Monday, September 6, 2010

നോവല്‍ - അദ്ധ്യായം - 91.

കയത്തം കുണ്ടിലെ പുല്‍ത്തിട്ടില്‍ വെച്ച പമ്പ് സെറ്റ് ഡീസല്‍ കുടിച്ച് പുക തുപ്പി തുടങ്ങി. പുകക്കുഴലിന്ന് മുന്നിലെ പുല്‍കൊടികള്‍ വിറ കൊണ്ടു. മേല്‍വരമ്പില്‍ ഉണ്ടാക്കിയ ചാല് വരെ നീണ്ടു കിടക്കുന്ന പൈപ്പിന്‍റെ തലയ്ക്കല്‍ നിന്നും 
വെള്ളം കുതിച്ച് ചാടുന്നത് നോക്കാന്‍ ചാമി ചെന്നു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിട്ടും വെള്ളം എത്തിയില്ല.

' കുപ്പ്വോച്ചോ, വെള്ളം വരിണില്യാ ' അവന്‍ വിളിച്ച് പറഞ്ഞു. എഴുത്തശ്ശന്‍ പമ്പ് നിര്‍ത്തി.

' ഇങ്ങിട്ട് വാ, കൊഴലില്‍ വെള്ളം ഉണ്ടാവില്ല ' അയാള്‍ പറഞ്ഞു.

ചാമി പമ്പിനടുത്ത് എത്തി.

' കുട്ടിമാളു കേട് വന്നിട്ടുണ്ടാവും ' അവന്‍ പറഞ്ഞു ' ഞാന്‍ നെറച്ച് വെള്ളം ഒഴിച്ചതാ '.

' എന്താ ഈ കുട്ടിമാളു ' വേണുവിന്ന് അത് മനസ്സിലായില്ല.

' വെള്ളത്തിന്‍റെ അടീല്‍ കെടക്കിണ മൊന്ത പോലത്തെ സാധനം ' ചാമി വിശദീകരിച്ചു.

വേണുവിന്ന് ചിരി വന്നു.

' ചാമി, അതിന്ന് ഫുട് വാള്‍വ് എന്നാണ് പറയണ്ടത് '

' എന്ത് കുന്തോ ആവട്ടെ. വെള്ളം എടുക്കാന്‍ തുടങ്ങ്യാല്‍ മതി '.

' നീ പോയി ഒരു കുട്ട ചാണകം കൊണ്ടുവാ ' എഴുത്തശ്ശന്‍ പറഞ്ഞു ' അത് വെള്ളത്തില്‍ കലക്കി വളവെള്ളം 
കൊഴലില്‍ ഒഴിച്ചാല്‍ മതി. ഏത് പമ്പും വെള്ളം എടുക്കും '.

ചാണകത്തിന്നായി ചാമി പോയി.

' നമ്മടെ കണ്ടത്തിന്‍റെ അപ്പറത്തുള്ള സ്ഥലം മുഴ്വോനും രാവുത്തര് വാങ്ങും. അയാളുടെ മക്കള്‍ക്ക് അവിടെ
പൊറ്റക്കണ്ടത്തില്‍ പുര പണിയണംന്ന് മോഹംണ്ട്. വെണ്‍മാടം വേണംന്നാ ചെക്കന്മാരുടെ മോഹം. കറണ്ട്
കിട്ട്വോന്ന് ചോദിച്ചു '.

' എന്താ കിട്ടാതെ. പുഴയുടെ അക്കരെ വരെ കറണ്ട് ഉണ്ടല്ലോ. മൂന്ന് നാല് പോസ്റ്റ് ഇട്ടാല്‍ പോരെ '.

' പറഞ്ഞ് പറഞ്ഞ് ഈ സ്ഥലം ടൌണുപോലെ ആവുംന്ന് തോന്നുണു. ഒന്നൂല്യാത്തോടത്ത് നാലഞ്ച് വീട് ആയി.
സാമിനാഥന്‍റെ വക സ്കൂള്‍ വരാന്‍ പോണു. മേനോന്‍സ്വാമി ഡോക്ടറെ കൊണ്ടുവരും ആസ്പത്രി തുടങ്ങും എന്നൊക്കെ പറയുണുണ്ട്. കറണ്ടും കൂടി വന്നാല്‍ എല്ലാം തികഞ്ഞു '.

' അങ്ങിനെയല്ലേ അമ്മാമേ ഒരോ സ്ഥലം നന്നാവുന്നത് '.

' അതേയതേ. എപ്പൊ അയ്യപ്പന്‍റെ അമ്പലം നന്നാക്കാന്‍ ഒരുങ്ങ്യോ അന്ന് ഈ സ്ഥലത്തിന്‍റെ കേട് തീര്‍ന്നു '.

ചാമി ചാണകവുമായി എത്തി. മണ്‍കുടത്തില്‍ ചാണകവെള്ളം കലക്കി കുഴല് നിറച്ചു. പമ്പ് ഓടിച്ചതോടെ വെള്ളം കുതിച്ച് ചാടി.

' ഞാന്‍ പറഞ്ഞില്ലേ. ഇത്രേള്ളു സൂക്കട്. ചാമി പറഞ്ഞ കുട്ടിമാളൂന്‍റെ ഉള്ളില് തോലിന്‍റെ ഒരു സാധനം  ഉണ്ട്. പഴകുമ്പൊ അതിന്‍റെ ശക്തി കെടും. ഒഴിച്ച വെള്ളം അടീല്‍ കൂടി ഒഴുകി പോവും ചെയ്യും .  ആരോ അതിന്ന് കണ്ടു പിടിച്ച സൂത്രാ
ഇത് '.

പൈപ്പിലൂടെ വരുന്ന പരല്‍ മത്സ്യങ്ങളെ പിടിക്കാനായി കന്ന് മേക്കാന്‍ എത്തിയ പിള്ളേര്‍ ചാലിലിറങ്ങി.

' ചാടി കളിച്ച് ചാലിന്‍റെ തിണ്ട് പൊട്ടിച്ചാല്‍ നിങ്ങടെ കയ്യും കാലും തല്ലി ഒടിക്കും ' ചാമി ഭീഷണി മുഴക്കി.

തോളത്തിട്ട തോര്‍ത്ത് മുണ്ട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് എഴുത്തശ്ശന്‍ മേല് മുഴുവന്‍ തുടച്ചു.

' എന്താ ഒരു വെയില്. തീ പോലെ പൊള്ളുണു ' അയാള്‍ പറഞ്ഞു.

' ആദ്യം പാറക്കുളം നിറക്ക്യെല്ലേ ' ചാമി ചോദിച്ചു ' എന്നിട്ട് പോരെ പഞ്ച നനയ്ക്കാന്‍ '.

' അതാ നല്ലത്. അപ്പൊ രണ്ട് പമ്പും ഒന്നിച്ച് ഓടിക്കാം. ഒറ്റ അടിക്ക് എല്ലാ പാടത്തും വെള്ളം പരത്താനും പറ്റും '.

' ചാമ്യേട്ടോ, കുളത്തിലാ വെള്ളം ചാടുണത് ' ചാലിലൂടെ നടന്ന പിള്ളേരില്‍ മുതിര്‍ന്നവന്‍ വിളിച്ചു പറഞ്ഞു
' കണ്ടത്തിലിക്ക് തുറക്കണോ '.

' നീ മിണ്ടാണ്ടെ പോയാ മതി. അതൊക്കെ ഞങ്ങള് നോക്കിക്കോളാം  '.

മൂന്ന് പേരും മെല്ലെ നടന്നു. ചേരിന്‍റെ തണലില്‍ അവര്‍ നിന്നു.

' വയ്യാ. കയ്യും കാലും കൊഴയുന്നു ' എഴുത്തശ്ശന്‍ കിതച്ചു.

' നമുക്ക് കളപ്പുരയില്‍ ചെന്ന് കുറച്ച് വിശ്രമിക്കാം ' വേണു പറഞ്ഞു.

' അതൊന്നും വേണ്ടാ. മിഷ്യന്‍ ഓടുമ്പൊ എവിടേങ്കിലും പോയി കിടക്കാന്‍ പാടില്ല. ഇടക്കിടക്ക് ചെന്ന് നോക്കണം '.

' ഞാന്‍ ഇവിടെ നിന്നോളാം. നിങ്ങള് രണ്ടാളും പൊയ്ക്കോളിന്‍  ' എന്ന് ചാമി ചുമതലയേറ്റു.

' അവിടെ ചെന്നാലും ഇതന്ന്യാവും മനസ്സില്‍ നെനവ്. കിടന്നാല്‍ കിടക്ക കൊള്ളില്ല '.

' എന്നാല്‍ ഒരു കസേല ഇങ്ങോട്ട് കൊണ്ടു വരട്ടെ ' വേണു ചോദിച്ചു.

' അയ്യേ. എന്തിനാ അത്. ഞാന്‍ ഇവിടെ ഇരുന്നോളാം ' എഴുത്തശ്ശന്‍ വെറും നിലത്ത് പടിഞ്ഞിരുന്നു.

' മുണ്ടില്‍ പൊടി ആവില്ലേ അമ്മാമേ '.

' ഓ, കറുപ്പ് മുണ്ടില്‍ എന്തായാലെന്താ '.

അകലെ നിന്ന് വിമാനത്തിന്‍റെ ഇരമ്പല്‍ കേട്ടു തുടങ്ങി.

' ചാമ്യേ. നീ സരോജിനിടെ അടുത്ത് പോയി ഇത്തിരി സംഭാരം വാങ്ങീട്ട് വാ '.

ചാമി പോയി.

' നല്ല മനസ്സുള്ള ചെക്കനാ അവന്‍. ഇത്ര കാലം തെണ്ട്യോപ്പി ആയി നടന്നതാ. നിന്‍റെ കൂടെ കൂട്യേ പിന്ന്യാ അവന്‍ 
മരാദ്യക്കാരനായത് '.

' അമ്മാമ പറയാറുള്ള പോലെ നന്നാവാനും കേട് വരാനും ഒരോ സമയം ഉണ്ട് അല്ലേ '.

' എന്താ സംശയം. എല്ലാറ്റിനും ഓരോ സമയം ഉണ്ട്. നിന്‍റെ കാര്യത്തിലും ചിലതൊക്കെ എന്‍റെ മനസ്സില്‍ ഉണ്ട്. സമയം ആവട്ടെ പറയാന്‍ എന്ന് വെച്ചിട്ട് ഇരിക്ക്യാണ് '.

' എന്താ അമ്മാമേ , എന്തായാലും പറഞ്ഞോളൂ. മടിക്കണ്ടാ '.

' ഇപ്പൊ അതിന്നുള്ള സമയം ആയിട്ടില്ല. നമ്മള് മലയ്ക്ക് പോയി വരട്ടെ. എന്നിട്ടാവാം '.

കയ്യിലൊരു തൂക്കുപാത്രവുമായി ചാമി വരുന്നത് കണ്ടു. ഒപ്പം നാണു നായരും.

' വയ്യാണ്ടെ ഇരിക്കിണൂന്ന് ചാമി പറഞ്ഞു, എന്തേ പറ്റിയത് ' നാണു നായരുടെ വാക്കുകള്‍ക്ക് പതര്‍ച്ച തോന്നി.

' ഒന്നൂല്യാ. വെയില് കൊണ്ടപ്പൊ ഒരു തളര്‍ച്ച '.

' മിണ്ടാണ്ടെ ഒരു ഭാഗത്ത് ഇരുന്നൂടെ നിങ്ങള്‍ക്ക്. വയസ്സായത് ഓര്‍മ്മ വേണം '.

' ആരക്കാടോ വയസ്സായത്. പ്രായം ആവുമ്പൊ ദേഹത്തിന്ന് വയ്യായ തോന്നും. അതും കരുതി ഒരു ഭാഗത്ത് ചടഞ്ഞിരുന്നാല്‍ പിന്നെ കിടപ്പിലാവാന്‍ ഏറെ സമയം വേണ്ടാ. ഞാന്‍ ഇങ്ങിനെയൊക്കെ നടക്കും. അതിന്‍റെ എടേല്‍
ഒരു ദിവസം കാറ്റും നില്‍ക്കും. വേണച്ചാല്‍ നോക്കിക്കോളിന്‍  '.

' അതിന് ഞാന്‍ ഇരുന്നിട്ട് വേണ്ടേ '.

' അപ്പൊ എന്‍റെ മുമ്പേ പോവാനാണോ ഉദ്ദേശം. അങ്ങിന്യാച്ചാല്‍ ചെല്ലുന്നോടത്ത് എനിക്കും കൂടി ഇത്തിരി സ്ഥലം 
കണ്ടു വെച്ചോളിന്‍ '.

' എന്നിട്ട് വേണം ഇവിടുന്ന് കേട്ടതിന്‍റെ ബാക്കി ചീത്ത അവിടുന്ന് കേള്‍ക്കാന്‍ '.

കൂട്ടുകാര്‍ ഉറക്കെ ചിരിച്ചു. ചാമിക്കും വേണുവിനും അതില്‍ പങ്ക് ചേരാതിരിക്കാന്‍ ആയില്ല.

***************************************

' പൊള്ളാച്ചിക്കുള്ള വരവ് ഇന്നത്തോടെ കഴിഞ്ഞു ' തിരിച്ച് പോരുമ്പോള്‍ കാറിന്‍റെ പിന്‍ സീറ്റില്‍ ചാരി കിടന്ന് കിട്ടുണ്ണി ഉറക്കെ ആത്മഗതം ചെയ്തു.

ഡ്രൈവര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചില്ല. എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോള്‍ രസിച്ചു എന്ന് വരില്ല. ' വണ്ടി ഓടിക്കലാണ് നിന്‍റെ പണി. അത് ചെയ്താല്‍ മതി ' എന്ന് മുഖത്തടിച്ചപോലെ പറയും.

' എന്താടോ ഞാന്‍ പറഞ്ഞത് കേട്ടില്ലേ '.

' ഉവ്വ് '.

' പിന്നെന്താ ഒന്നും പറയാഞ്ഞത് '.

' മാഷ് പറയുംന്ന് വിചാരിച്ചു '.

' എന്നാലും നിനക്ക് ചോദിക്കാന്‍ വയ്യ '.

കാര്‍ ടൌണിലേക്ക് കയറി. ചെറിയൊരു പട്ടണമാണ്.

' എന്തെങ്കിലും വാങ്ങാനുണ്ടോ ' കുഞ്ഞുമോന്‍ ചോദിച്ചു.

' നല്ല ഹോട്ടലിന്‍റെ മുമ്പില്‍ കാറ് നിര്‍ത്ത്. വല്ലതും കഴിച്ചിട്ട് പോവാം '.

സാധാരണ ഇതല്ല പതിവ്. രാവിലെ എത്തിയാല്‍ വൈകുന്നേരമേ പുറപ്പെടൂ. ഉച്ചയ്ക്കുള്ള ഭക്ഷണവും വൈകുന്നേരത്തെ
കാപ്പിയും മകളുടെ അടുത്താണ്. ഇടയ്ക്ക് മകളേയും കൂട്ടി ടൌണിലെ കടകളില്‍ കയറി പലതും വാങ്ങിക്കൂട്ടും. ഇന്ന്
ഉണ്ണാന്‍ കൂടി നിന്നില്ല.

കിട്ടുണ്ണി ഒഴിഞ്ഞൊരു കോണില്‍ ഇരുന്നു. കുഞ്ഞുമോന്‍ വേറൊരിടത്തും. ഒപ്പത്തിനൊപ്പം ഇരിക്കുന്നത് മാഷക്ക് ഇഷ്ടമല്ല.

ഊണ് കഴിഞ്ഞ് വാഹനം പുറപ്പെട്ടു.

' നീ വാപ്പ പറഞ്ഞത് കേട്ട് നടക്കാറുണ്ടോ, അതോ അത് തട്ടി കളയാറാണോ പതിവ് ' ഓര്‍ക്കാപ്പുറത്തായിരുന്നു
ആ ചോദ്യം. കുഞ്ഞുമോന്‍ ഒന്ന് പതറി.

' എടോ, നിന്നോടാ ചോദിച്ചത് '.

' വാപ്പ പറഞ്ഞ പടിക്കാണ് നടക്കാറ് '.

' അങ്ങിനെ വേണം. എന്നാലേ നന്നാവൂ. ഉണ്ടാക്ക്യേ തന്ത കഴിഞ്ഞേ പെറ്റ തള്ളയുള്ളു. മനസ്സിലായോ നിനക്ക് '.

' ഉവ്വ് '.

' ഞാന്‍ എന്‍റെ മകളെ എത്ര കണ്ട് സ്നേഹിച്ചിരുന്നൂ എന്ന് നിനക്ക് അറിയാലോ. ഇവിടെ വന്നാല്‍ അവള്‍ക്ക് വേണ്ടതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ ഞാന്‍ വീട്ടിലേക്ക് മടങ്ങാറുള്ളു. അതൊക്കെ നിനക്ക് അറിയില്ലേ '.

' ഉവ്വ് '.

' എന്നിട്ട് ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കത് വയ്യാ. ഭര്‍ത്താവിന്ന് ഇഷ്ടമാവില്ലാത്രേ. പത്തിരുപത് കൊല്ലം പോറ്റി വളര്‍ത്തി കെട്ടിച്ചു വിട്ട അച്ഛനേക്കാളും വലുതാണ് അവള്‍ക്ക് ഭര്‍ത്താവ്. എങ്കില്‍ അങ്ങിനെ ആയിക്കോട്ടെ. അങ്ങിനത്തെ ഒരു മകളില്ലാന്ന് ഞാനും കരുതും '.

കുഞ്ഞുമോന്‍ മൌനം തുടര്‍ന്നു.

' മനസ്സിലായോ നിനക്ക് '.

' മനസ്സിലായി '.

' ഒരാളുടെ മുമ്പിലും കൃഷ്ണനുണ്ണി മാഷ് തല കുനിക്കില്ലാ എന്ന് ഓര്‍ത്തോ '.

' ശരി '.

പാലം കടന്ന് കാര്‍ മുന്നോട്ട് പാഞ്ഞു.

3 comments:

  1. മൂന്നു ഭാഗങ്ങളും ഒന്നിച്ചു വായിച്ചു. നാട്ടില്‍ കൃഷി ചെയ്തിരുന്ന സമയത്ത്, വെള്ളം തികയാതെ മോട്ടോര്‍ വെച്ച് അടിച്ചിരുന്നത് ഓര്മ വന്നു.. ഞങ്ങള്‍ പക്ഷെ ആ മോട്ടോര്‍ വിറ്റിട്ടില്ല.. ഇപ്പോഴും ഉണ്ട്, കൃഷി മാത്രം നടത്തുന്നില്ല.. ആശംസകള്‍ മാഷേ..

    ReplyDelete
  2. നന്ദി. മലമ്പുഴ ഡാം വന്നതോടെ ജലസേചനസൌകര്യം ആയി.

    ReplyDelete
  3. ഭര്‍ത്താവിന്ന് ഇഷ്ടമാവില്ലാത്രേ. പത്തിരുപത് കൊല്ലം പോറ്റി വളര്‍ത്തി കെട്ടിച്ചു വിട്ട അച്ഛനേക്കാളും വലുതാണ് അവള്‍ക്ക് ഭര്‍ത്താവ്.
    bharthaavu parayunna poleye nadakkaavu ennuRadhayode paranja dehamaano ithum parayunnathu...?

    ReplyDelete