Tuesday, January 4, 2011

നോവല്‍ - അദ്ധ്യായം - 113.

' എന്താണ്ടാ ചാമ്യേ, നീ വെതറ് കടി പിടിച്ചപോലെ നടക്കിണത് ' രാവിലെ കളപ്പുരയില്‍ നിന്ന് വീട്ടില്‍ പോയി
തിരിച്ചെത്തിയ ശേഷം ചാമിയെ അസ്വസ്ഥനായിട്ടാണ് എഴുത്തശ്ശന്‍ കണ്ടത്.

' ഒന്നൂല്യാ ' അവന്‍ പറഞ്ഞു.

' അല്ല. എന്തോ ഉണ്ട്. നിന്‍റെ പരുങ്ങല് കണ്ടാല്‍ എനിക്കറിയില്ലേ '.

' കയ്യില്‍ ഇത്തിരി കാശ് ഉണ്ടായിരുന്നത് ' അവന്‍ പറഞ്ഞു ' മാമന്‍ മരിച്ച വിവരം പറയാന്‍ വന്നവന്‍റെ കയ്യില്‍
ബന്ധുമ കൊടുത്തയച്ചു '.

' ആരാ, കോമ്പ്യാണോടാ ചത്തത് '.

' തെന്നെ '.

' അവന്‍റെ കെട്ട്യോളല്ലേ ഇന്നാള് ചത്തത്. അന്ന് നീ ബന്ധുമ കൊടുത്തില്ലേ '.

' കൊടുത്തു ' ചാമി പറഞ്ഞു ' കോമ്പിയപ്പന്‍ മരിച്ച് മറദാനം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടാണ് പറയാന്‍ ആള് വന്നത്. നമ്മടെ മര്യാദയ്ക്ക് കയ്യിലുള്ളത് കൊടുത്തു. ആകപ്പാടെ കാണാന്‍ ഒരാളേ അവിടെ ഉണ്ടായിരുന്നുള്ളു.
അത് പോയാല്‍ പിന്നെ ആരെ കാണാനാ പോണത്. അതോണ്ട് ഞാന്‍ പോയില്ല '.

' അവസരം വല്ലതും നടത്ത്വോ '.

' കേമായിട്ട് നടത്തുണൂന്നാ പറഞ്ഞത്. ഇരിക്കുമ്പൊ നാഴി വെള്ളത്തിന്ന് ഉപകാരം ഇല്ലാത്ത മക്കള് ചത്തിട്ട് അവസരം നടത്താഞ്ഞിട്ടാണ് '.

' അത് ശരി. പിന്നെ എന്തിനാ നിനക്ക് ഇപ്പൊ കാശ് '.

' ഒരാള് വയ്യാണ്ടെ കെടക്കിണുണ്ട്. ഡോക്ടറെ കാട്ടാനാണ് '.

' ആരാടാ ആള് '.

ചാമി ഒന്ന് പരുങ്ങി.

' ഞാന്‍ അറിയാന്‍ പാടില്ലാത്ത ആളാണോ '.

' വക്കാണിക്കരുത് ' ചാമി പറഞ്ഞു ' കാളുക്കുട്ടി ദീനം വന്ന് കിടക്ക്വാണ് '.

' ആ തേവിടിശ്ശിക്ക് വയ്യെങ്കില്‍ നിനക്കെന്താ. നാട്ടിലെ സര്‍വ്വ ആണുങ്ങളും കേറി നിരങ്ങിയ പെണ്ണാ അവള്.
അവര്‍ക്കൊന്നും ഇല്ലാത്ത തിക്കുമുട്ട് നെനക്കെന്തിനാ '.

' എന്നാലും അവളുക്ക് ആരൂല്യാത്താ '.

' ആ പൊലയാടിയെ തന്നെ ശുശ്രൂഷിക്കാന്‍ ചെല്ലണോടാ '.

' അവള് മോശക്കാരിയാണ്. സമ്മതിച്ചു. പക്ഷെ ഈ ഞാനോ. എന്നെപ്പോലെ ഒരു തെമ്മാടിയെ നടന്ന നാട്ടില്
കാണാന്‍ കിട്ട്വോ. എന്തൊക്കെ തപ്പ് ഞാന്‍ കാട്ടി കൂട്ടീട്ടുണ്ട്. അതൊക്കെ നോക്കുമ്പൊ അവള് പാവാണ്.
പിന്നെ നോക്കാനാളില്ലാത്തതോണ്ട് അവള് ഇങ്ങിന്യായി. എന്നാലും ആരക്കെങ്കിലും കെടുതല വരുണതൊന്നും
അവള് ചെയ്തിട്ടില്ല. പിന്നെ അവളുടെ കൂടെ ഞാനും കുറെ കഴിഞ്ഞിട്ടുള്ളതാ. അത് മറക്കാന്‍ പാടില്ല '.

അതോടെ എഴുത്തശ്ശന് ഉത്തരം മുട്ടി.

' നിനക്ക് എത്ര പണം വേണം ' അയാള്‍ ചോദിച്ചു.

' ഒരു ഇരുന്നൂറ് ഉറുപ്പിക ഉണ്ടാവ്വോ '.

എഴുത്തശ്ശന്‍ പണം നല്‍കി.

' കായ വെട്ടി വിറ്റതിന്‍റെ പണം കിട്ടാനുണ്ട് ' ചാമി പറഞ്ഞു ' കിട്ട്യേതും തരാം '.

' ഞാന്‍ ചോയ്ച്ചില്ലല്ലോ. നീ ചെന്ന് എന്താ വേണ്ടത്ച്ചാല്‍ ചെയ്തിട്ട് വാ '.

എഴുത്തശ്ശന്‍ ചാമി പോവുന്നതും നോക്കി ഇരുന്നു. ഇവനെ എനിക്ക് മനസ്സിലാവിണില്യാ എന്ന് അയാള്‍ ഓര്‍ത്തു.
കാര്യം കഴിഞ്ഞതും മൂടും തട്ടി ആളുകള്‍ ഇറങ്ങി പോവുന്നതാണ് പതിവ്. ആ സ്ഥാനത്ത് ഇവന്‍. പുറമേക്ക് മുരടനാണെങ്കിലും അവന്‍റെ ഉള്ള് നിറയെ നന്മയാണ്.

കളപ്പുരയില്‍ ഒറ്റയ്ക്ക് കുറച്ച് നേരം ഇരുന്നപ്പോള്‍ മടുപ്പ് തോന്നി. ചാമി എപ്പോഴാണോ മടങ്ങി എത്തുക. അമ്മിണിയമ്മയ്ക്കും മക്കുരാവുത്തര്‍ക്കും വീടിന്‍റെ ചുമര്‍ കെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന്
പണിയുന്നത് നോക്കി നില്‍ക്കണോ, അതോ നാണു നായരുടെ വീട്ടില്‍ ചെന്ന് അയാളോടൊപ്പം വര്‍ത്തമാനം പറഞ്ഞുക്കൊണ്ടിരിക്കണോ എന്നതായി സംശയം. ഒടുവില്‍ പണി സ്ഥലത്തേക്ക് നടന്നു.

കെട്ടാന്‍ വേണ്ട സിമന്‍റ് മട്ടി കൂട്ടാനും, ചെങ്കല്ലുകള്‍ എടുത്തുകൊടുക്കാനും അമ്മിണിയമ്മയുടെ മരുമകന്‍
പണിക്കാരോടൊപ്പമുണ്ട്.

' ഇങ്ങിനെ വേണം ചെറുപ്പക്കാരായാല്‍ ' എഴുത്തശ്ശന്ന് ആ ചെറുപ്പക്കാരനില്‍ മതിപ്പ് തോന്നി.

' എടോ മോന്‍ നിന്നെ ഞാന്‍ എന്താ വിളിക്കണ്ടത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' അപ്പാപ്പന്‍ എന്നെ പോളേ എന്ന് വിളിച്ചൊ. മുഴുവന്‍ പേര് പറയാന്‍ നല്ല പാടാ '.

' എന്നാലേ പോളേ കെട്ടാനുള്ള ചെങ്കല്ല് നല്ലോണം നനച്ച് കൊടുക്കാന്‍ പറ ' എഴുത്തശ്ശന്‍ പറഞ്ഞു ' വറ
വറാന്നുള്ള കല്ലില്‍ ശരിക്ക് മട്ടി പിടിക്കില്ല. പിന്നീട് വിള്ളല്‍ വരും '.

' ഉവ്വ്. നോക്കുന്നുണ്ട് ' ചെറുപ്പക്കാരന്‍ പറഞ്ഞു ' ഇരിക്കാന്‍ ഒരു സ്റ്റൂള് കൊണ്ടു വരട്ടെ '.

' വേണ്ടാ ' എന്ന് പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. വണ്ടിപ്പുരയില്‍ നിന്ന് സ്റ്റൂളെത്തി.

' കറണ്ടിന് എഴുതി കൊടുക്കണം. ഇപ്പൊ കൊടുത്താലേ വീടാവുമ്പോഴേക്കും കമ്പിയും കാലും വരൂ '.

' അങ്ങിനെ ചെയ്യാന്‍ പാടില്ല ' മരുമകന്‍ പറഞ്ഞു ' ഓഫീസിന്ന് ആള്‍ക്കാര് നോക്കാന്‍ വരുമ്പോള്‍ വയറിങ്ങ്
തീര്‍ന്നിരിക്കണം '.

ജോലിയും നോക്കി ഇരുന്ന് സമയം പോയതറിഞ്ഞില്ല. ചാമി വന്നപ്പോഴാണ് അറിയുന്നത്.

' എന്താണ്ടാ അവളുടെ സൂക്കട് ' എഴുത്തശ്ശന്‍ ചോദിച്ചു.

' മഞ്ഞ കാമാലയാണെന്നാ പറഞ്ഞത്. മരുന്നും തന്നു '.

' അതാണെച്ചാല്‍ ഒരു മരുന്നും വേണ്ടാ ' എഴുത്തശ്ശന്‍ പറഞ്ഞു ' മഞ്ഞകാമാല ഊതി ഇറക്കും. ഊതാന്‍ അറിയിണ
വല്ലോരുക്കും കാണിക്ക്. അല്ലെങ്കിലോ കീഴാര്‍ നെല്ലി നന്നായി അരച്ച് പാലില്‍ ചേര്‍ത്ത് കൊടുക്ക്. വേണച്ചാല്‍
ഓരോ ഗ്ലാസ്സ് ആട്ടുകോവാലീം കൊടുത്തോ. സൂക്കട് പറക്കണ വഴി അറിയില്ല '.

' ഈ ആട്ടുകോവാലി എന്ന് പറഞ്ഞാല്‍ എന്താ ' പോളിന് അത് അറിയില്ല.

' ആടിന്‍റെ മൂത്രം. നല്ല മരുന്നാണ്. സൂക്കട് മാറുമ്പൊ ആടിന്‍റെ ഈരല് വാങ്ങി ഉപ്പും കുരുമുളകും ഇട്ട് വേവിച്ച്
കൊടുത്താല്‍ മതി, പൂ തെളിയുന്ന മാതിരി ദേഹം തെളിയും '.

അതെല്ലാം ചെയ്യണമെന്ന് ചാമി ഉറപ്പിച്ചു. ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന കാളുക്കുട്ടിയെ ചികിത്സിക്കാന്‍ കൊണ്ടു പോവാനായി ചെന്ന തന്നെ നോക്കി ' ആരും വന്നില്ലെങ്കിലും നിങ്ങള് വരും
എന്ന് ഉറപ്പുണ്ടായിരുന്നു ' എന്ന് അവള്‍ പറഞ്ഞതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും ചാമി ഒരു
തവണ കൂടി മനസ്സില്‍ കണ്ടു.

' എന്താ കൂട്ടരേ, ഇന്ന് ഉണ്ണലൊന്നും ഇല്ലേ ' എന്നും ചോദിച്ച് നാണു നായര്‍ എത്തി.

**************************************************

' കുപ്പ്വോച്ചോ. ഇക്കുറീത്തെ കൊയ്ത്ത് കഴിഞ്ഞാല്‍ എന്താ ചെയ്യണ്ട് ' പാടം നോക്കി വരുമ്പോള്‍ ചാമി ചോദിച്ചു.

' എന്താണ്ടാ നീ ഒരു പുതുമ പറയിണ് ' എഴുത്തശ്ശന്‍ ചോദിച്ചു ' കൊയ്ത്ത് കഴിഞ്ഞതും വൈക്കോല്‍ പണി. പാടത്ത് ഓതം ഉണ്ടെങ്കില്‍ രണ്ട് ചാല് പൂട്ടിക്കണം. പിന്നെ ചാണകം കടത്തിക്കണം. കുറച്ച് നെല്ല് പുഴുങ്ങണം. അല്ലാണ്ടെന്താ '.

' അതല്ല ഞാന്‍ ചോയ്ച്ചത്. ഒരു അടമാറീല് പള്ളം വെച്ചാലോ '.

' നല്ല കാര്യാണ്. ആരേക്കൊണ്ടാ മല്ലുക്കെട്ടാന്‍ ആവ്വാ '.

പണിയുടെ കാര്യം താന്‍ നോക്കാമെന്ന് ചാമി ഉറപ്പ് നല്‍കി.

' ഒരു കാര്യം ആദ്യം തന്നെ പറയാം. കണ്ണിക്കണ്ട സള്‍ഫേറ്റൊന്നും ഇടാന്‍ പാടില്ല '.

' തോണ്ടപ്പിണ്ണാക്ക് ഇട്ടാലോ '.

' അതും വേണ്ടാ. ഒന്നാമത് കായക്ക് രുചി ഉണ്ടാവില്ല. പിന്നെ മുറിച്ച് വെച്ചാലോ വളുവളുക്കനെ കേടായി
പോവും '.

നനയ്ക്കാന്‍ പമ്പ് സെറ്റുണ്ട്. അത് വേണ്ടെന്ന് എഴുത്തശ്ശന്‍ പറഞ്ഞു.

' കാറ്റും വെയിലും കൊണ്ട് അത് പുഴമ്പള്ളേല് ഇടാന്‍ പാടില്ല. ഏത്തം പൂട്ട്യാല്‍ മതി '.

തേക്കുകൊട്ട കേട് വന്നിട്ടുണ്ട്. അത് ആശാരിയെക്കൊണ്ട് നന്നാക്കിക്കാമെന്ന് ചാമി ഏറ്റു.

' ഏത്തം വെച്ചിട്ട് വേണം എനിക്ക് കുറെ നേരം വെള്ളം തേകാന്‍ ' എഴുത്തശ്ശന്‍ പറഞ്ഞു ' മിണ്ടാണ്ടെ തീനും
കഴിഞ്ഞ് ഇരുന്നിട്ട് മേലൊക്കെ വേദനിക്കാന്‍ തുടങ്ങി '.

' മത്തന്‍, കുമ്പളം, വെള്ളരി, പിന്നെ വേണച്ചാല്‍ കയ്പ്പീം പടവലൂം മതി. അത് പോരെ '.

' വെണ്ടീം വഴുതിനീം കൂടി ആയാലോ '.

' എന്തൊക്ക്യാ വേണ്ടത് എന്ന് നീ തന്നെ നിശ്ചയിച്ചോ '.

ചേരിന്‍ തണലില്‍ അവര്‍ നിന്നു. വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടു തുടങ്ങി.

5 comments:

  1. നന്നായിയിട്ടുണ്ട്..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..പുതുവര്‍ഷാശംസകള്‍!

    ReplyDelete
  2. മണ്ണിനോടും കൃഷിയോടും നാട്ടുവൈദ്യത്തോടും ബന്ധവുമില്ലാത്ത ഒരു ജോലിയിൽ ഏറെക്കാലമിരുന്നിട്ടും തന്മയത്വത്തോടെ നാടൻ കൃഷിരീതികളോടും ഒറ്റ മൂലി ചികിത്സകളെയും കുറിച്ച് എഴുതുന്നത് അത്ഭുതത്തോടെയാണു വായിക്കുന്നത്.

    ReplyDelete
  3. വായിക്കുന്നുണ്ട്. ഇതില്‍ പറയുന്നത് മിയ്ക്കതും ഞാന്‍ കേട്ടിട്ടുള്ളതാണ്.
    ആശംസകള്‍!!

    ReplyDelete
  4. Jazmikkutty,
    അടുത്ത ഭാഗം പ്രസിദ്ധീകരിക്കുന്നുണ്ട്. പുതുവത്സരാശംസകള്‍.

    രാജഗോപാല്‍,
    കേട്ടറിവാണ് ഇതെല്ലാം.

    ഞാന്‍ : ഗന്ധര്‍വന്‍ ,
    വളരെ നന്ദി. പുതുവത്സരാശംസകള്‍.

    ReplyDelete
  5. ആടിന്‍റെ മൂത്രം. നല്ല മരുന്നാണ്. സൂക്കട് മാറുമ്പൊ ആടിന്‍റെ ഈരല് വാങ്ങി ഉപ്പും കുരുമുളകും ഇട്ട് വേവിച്ച്
    കൊടുത്താല്‍ മതി, പൂ തെളിയുന്ന മാതിരി ദേഹം തെളിയും '.ithu aadyam kelkkuvaanu.
    iviteyum oru vimaanam vannu..

    ReplyDelete