞു. അവര്‍ക്ക്
വലിയ സന്തോഷമായി.

പലഹാരം ഉണ്ടാക്കി നടന്നു വില്‍ക്കലാണ് സ്വാമിയുടെ ഇപ്പോഴത്തെ പണി. പുലര്‍ച്ചെ നാല് മണിക്ക്
എണീറ്റ് പലഹാരപ്പണി തുടങ്ങും. സ്റ്റീലിന്‍റെ രണ്ട് വലിയ തൂക്കുപാത്രം ഉണ്ട്. ഒന്നില്‍ ലഡ്ഡു, ജിലേബി, മൈസ്സൂര്‍പ്പാവ്. അപ്പം ഒക്കെ വെക്കും. മറ്റേതില്‍ മുറുക്ക്, ഉഴുന്നു വട, പരിപ്പ് വട, ബോണ്ട, ബജ്ജി ഒക്കെ നിറയ്ക്കും. പാലക്കാട് അങ്ങാടീല് പത്തര പതിനൊന്ന് മണിക്കെത്തും. രണ്ട് മണിയാവുമ്പോഴേക്കും
എല്ലാം വില്‍ക്കും. വീട്ടു സാമാനങ്ങളും അടുത്ത ദിവസത്തെ പലഹാര പണിക്കുള്ള സാധനങ്ങളും വാങ്ങി
നാല് മണിക്ക് തിരിച്ചു വരും. ഞാന്‍ ചോറുണ്ടാക്കും. മുറുക്ക് ചുറ്റി കൊടുക്കും. ആരുടെ മുമ്പിലും കൈ നീട്ടിപോണ്ടാ എന്നാ എന്നോട്പറഞ്ഞത്. ഞാന്‍ വാടകയൊന്നും വാങ്ങാറില്ല. എന്‍റെ ചിലവ് കഴിഞ്ഞാല്‍
പോരേ. തുണയ്ക്ക് ആളും ആയി.

' അത് നന്നായി ' എഴുത്തശ്ശന്‍ പറഞ്ഞു ' എവിടെ ആയാലും സന്തോഷായി കഴിഞ്ഞാല്‍ മതി '.

' എന്‍റെ കാലം കഴിഞ്ഞാല്‍ മഠം അവര് എടുത്തോട്ടെ ' പാര്‍വതി അമ്മാള്‍ പറഞ്ഞു നിര്‍ത്തി.

' നമ്മള് വിചാരിക്കുന്നത് പോലെ വല്ലതും നടക്ക്വോ ' നാണു നായര്‍ പറഞ്ഞു ' മോളില്‍ ഒരാള് ഇരിക്കുണുണ്ട്. കാളടെ കയറും ചാട്ടക്കൊട്ടീം ആ മൂപ്പരുടെ കയ്യിലാണ്. എങ്ങോട്ട് തിരിച്ച്വോ അങ്ങട്ട് നമ്മളൊക്കെ തിരിയും '.

' എന്നെ മകനായിട്ട് കണ്ടോളൂ എന്നാ തമ്പുരാന്‍ പറഞ്ഞത്. ഞാന്‍ പെറ്റിട്ടില്ല. എന്നാലും അന്നു മുതല് ഞാന്‍
അങ്ങിനെയാണ് കാണുന്നത്. എന്‍റേല് കൊടുക്കാനായിട്ട് ഒന്നും ഇല്ല. ഇതേ തരാനുള്ളു '. പാര്‍വതി അമ്മാള്‍ സഞ്ചിയില്‍ നിന്ന് ഒരു പൊതിയെടുത്ത് വേണുവിന്‍റെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി തുറന്നു. കുറച്ച് ലഡ്ഡുവും മൈസൂര്‍പ്പാവും ആയിരുന്നു അതിനകത്ത്.

എല്ലാ കണ്ണുകളിലും ഉറവ പൊട്ടി.

' എപ്പോഴെങ്കിലും ഈ വഴിക്ക് വരണേ ' നാണു നായരുടെ ശബ്ദം ഇടറിയിരുന്നു.

' എന്താ സംശയം. തമ്പുരാനെ കാണണംന്ന് തോന്നുമ്പൊ ഞാന്‍ വരും ' അവര്‍ എഴുന്നേറ്റു വേണുവിന്‍റെ മുമ്പില്‍
നിന്നു. അവരുടെ കൈകള്‍ അയാളുടെ ശിരസ്സില്‍ വെച്ചു.

' ഈശ്വരന്‍ കൂടെ ഉണ്ടാവും ' അവര്‍ പറഞ്ഞു ' കണ്ണില്‍ തട്ടേണ്ടത് പുരികത്തില്‍ തട്ടി പോവും ' .

സഞ്ചിയുമായി പാര്‍വതി അമ്മാള്‍ നടന്നു. വെള്ളപ്പാറ കടവും കേറി അവര്‍ മറയുന്നത് എല്ലാവരും നോക്കി നിന്നു.

**************************************

' വെയിലാറിയിട്ട് ഇറങ്ങിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ഇയാള്‍ ഒറ്റ ആളുടെ പൊരിച്ചിലാണ് കാരണം ' എഴുത്തശ്ശന്‍ അരികത്തുള്ള പനയുടെ നിഴലിലേക്ക് മാറി നിന്നു.

വെള്ളപ്പാറ കടവിന്ന് തൊട്ടപ്പുറത്ത് പൊളിഞ്ഞു കിടക്കുന്ന ഭഗവതിയുടെ തറ നന്നാക്കണം എന്ന ഒരേയൊരു വാശിയിലാണ് നാണു നായര്‍.

' ചെയ്യാണ്ടിരിക്കാന്‍ പറ്റില്ല ' അയാള്‍ പറഞ്ഞിരുന്നു ' മകര ചൊവ്വക്ക് ഊട്ട് നടത്തിയിരുന്നത് മുടങ്ങിയിട്ട്
എത്ര കാലായി. ആ പെണ്ണുങ്ങള്‍ എന്നെ കാണുമ്പോഴൊക്കെ ചോദിക്കും. മറുപടി പറഞ്ഞ് മടുത്തു '.

' അവിടെ എന്തെങ്കിലും ചെയ്ത് പൂജ നടത്തണം. മുമ്പ് ചക്കരക്കള്ള് ഒഴിച്ച് പായസം വെച്ചിട്ടുണ്ടായിരുന്നു. ഇപ്പൊ ആ സാധനം കണി കാണാനില്ല. കുടിക്കാനേ നാട്ടില്‍ കള്ളില്ല. പിന്നെ എങ്ങിനെ ചക്കരക്കള്ള് കിട്ടും '
എന്നും പറഞ്ഞ് ചാമി ആ കാര്യത്തില്‍ തനിക്കുള്ള താല്‍പ്പര്യം അറിയിച്ചിരുന്നു.

തകര്‍ന്ന് കിടന്നിരുന്ന കരിങ്കല്ലു തറ കൂടെയുള്ളവര്‍ പരിശോധിക്കുന്നതും നോക്കി എഴുത്തശ്ശന്‍ പനച്ചോട്ടില്‍ ഇരുന്നു. വേണു കളപ്പുരയിലാണ്. നല്ല ഉറക്കത്തിലായത് കാരണം അവനെ വിളിച്ചില്ല. അവന്‍ പറഞ്ഞ കാര്യം
നാണു നായരോട് പറഞ്ഞിട്ടില്ല. അതിന്ന് മുമ്പ് ഒന്നു കൂടി അവനോട് ചോദിക്കണം. എഴുത്തശ്ശന്‍ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂരെ നിന്ന് മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു.

രാധാകൃഷ്ണന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി.

' എന്താ എല്ലാവരും കൂടി ഇവിടെ ' അയാള്‍ ചോദിച്ചു.

' ഒരു അമ്പലം പണി ചെയ്ത് കഴിഞ്ഞു. അടുത്തത് നോക്കാനിറങ്ങിയതാണ് ' രാജന്‍ മേനോന്‍ പറഞ്ഞു.

' കുട്ടി എങ്ങോട്ടാ ' നാണു നായരാണ് ചോദിച്ചത്.

' മുത്തശ്ശനെ കാണണം. ഒരു കാര്യം പറയാനുണ്ട് '.

രാധാകൃഷ്ണന്‍ എഴുത്തശ്ശന്‍ ഇരിക്കുന്ന പനചുവട്ടിലേക്ക് ചെന്നു.

' മുത്തശ്ശനെ കാണാന്‍ വന്നതാണ് ' അയാള്‍ പറഞ്ഞു.

' എന്താ വിശേഷിച്ച് '.

' ഒഴിവോടെ കുറച്ച് പറയാനുണ്ട്. നമുക്ക് പുരയിലേക്ക് നടന്നാലോ '.

വെള്ളപ്പാറ കടവ് ഇറങ്ങി രണ്ടാളും നടന്നു.

' മുത്തശ്ശാ ' രാധാകൃഷ്ണന്‍ വിളിച്ചു ' എനിക്കൊരു കല്യാണാലോചന ആയിട്ടുണ്ട് '.

അയാള്‍ വിശദവിവരങ്ങള്‍ പറഞ്ഞു തുടങ്ങി. പെണ്‍കുട്ടി ടീച്ചറാണ്. കാണാന്‍ നന്ന്. നല്ല കുടുംബം. അച്ഛന്‍ താസില്‍ദാരായിരുന്നു. അമ്മ എല്‍. പി. സ്കൂള്‍ ടീച്ചറും. ഒരു ആങ്ങളയുള്ളത് റെയില്‍വെ ഉദ്യോഗസ്ഥന്‍. പണ്ടേക്ക് പണ്ടേ കൃഷിയും തെങ്ങിന്‍ തോട്ടവും ഒക്കെയുണ്ട്. ആരും ദൂഷ്യം പറയില്ല.

' ജാതകം നോക്ക്യോ ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഉവ്വ്. എട്ട് പൊരുത്തം ഉണ്ട്. കൂട്ടുദശ ഇല്ല '.

' നീ ചെന്ന് കാണ്വേണ്ടായോ '.

' ഇല്ല. മുത്തശ്ശന്‍റെ അനുഗ്രഹം വാങ്ങീട്ടാവാം എന്ന് വെച്ചിട്ടാണ് '.

ആ പറഞ്ഞത് എഴുത്തശ്ശന്‍റെ മനസ്സില്‍ കൊണ്ടു. വിവരക്കേട് കാരണം മുമ്പ് കാലത്ത് കുരുത്തദോഷം
കുറച്ചൊക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവന്‍ അങ്ങിനെയൊന്നുമല്ല. മുത്തശ്ശന്‍ വേണ്ടപ്പെട്ട
ആളാണെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.

' എങ്ങിനേയാ ഈ ആലോചന വന്നത് '.

' ഒരു പരിചയക്കാരന്‍ കൊണ്ടു വന്നതാ. അയാള്‍ക്ക് ആ കുടുംബത്തെ പറ്റി നന്നായിട്ട് അറിയും '.

' അത് നന്നായി. ദല്ലാള് വല്ലോരും കൊണ്ടു വന്നതാണെങ്കില്‍ നന്നായി അന്വേഷിക്കണം. ഇല്ലാത്തതൊക്കെ
അവര് കൂട്ടി പറയും '.

' നമുക്ക് ഇവിടെ നിന്നാല്‍ പോരെ. കളപ്പുരേല് വേണു കിടന്ന് ഉറങ്ങ്വാണ് ' നെല്ലി ചുവട്ടില്‍ എത്തിയപ്പോള്‍ എഴുത്തശ്ശന്‍ പറഞ്ഞു. ഇരുവരും തണലില്‍ നിന്നു.

' എന്താ മുത്തശ്ശന്‍റെ അഭിപ്രായം '.

' ഞാനെന്താ പറയണ്ട്. നിനക്ക് കല്യാണപ്രായം ഒക്കെ ആയി. എപ്പഴായാലും വേണം. സമയത്ത് നടന്നാലെ അതിനൊക്കെ ഒരു ചെതം ഉണ്ടാവൂ ' എഴുത്തശ്ശന്‍ പറഞ്ഞു തുടങ്ങി ' പിന്നെ ഒരു കാര്യം എന്നും മനസ്സില്‍
ഉണ്ടാവണം '.

അയാള്‍ പകുതിക്ക് വെച്ച് നിര്‍ത്തി.

' എന്താ നിര്‍ത്തിയത്. എന്താണച്ചാലും പറയൂ '.

' മുത്തശ്ശന്‍ കുറ്റം പറഞ്ഞൂന്ന് തോന്നരുത്. നിന്‍റെ അച്ഛന്ന് പറ്റിയ തെറ്റ് നിനക്ക് പറ്റാതെ നോക്കണം '.

രാധാകൃഷ്ണന്‍ ശ്രദ്ധിച്ചു നിന്നു.

' എനിക്ക് പഠിപ്പും വിവരൂം ഒന്നും ഇല്ല. എങ്കിലും പറഞ്ഞ് തര്വാണ്. എന്തിനും ഒരു അതിരുണ്ട്. അത് മീറി പോവുമ്പഴാ അബദ്ധം ആവുന്നത്. കല്യാണം കഴിച്ച പെണ്ണിനെ സ്നേഹിക്കണം. എന്നുവെച്ച് തലേലേറ്റിക്കൊണ്ട് നടക്കാന്‍ പാടില്ല. അങ്ങിനെ ചെയ്താല്‍ പിന്നെ കെട്ടിയവന് ഒരു നിലേം വിലേം ഇല്ലാണ്ടാവും. നിന്‍റെ
അച്ഛന്ന് പറ്റിയ തെറ്റ് അതാണ് '.

കാര്യങ്ങളൊക്കെ തനിക്ക് മനസ്സിലായിട്ടുണ്ടെന്നും മുത്തശ്ശന്‍ പറഞ്ഞു തന്നത് പ്രകാരം ജീവിക്കാമെന്നും
രാധാകൃഷ്ണന്‍ സമ്മതിച്ചു.

' ഞാന്‍ പൊയ്ക്കോട്ടെ ' അയാള്‍ ചോദിച്ചു.

എഴുത്തശ്ശന്‍ കളപ്പുരയിലേക്കും രാധാകൃഷ്ണന്‍ വെള്ളപ്പാറ കടവിലേക്കും നടന്നു.

മോട്ടോര്‍ സൈക്കിളിനടുത്തേക്ക് മേനോന്‍ ചെന്നു.

' അമ്മാമ എന്താ പറഞ്ഞത് '.

രാധാകൃഷ്ണന്‍ എല്ലാം പറഞ്ഞു.

' ഈ ആലോചന കൊണ്ടു വന്നത് ഞാനാണെന്ന് പറഞ്ഞില്ലല്ലോ ' മേനോന്‍ ചോദിച്ചു.

' ഇല്ല '.

' എല്ലാം അറിഞ്ഞിട്ട് ഞാന്‍ പറയാതിരുന്നതായി അമ്മാമയ്ക്ക് തോന്നരുത്. പേരക്കുട്ടി നേരിട്ട് പറയുന്ന സന്തോഷം ഞാന്‍ പറഞ്ഞാല്‍ ഉണ്ടാവില്ല. അതാണ് '.

' ഞാന്‍ പൊയ്ക്കോട്ടെ അങ്കിള്‍ '.

രാധാകൃഷ്ണന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. മെറ്റലിട്ട പാതയിലൂടെ അത് ഓടി മറഞ്ഞു.

5 comments:

  1. 114, 115 അധ്യായങ്ങളും വായിച്ചു. നോവല്‍ തീരാറായല്ലൊ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം. കഥാപാത്രങ്ങളെല്ലാം സജീവമായി മനസ്സിലുള്ളത് കൊണ്ടാവാം. അടുത്ത നോവല്‍ ഇതു തീരുന്നതിനു മുന്‍പു തന്നെ പ്രസിദ്ധീകരിച്ചു തുടങ്ങു.

    ReplyDelete
  2. അതെ വായിക്കാന്‍ നല്ല രസമുണ്ട്.ഒഴുക്കോടെ എഴുതിയിരിക്കുന്നു..

    ReplyDelete
  3. രണ്ടു ഭാഗങ്ങളും ഒന്നിച്ചു വായിച്ചു. ഒരു നോവല്‍ എഴുതാന്‍ തുടങ്ങി അത് സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്ന അങ്ങയുടെ dedication നിസ്തുലം. പലരും നോവല്‍ തുടങ്ങി രണ്ടു മൂന്നു ഭാഗങ്ങള്‍ ആവുമ്പോഴേക്കും നിന്ന് പോകുന്നു. ആശംസകള്‍!!

    ReplyDelete
  4. രാജഗോപാല്‍,

    ഇനി കുറച്ച് അദ്ധ്യായങ്ങളേ ഉള്ളു. അത് കഴിഞ്ഞ് മനസ്സ് ഒന്ന് ഈ നോവലിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് മാറണം. എന്നിട്ട് അടുത്ത നോവല്‍. ത്രെഡ് മനസ്സിലുണ്ട്.

    ummujazmine,
    അടുത്ത അദ്ധ്യായങ്ങള്‍ ഉടനെ വായിക്കാറാവും.

    ഞാന്‍ : ഗന്ധര്‍വ്വന്‍ ,
    മനസ്സ് നിറയെ കഥകളാണ്. അത് പകര്‍ത്താനുള്ള വിഷമമേയുള്ളു.

    ReplyDelete
  5. അങ്ങനെ പാര്‍വതി അമ്മാലും രക്ഷപ്പെട്ടു...രാധാകൃഷ്ണനും നന്നായി.

    ReplyDelete