Friday, July 2, 2010

നോവല്‍ - അദ്ധ്യായം - 78.

' എന്താണ്ടാ കണ്ടമുത്താ ഈ വഴിക്കൊക്കെ ' കയത്തം കുണ്ടില്‍ കുളിച്ചു കൊണ്ടിരുന്ന ചാമി തന്നെ തിരഞ്ഞെത്തിയ ചെറുപ്പ കാലത്തെ കൂട്ടുകാരനോട് ചോദിച്ചു. ചാമിയുടെ മൂത്തച്ചിയെ കെട്ടിയ ആള്‍ കൂടിയാണ് കണ്ടമുത്തന്‍.

' അമ്മായിയുടെ കാര്യം തീരാറായി. നിന്നോട് വന്ന് പറയാന്‍ ഏല്‍പ്പിച്ചതാ '.

' മക്കളൊക്കെ അടുത്തില്ലേ '.

' ഒറ്റൊന്ന് വന്ന് ഒരു കണ്ണ് നോക്കീട്ടില്ല. കെട്ട്യോനും കെട്ട്യോളും ഒറ്റയ്ക്കന്നെ. ഒരു നായ് ചാത്തനില്ല തിരിഞ്ഞു നോക്കാന്‍ '.

' മൂപ്പര് ഒരു ദിവസം കാണാന്‍ വന്നിരുന്നു. അമ്മായിയേ ആസ്പത്രീലാക്കണം കാശില്ല എന്നൊക്കെ അന്ന് പറഞ്ഞു '.

' നീ പണം കൊടുത്ത കാര്യം എന്നോട് പറയിണ്ടായി. അതും കൊണ്ട് പാലക്കാട് വലിയ ആസ്പത്രീല് കുറച്ച് ദിവസം കിടത്തി.
മടക്കി കൊണ്ടുപൊയ്ക്കോളാന്‍ പറഞ്ഞിട്ടാണ് കൊണ്ടു വന്നത് '.

' ഇനി എന്താ ചെയ്യണ്ട്. വലിയ ഡോക്ടര്‍മാരെ വല്ലോരേം കാണിക്കണോ '.

' ഒന്നും വേണ്ടാ. ഒരു മിടിപ്പ് മാത്രേ ഉള്ളു. എപ്പൊ വേണച്ചാലും തീരും '.

' നീ പൊയ്ക്കോ. ഞാന്‍ പണി മാറീട്ട് വരാം '.

' ഉശിരോടെ കാണണംന്ന് ഉണ്ടെങ്കില്‍ എന്‍റൊപ്പം വന്നോ. ഇല്ലെങ്കില്‍ ശവം കാണേണ്ടി വരും '.

' പള്ളിയാലില്‍ ഞാന്‍ കുറെ വാഴ വെച്ചു. കൂലി കൊടുത്ത് പള്ളം വെക്കാന്‍ കുറെ കുഴീം എടുത്തിട്ടുണ്ട്. ഇപ്പൊ എന്‍റെ
കയ്യില്‍ കാശൊന്നൂല്യാ. വല്ലതും പറ്റിച്ചാല്‍ എന്തെങ്കിലും കൊടുക്കണ്ടേ '.

' അത് എന്താ വേണ്ടത്ച്ചാല്‍ നിന്‍റെ സൌകര്യം പോലെ ചെയ്തോ. എനിക്കതില്‍ ഒന്നും പറയാനില്ല '.

കണ്ടമുത്തന്‍ പോവാനൊരുങ്ങി.

' മുതലാളി ഉണ്ടെങ്കില്‍ കാശ് വല്ലതും ചോദിക്കായിരുന്നു. മൂപ്പര് രാവിലെ പെങ്ങളുടെ വീട്ടിലേക്ക് പോയി '.

ആ സമയത്ത് എഴുത്തശ്ശന്‍ എത്തി.

' നിന്നെ അന്വേഷിച്ച് ഇയാള്‍ വന്ന കാര്യം പറയാന്‍ വന്നതാ. എന്താ സംഗതി '.

ചാമി കാര്യം അറിയിച്ചു.

' എന്നാല്‍ വെക്കം പോയിട്ട് വാ ' എഴുത്തശ്ശന്‍ പറഞ്ഞു.

' എന്തെങ്കിലും വേണച്ചാല്‍ എന്‍റേല്‍ ഒന്നൂല്യാ. മുതലാളി വന്ന് വല്ലതും വാങ്ങീട്ട് പോവാന്ന് വെച്ചിട്ടാ '.

' മുതലാളി തന്നെ കാശ് തന്നാലേ പറ്റൂ എന്നുണ്ടോ. എന്താ വേണ്ട് പറയ്. ഞാന്‍ തരാം '.

' ഒരു പത്തിരുന്നൂറ് ഉറുപ്പിക വേണ്ടീര്‍ന്നു '.

' ഇരുന്നൂറിന് മുന്നൂറ് പിടിച്ചോ ' എഴുത്തശ്ശന്‍ അരയില്‍ തൂക്കിയ തുണി സഞ്ചിയില്‍ നിന്ന് പണമെടുത്തു.

ചാമിയും കണ്ടമുത്തനും എത്തുമ്പോള്‍ കുടിലിന്ന് മുമ്പില്‍ മൂന്ന് നാല് ആളുകളുണ്ട്.

' എന്തായി ' കണ്ടമുത്തന്‍ ചോദിച്ചു.

' ഒന്നും ആയിട്ടില്ല. എപ്പൊ വേണച്ചാലും ആവും ' ആരോ മറുപടി പറഞ്ഞു.

' അകത്ത് ആരുണ്ട് '.

' കോമ്പിയും  ഉണ്ട്, നിന്‍റെ കെട്ട്യോളും ഉണ്ട്. ആണ്‍മക്കള്‍ വരില്ലാന്ന് തീര്‍ത്ത് പറഞ്ഞു.

' എളേച്ച്യോ '.

' മകള് പെറ്റിട്ട് പത്ത് ദിവസേ ആയിട്ടുള്ളു. അതോണ്ട് വരാന്‍ പറ്റില്ലാത്രേ '.

അത് നന്നായി. ചാമി മനസ്സിലോര്‍ത്തു. ഇല്ലെങ്കില്‍ താലി കെട്ടി സ്വന്തമാക്കിയ പെണ്ണിനെ വേറൊരുത്തന്‍റെ കൂടെ കാണേണ്ടി
വന്നേനേ .

' അകത്ത് പോയി കണ്ടോ ' കൂട്ടത്തില്‍ വയസ്സനായ ആള്‍ ചാമിയോട് പറഞ്ഞു.

കണ്ടമുത്തന്‍റെ പുറകിലായി ചാമി കുടിലിനകത്തേക്ക് കയറി. ഓലപ്പായില്‍ ചുള്ളിക്കമ്പ് പോലെ ഒരു സ്ത്രീ രൂപം. ഉയര്‍ന്ന്
താഴുന്ന മാറിന്‍റെ ചലനം ജീവനുണ്ടെന്ന് വെളിപ്പെടുത്തി.

' നിന്‍റെ കയ്യോണ്ട് ഒരു തുള്ളി വെള്ളം കൊടുക്ക് ' കോമ്പിയപ്പന്‍ ചാമിയോട് പറഞ്ഞു.

മുക്കില്‍ വെച്ച മണ്‍കുടത്തില്‍ നിന്ന് ചാമി ഒരു കൈക്കുടന്ന വെള്ളം എടുത്ത് വായില്‍ ഇറ്റിച്ചു. ആ കണ്ണുകള്‍ ഒന്ന് തുറന്നു. മിഴികള്‍ മേല്‍പ്പോട്ട് മറിഞ്ഞു. ശ്വാസം നിലച്ചു. കുടിലിനകത്ത് കോമ്പിയുടേയും മകളുടേയും കരച്ചില്‍ ഉയര്‍ന്നു. ചാമി
വെളിയിലേക്ക് ഇറങ്ങി.

' അവന്‍റെ കയ്യിന്ന് വെള്ളം കിട്ടണംന്ന് ഒരു കടം ഉണ്ടാവും. അതാ ഇത് വരെ കിടന്നത് 'ആരോ പറഞ്ഞു.

' അല്ലെങ്കിലും അവനോട് അവര് രണ്ടാള്‍ക്കും അലോഹ്യം ഉണ്ടായിട്ടില്ല. പെണ്ണിന്‍റെ നെഗളിപ്പ് കാരണം അവന്‍ തീര്‍ത്തിട്ട്
പോയതല്ലേ '.

മുറ്റത്ത് അനന്തര നടപടികളെ കുറിച്ച് ആലോചനയായി. കിടക്ക പുണ്ണ് വന്ന് ദേഹം അളിഞ്ഞിട്ടുണ്ട്. ആരും വരാനില്ലാത്തതിനാല്‍ 
ഇനി വെച്ച് താമസിപ്പിക്കണ്ടാ എന്ന അഭിപ്രായം ഉയര്‍ന്നു. ശവം തൊടിയില്‍ തന്നെ മറവ് ചെയ്യാമെന്ന തീരുമാനമായി.

മുതിര്‍ന്നവര്‍ ചെന്ന് സ്ഥലം നിശ്ചയിച്ചു. കണ്ടമുത്തന്‍ ചെന്ന് ഒരു കൈക്കോട്ട് കൊണ്ടു വന്നു. ചാമി അത് ഏറ്റു വാങ്ങി. വരണ്ട
മണ്ണില്‍ കൈക്കോട്ട് പതിച്ചു.

' ഇപ്പൊ ഇത് കയ്യില്‍ വെച്ചോളൂ. അവസരത്തിന്ന് എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം ' ഇറങ്ങാന്‍ സമയത്ത് പണം കോമ്പിയപ്പനെ ഏല്‍പ്പിച്ച് ചാമി പറഞ്ഞു.

' അവസരം ഒന്നും വേണ്ടാ. മക്കള് തിരിഞ്ഞ് നോക്കാത്തപ്പോ എന്തിനാ അവസരം നടത്തുന്നത്. ഞാന്‍ കണ്ണടയ്ക്കുന്നത് വരെ
എപ്പഴങ്കിലും നീ ഒരു കണ്ണ് വന്ന് കണ്ടാല്‍ മതി '.

ചാമി ഇറങ്ങി നടന്നു.

**************************************************

നാണു നായര്‍ക്കുള്ള പുരയുടെ പണി തുടങ്ങി. നായരോടൊപ്പം മിക്കവറും വേണുവും എഴുത്തശ്ശനും പണിസ്ഥലത്ത് കാണും.
പണത്തിന്‍റെ കാര്യമൊന്നും ആരും പറയാറില്ല. ഒരു ദിവസം നാണു നായര്‍ ഒരു പൊതി വേണുവിന്‍റെ നേരെ വെച്ചു നീട്ടി.

' എന്താദ് നാണുമാമേ ' വേണു ചോദിച്ചു.

' ഇത് നിയ്യ് കയ്യില്‍ വെച്ചോ. പണചിലവുള്ളതല്ലേ. എന്തിനെങ്കിലും വേണ്ടി വരും '.

എഴുത്തശ്ശനാണ് പൊതി വാങ്ങിയത്. തുറന്ന് നോക്കുമ്പോള്‍ സ്വര്‍ണ്ണ പണ്ടം.

' എന്താഹേ ഇത് ' എഴുത്തശ്ശന്‍ ചോദിച്ചു.

' ഓണത്തിന്ന് സരോജിനി ഉണ്ടാക്ക്യേതാണ്. വേണു കൊടുത്ത കാശോണ്ടന്ന്യാ ഉണ്ടാക്കിച്ചത്. ഇപ്പൊ ഇത് കയ്യില്‍ വെച്ചിട്ട്
നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ '.

' നായരേ, നിങ്ങള് എന്‍റെ വായിന്ന് വല്ലതും വീഴ്ത്തും ' എഴുത്തശ്ശന്ന് ദേഷ്യം വന്നു.

' നാണുമാമേ, ഇത് സരോജിനിക്ക് തന്നെ കൊടുക്കൂ. ആ കുട്ടി മോഹിച്ച് ഉണ്ടാക്ക്യേതല്ലേ ' എന്ന് വേണുവും പറഞ്ഞു.

' നിങ്ങളാല്‍ ചിലരോട് എന്താ പറയണ്ട് എന്ന് അറിയാണ്ടായി ' ഗദ്ഗദം നാണു നായരുടെ വാക്കുകളെ വിഴുങ്ങി.

കഴുക്കോല് പണിയുന്ന ആശാരിമാര്‍ മഴുകൊണ്ട് ആഞ്ഞാഞ്ഞ് മേടി.

2 comments: