Monday, December 13, 2010

നോവല്‍ - അദ്ധ്യായം - 108.

'എവിടേക്കാ കുട്ട്യേ നീ വാതിലും പൂട്ടീട്ട് പോയത്, വേലി കെട്ടുന്ന ഇടത്തിന്ന് ഇത്തിരി മുതു ചായ്ക്കാന്ന് വിചാരിച്ച് വന്നതാ ' നാണു നായര്‍ കയറി വന്നതും മകളോട് ചോദിച്ചു ' നിന്ന് മടുത്തപ്പൊ നേരെ കളപ്പുരടെ തിണ്ടില് ചെന്ന് കിടന്നു '.

' ഞാന്‍ പുത്തന്‍ പുരേല് വാരസ്യാരുടെ അടുത്ത് ഉണ്ടായിരുന്നു ' സരോജിനി പറഞ്ഞു ' വീട്ടിലെ വെപ്പും
പണീം കഴിഞ്ഞാല് ഞങ്ങള് പെണ്ണുങ്ങളൊക്കെ കൂടി അവിടെ കൂടാന്ന് വെച്ചിട്ടുണ്ട്. എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ '.

' നിങ്ങളുടെ മഹിളാ സമാജം എന്ന് പറ '.

' ഒന്നാന്തരം സ്വഭാവാണ് വാരസ്യാരുടെ. പുരാണം ഒക്കെ നല്ല നിശ്ചംണ്ട് '.

' അത് ശരി. അപ്പൊ എല്ലാരും കൂടി കഥയും പുരാണവും ആയിട്ടിരിക്ക്യാല്ലേ '.

' അച്ഛന്‍ അമ്പലത്തിന്‍റെ ചുറ്റോടും തെച്ചീം തുളസീം വെച്ചത് കണ്ട്വോ. ഒക്കെ അവര് വെച്ചതാ '.

' ചൊട്ടച്ചാണ് നീളേ ഉള്ളൂച്ചാലും അവര് ഒരു മിനുട്ട് മിണ്ടാണ്ടിരിക്കില്ല. എപ്പൊ നോക്ക്യാലും എന്തെങ്കിലും
പണി ചെയ്യുണത് കാണാം '.

' അമ്പല കുളത്തിന്ന് വെള്ളം കൊണ്ടുവന്നിട്ടാ ചെടികള് നനക്കിണത്. വല്യേ കുടത്തില്‍ വെള്ളം ഏറ്റാന്‍
അയമ്മക്ക് പറ്റില്ലല്ലോ. ചെറിയ ബക്കറ്റില്‍ എത്ര പ്രാവശ്യം ഏറ്റീട്ട് വരണം. ഞങ്ങള് ഈ രണ്ട് കുടം വെള്ളം
കൊണ്ടു വന്ന് കൊടുക്കും. ഒരു സഹായം ആയിക്കോട്ടേ '.

' അതൊക്കെ നല്ലതന്നെ. ഇപ്പൊ അമ്പല മുറ്റം അസ്സല് വൃത്തിയായിട്ടുണ്ട് '.

' അല്ലെങ്കിലും നല്ല വൃത്തീം വെടിപ്പും ഉണ്ട് അയമ്മയ്ക്ക്. പൂവ്വ് പറിക്കാന്‍ ഞങ്ങളൊക്കെ കൂടും. തുളസിലോ മറ്റൊ കൂമന്‍ തുപ്പിയത് കണ്ടാല്‍ അത് എടുക്കാന്‍ സമ്മതിക്കില്ല '.

' ഈശ്വര വിശ്വസം ഉള്ളോര് അങ്ങിന്യാണ് '.

' അവര് മാല കെട്ട്ണത് കണ്ടോണ്ട് ഇരിക്കാന്‍ തോന്നും. എന്ത് കൈ വേഗതയാണ് '.

' അത് അങ്ങിനെ ആവ്വാണ്ടിരിക്ക്യോ. അവരുടെ കുലത്തൊഴിലല്ലേ '.

' വരാന്‍ കാലത്ത് ഒരു സഞ്ചീല് കുറച്ച് പൂളക്കിഴങ്ങ് തന്നു '.

' അതിന് അവിടെ എവിട്യാ കിഴങ്ങുള്ളത് '.

' പുഴമ്പള്ളേല് പറിക്കുന്നുണ്ട്. വാരര് ചെന്ന് വാങ്ങീട്ട് വന്നതാത്രേ '.

' അടുപ്പില്‍ കനല് ഉണ്ടെങ്കില്‍ ഒന്ന് ചുടാനിട്. ബാക്കി നുറുക്കി മഞ്ഞളും ഉപ്പും കൂട്ടി പുഴുങ്ങാം '.

' കുറച്ച് പച്ചരീം കിഴങ്ങും കൂടി ആട്ടു കല്ലില്‍ അരച്ച് ഊറ്റപ്പം ചുടാന്ന് വിചാരിച്ചതാ '.

' അത് നന്നായി. അഞ്ചാറ് മുരിങ്ങടെ ഇലയും കൂടി ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂപ്പിച്ചാല്‍ നല്ല സ്വാദുണ്ടാവും '.

' അച്ഛന്ന് ഒന്ന് അടുപ്പില്‍ ഇടട്ടെ '.

സരോജിനി കിഴങ്ങ് ചുടാന്‍ അടുക്കളയിലേക്ക് പോയി. നാണു നായര്‍ ചാരു കസേലയില്‍ കിടന്നു. വീട്
പണി സമയത്ത് വേണു ആശാരിയോട് പറഞ്ഞ് ഉണ്ടാക്കി തന്നതാണ്.

നാളെ അവന്‍റെ മരുമകന്‍റെ കല്യാണമാണ്. കല്യാണത്തിന്ന് സരോജിനി വരുന്നുണ്ടോ ആവോ. ആ കാര്യം
ചോദിക്കാനും മറന്നു.

' കുട്ട്യേ ' നാണു നായര്‍ മകളെ വിളിച്ചു ' നാളെ വേണൂന്‍റെ മരുമകന്‍റെ കല്യാണം അല്ലേ. നീ പോരുണില്ലേ '.

' ഞാനില്ല ' അകത്തു നിന്നുള്ള മറുപടി പെട്ടന്നായിരുന്നു.

' നീ ഇവിടെ വാ '.

സരോജിനി എത്തി.

' എന്താ നിനക്ക് എന്‍റെ കൂടെ വന്നാല്. ഇപ്പൊ പണ്ടത്തെ മാതിരി ഒന്നും അല്ലല്ലോ. ഈശ്വരന്‍ കടാക്ഷിച്ച്
നല്ല തുണീം മണീം ഒക്കെയുണ്ട്. കയ്യും കഴുത്തും മുടക്കാന്‍ പണ്ടൂം ഉണ്ട് '.

' അച്ഛന്‍ പോയിട്ട് വന്നാല്‍ മതി '.

' മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാനും വയറ് നിറച്ച് നല്ല ഭക്ഷണം കഴിക്കാനും യോഗം വേണം '.

' ഞാന്‍ യോഗം ഇല്ലാത്തോളാണെന്ന് അച്ഛന്ന് അറിയില്ലേ '.

ആ വാക്കുകള്‍ക്ക് മുമ്പില്‍ നാണു നായര്‍ മൂകനായി.

++++++++++++++++++++++++++++++++++

വിവാഹ ദിവസം അടുക്കുന്തോറും വീട്ടില്‍ സന്ദര്‍ശകരുടേയും അതിഥികളുടേയും പ്രവാഹമായിരുന്നു. പത്മിനി എല്ലാ ദിക്കിലും ഓടി നടന്നു വന്നവരെയൊക്കെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. വിശ്വനാഥന്‍ വക്കീല്‍
പൂമുഖത്ത് വന്നവരോട് സംസാരിച്ചിരിക്കും. എത്തുന്ന ആളുകളില്‍ മിക്കവരേയും തനിക്ക് പരിചയമില്ലെന്ന് വേണുവിന്ന് മനസ്സിലായി. എങ്കിലും ബന്ധുക്കള്‍ എത്തുമ്പോള്‍ പത്മിനി വേണുവിനെ വിളിക്കും.

' ഇത് ആരാന്ന് നിനക്കറിയ്വോ വേണൂ. നമ്മടെ വേശചേച്ചിടെ മകളാണ്. ഭര്‍ത്താവിന്‍റെ കൂടെ ബോമ്പേലാ അവള്. കല്യാണത്തിന്ന് വേണ്ടി വന്നതാണ് '

എന്നോ

' പരമേശ്വരന്‍ മാമയെ നിനക്ക് ഓര്‍മ്മയുണ്ടോ. മാമടെ മൂത്ത മകനാണ്. നിന്‍റെ അതേ പേരന്നെ. വേണ്വോട്ടന്‍
ഹെഡ്മാഷ് ആയിരുന്നു '

എന്നോ ഒക്കെ പറഞ്ഞ് പരിചയപ്പെടുത്തും. വേണു ഒരു പുഞ്ചിരി തൂകി കൈ കൂപ്പി നില്‍ക്കും.

' കുട്ടീലെ അവന്‍ നാട്ടില്‍ നിന്ന് പോയതാ. വന്നിട്ട് അഞ്ചാറ് മാസേ ആയിട്ടുള്ളു. അതാ അത്ര പരിചയം
പോരാത്തത് ' എന്ന് പത്മിനി വേണുവിനെ പറ്റി പറയും.

'അപ്പൊഴേ പത്മിന്യേ നിന്‍റെ നേരെ താഴെ ഒരുത്തനുണ്ടല്ലോ, കിട്ടുണ്ണി. അവനെ ഇവിടെയൊന്നും
കാണാനില്ലല്ലൊ ' എന്ന് മുതിര്‍ന്ന ഒരു സ്ത്രീ ചോദിച്ചപ്പോള്‍ ഒന്ന് പരുങ്ങി.

' നല്ല കാലത്തേ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോണതാണ് അവന്‍റെ രീതി. വിളിക്കാനല്ലേ ഞങ്ങള്‍ക്ക്
പറ്റൂ, കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ടു വരാന്‍ പറ്റില്ലല്ലോ ' എന്നും പറഞ്ഞ് പത്മിനി ആ സംഭാഷണം
അവസാനിപ്പിച്ചു. ആ രംഗം വേണുവിന്ന് വല്ലായ്മ തോന്നിച്ചു.

' ഓപ്പോളുടെ മനസ്സില്‍ നല്ല ഖേദം ഉണ്ട് ' വേണു ഓര്‍ത്തു ' പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളു.
എന്തൊക്കെയാണെങ്കിലും ഇത്തരം ഒരു അവസരത്തില്‍ കിട്ടുണ്ണി മാറി നിന്നത് നന്നായില്ല '.

എന്നാല്‍ വേണുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കല്യാണ തലേന്നാള്‍ കിട്ടുണ്ണി എത്തി. ഉച്ച തിരിഞ്ഞ
നേരം. പന്തലില്‍ കുറച്ച് ആളുകളുണ്ട്. വേണു ഒരു കസേലയിലിരുന്ന് എല്ലാം നോക്കി കാണുകയാണ്.
അപ്പോഴാണ് കിട്ടുണ്ണി എത്തുന്നത്. വന്ന പാടെ വേണുവിന്‍റെ തൊട്ടടുത്ത കസേലയില്‍ വന്നിരുന്നു.

' വാ, അകത്ത് ചെന്ന് ഓപ്പോളേം വിശ്വേട്ടനേം കാണാം ' എന്ന് വേണു പറഞ്ഞു.

' വരട്ടെ. ഇത്തിരി കഴിഞ്ഞിട്ട് ആവാം ' കിട്ടുണ്ണി പറഞ്ഞു ' വരില്ലാ എന്ന് നിശ്ചയിച്ചതാണ്. നാളെ നാട്ടുകാര് മരുമകന്‍റെ കല്യാണത്തിന്ന് ക്ഷണിച്ചില്ലേ എന്ന് ചോദിച്ചാല്‍ നാണക്കേടാവില്ലേ. അതാ പോന്നത് '.

' അത് ഏതായാലും നന്നായി. രണ്ട് കൂട്ടര്‍ക്കും ഇനി മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരില്ലല്ലോ '.

' അവളുടെ വീട്ടില്‍ ക്ഷണിച്ചിട്ടുണ്ടോ '.

രാധയുടെ വീട്ടുകാരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വേണുവിന്ന് മനസ്സിലായി. ഓപ്പോള്‍ നേരിട്ട് ചെന്ന് ക്ഷണിച്ചുവെന്നും കുറച്ച് ദിവസമായി രാധ ഇവിടെയാണെന്നും ഉള്ള വിവരം വേണു പറഞ്ഞു.

' എന്‍റെ കെട്ടുപാട്ടില്‍ നിന്ന് ഇറങ്ങിയതല്ലേ. ഇഷ്ടം പോലെ ചെയ്തോട്ടെ. എന്തായാലും ആങ്ങളയോടുള്ള അലോഹ്യം അവളുടെ ബന്ധുക്കളോട് കാണിച്ചില്ലല്ലോ. അത് നന്നായി. ഇല്ലെങ്കില്‍ എന്നേക്കും അത് ഒരു
കുറച്ചിലായിട്ടങ്ങിനെ കിടക്കും '.

' നമുക്ക് അകത്ത് പോകാം ' വേണു പറഞ്ഞു ' വന്നിട്ട് അന്യരെ പോലെ പന്തലില്‍ തന്നെ ഇരുന്നൂന്ന് പറയിക്കരുത് '.

കിട്ടുണ്ണി എതിര്‍പ്പൊന്നും പറയാതെ വേണുവിന്‍റെ പിന്നാലെ നടന്നു. പൂമുഖത്ത് വിശ്വേട്ടനോടൊപ്പം
ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും ആണ് ഉണ്ടായിരുന്നത്.

' എന്‍റെ അളിയന്മാരാണ് ' വക്കീല്‍ പരിചയപ്പെടുത്തി.

വേണു കൈ കൂപ്പി. അതിഥികള്‍ പ്രത്യഭിവാദ്യം ചെയ്തു.

' ഞങ്ങള്‍ ഓപ്പോളുടെ അടുത്തൊന്ന് ചെല്ലട്ടെ ' വേണു പറഞ്ഞു.

കിട്ടുണ്ണിയെ കണ്ടതും പത്മിനിയുടെ മുഖത്ത് അത്ഭുതമാണ് നിഴലിച്ചത്. ഇങ്ങോട്ട് കടക്കില്ല എന്നു
പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. ഇന്നേവരെ വരികയോ ഒരു അന്വേഷണം നടത്തുകയോ ഉണ്ടായില്ല. എന്നാലും ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കാതെ എത്തിയല്ലോ.

' നീ എത്ത്യേതേ ഉള്ളൂ ' പത്മിനി കുശലം ചോദിച്ചു.

' കുറച്ച് നേരായി ' കിട്ടുണ്ണി പറഞ്ഞു ' ഞങ്ങള് വെളീല് സംസാരിച്ച് ഇരുന്നു '.

' ഞാന്‍ അറിഞ്ഞില്യാട്ടോ. വാ കാപ്പി കുടിക്കാം ' പത്മിനി ഡൈനിങ്ങ് റൂമിലേക്ക് നടന്നു. മേശപ്പുറത്ത്
പലഹാരങ്ങള്‍ പലതും നിരന്നു.

' എനിക്കൊരു ചായ മാത്രം മതി ' കിട്ടുണ്ണി പറഞ്ഞു ' ഞാന്‍ ഇതൊന്നും തിന്നാറില്ല '.

സന്ധ്യ മയങ്ങുവോളം കിട്ടുണ്ണി അവിടെ തങ്ങി. ചായ കുടിച്ച ശേഷം പന്തലില്‍ തിരിച്ചെത്തിയ അയാള്‍ അതിഥികളില്‍ പലരോടും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ ഉറക്കെയുള്ള വര്‍ത്തമാനവും എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന രീതിയും വേണു നോക്കിയിരുന്നു.

' ഇനി ഞാന്‍ ഇറങ്ങ്വാണ് ട്ടോ ' കിട്ടുണ്ണി വേണുവിനോട് പറഞ്ഞു ' നാളെ കാലത്ത് എത്താം '

' ഓപ്പോളോടും വിശ്വേട്ടനോടും പറഞ്ഞിട്ട് പോവൂ ' വേണു പറഞ്ഞു.

ഇരുവരും അകത്തേക്ക് ചെന്നു. വന്ന പ്രമുഖരില്‍ പലരും പോയിക്കഴിഞ്ഞിരുന്നു. വക്കീലും പത്മിനിയും
എന്തോ സംഭാഷണത്തിലാണ്.

' കിട്ടുണ്ണി പോവ്വാണത്രേ ' വേണു പറഞ്ഞു.

' പോവ്വേ ' പത്മിനി ചോദിച്ചു ' ഇനിയല്ലേ ഇവിടെ വേണ്ടത് '.

' ഞാന്‍ രാവിലെ നേരത്തെ എത്താം '.

' വന്ന ആള്‍ക്കാര്‍ക്കൊക്കെ കൂടി ചെറിയൊരു സദ്യടെ വട്ടം ഉണ്ടാക്കീട്ടുണ്ട്. ഊണ് കഴിച്ചിട്ട് പോയാല്‍
പോരേ '.

' എനിക്കിത്തിരി തിടുക്കം ഉണ്ട്. പിന്നെ ഞാന്‍ ഊണ് കഴിക്കുന്ന സമയം ആയിട്ടൂല്യാ '.

കിട്ടുണ്ണി ഇറങ്ങാന്‍ ഒരുങ്ങി.

' ഡ്രൈവറോട് അവിടെ കൊണ്ടു വിടാന്‍ പറയാം ' വക്കീല്‍ പറഞ്ഞു.

' വേണ്ടാ. എന്‍റെ കാറ് പുറത്ത് റോഡില് നില്‍ക്കുന്നുണ്ട് '.

കിട്ടുണ്ണി നടന്നു.

' എന്തോ കാട്ടിക്കോട്ടേ ' പത്മിനി പറഞ്ഞു ' തെളിച്ച വഴിക്ക് പോയില്ലെങ്കില്‍ പോയ വഴിക്ക് തെളിക്യാ '.

അവരുടെ ഇടയിലേക്ക് രാധ എത്തി.

' എനിക്ക് അപ്പഴും ഉറപ്പുണ്ട്, വരാതിരിക്കില്യാന്ന്. നാലാള് കൂടുന്ന ദിക്കില് ഞെളിഞ്ഞ് നില്‍ക്കാന്‍
മോഹം ഉള്ള ആളാ. പറയും പോലെ ഒറ്റപ്പെട്ട് നിക്കാനുള്ള ചങ്കൂറ്റം ഒന്നും ഇല്ല '.

' കാണിക്കുന്നത് മുഴുവന്‍ ഒരുതരം വേഷക്കെട്ടാണ് ' വക്കീല്‍ വിലയിരുത്തിയത് അങ്ങിനെയാണ്.

9 comments:

  1. പതിവുപോലെ വളരെ സ്വാഭാവികമായ അവതരണത്തിലൂടെ, ഒരു കല്യാണവീടിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ബന്ധുക്കളെ വേണുവിന് പരിചയപ്പെടുത്തുന്ന ഭാഗം നന്നായി.

    ReplyDelete
  2. ഇതുവരെയുള്ള എല്ലാ അദ്ധ്യായങ്ങളും വായിച്ചു. വളരെ നല്ല ശൈലി. ഒട്ടും മുഷിപില്ലാതേ വായികാവുന്ന ഒരു നല്ല നോവല്‍
    ഞാന്‍ അടുത്ത കാലത്ത് വായിച്ചതില്‍ വച്ചേറ്റവും നല്ല ഒരു നോവലാണ്‌. അടുത്ത അദ്ധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു

    ReplyDelete
  3. പതിവ് പോലെ നന്നായി. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
    ആശംസകള്‍!!

    ReplyDelete
  4. സുജിത്,
    രാജഗോപാല്‍,
    Nanam,
    ഞാന്‍:Njan,

    എല്ലവരേയും എന്‍റെ സന്തോഷം അറിയിക്കുന്നു. പുതിയ പോസ്റ്റുകള്‍ ഉടന്‍ പബ്ലിഷ് ചെയ്യുന്നുണ്ട്.

    ReplyDelete
  5. മാഷേ ഇവിടെ വഴിതെറ്റി വന്നു. അദ്ധ്യായം 108 - ല്‍ എത്തി നില്‍ക്കുന്ന താങ്കളുടെ നോവലാണ്‌ കണ്ടത്. തുടക്കം മുതല്‍ വായിച്ചിട്ട് അഭിപ്രായം പറയാം. ആശംസകള്‍.

    എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  6. jayarajmurukkumpuzha,

    വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് വളരെ നന്ദി.

    Asok Sadan,

    മുഴുവനും വായിച്ച് അഭിപ്രായം പറയണേ. ഫിലിം ഞാന്‍ കാണുന്നുണ്ട്.

    ReplyDelete
  7. ആളുകളെകൊണ്ട് പറയിപ്പിക്കാതെ കിട്ടുണ്ണി എത്തിയല്ലോ അത് നന്നായി..
    ഏട്ടാ കല്യാണ വീട് അസ്സലായി...

    ReplyDelete