Saturday, June 19, 2010

നോവല്‍ - അദ്ധ്യായം 74.

' കുറച്ച് ദിവസമായി നിന്‍റെ പെരുമാറ്റത്തില്‍ ഒരു വ്യത്യാസം കാണാന്‍ തുടങ്ങീട്ട് ' സുകുമാരന്‍ പറഞ്ഞു
' ഇങ്ങിനെയൊന്നുമല്ലല്ലോ നമ്മള്‍ കഴിഞ്ഞു വന്നത് '. രാധാകൃഷ്ണന്‍ ഒന്നും പറയാതെ വെറുതെയൊന്ന് ചിരിച്ചതേയുള്ളു. മോട്ടോറും ഹള്ളറും ബന്ധിപ്പിക്കുന്ന ബെല്‍ട്ട് ശബ്ദമുണ്ടാക്കി കറങ്ങിക്കൊണ്ടിരുന്നു.

കുറച്ചായി മില്ലിലെ കാര്യങ്ങള്‍ രാധാകൃഷ്ണനാണ് നോക്കാറ്. രാവിലേയോ വൈകുന്നേരമോ വേലായുധന്‍ കുട്ടി ആളെ
കാണിക്കാനെന്ന മട്ടില്‍ മില്ലു വരെ ഒന്നുവന്ന് പോകും. കാണുന്നവരെല്ലാം തന്നെ അച്ചിക്കോന്തന്‍ എന്ന് വിളിക്കുന്നുണ്ടോ
എന്നൊരു സംശയം. ഒരു കാര്യത്തിലും താല്‍പ്പര്യമില്ലാത്ത മട്ടിലായി അയാള്‍.

' എന്താ ഞാന്‍ പറഞ്ഞത് നീ കേട്ടില്ല എന്നുണ്ടോ ' സുകുമാരന്‍ വീണ്ടും ചോദിച്ചു ' അതോ മറുപടി പറയണ്ടാ
എന്ന് വെച്ചിട്ടോ '.

' അതൊന്നുമല്ല. കുറച്ച് നാളായി വീട്ടില്‍ തീരെ സ്വൈരം കിട്ടാറില്ല '.

' അതിന്ന് ഇപ്പോള്‍ പ്രത്യേകിച്ച് കാരണം വല്ലതുമുണ്ടോ '.

' മുത്തശ്ശനോട് പിണങ്ങി വീട് വിട്ട് പോന്ന അന്ന് മുതല്‍ അച്ഛനും അമ്മയും തമ്മില്‍ തീരെ മിണ്ടാറില്ല. അച്ഛന്‍
കൊള്ളരുതാത്തവനായതുകൊണ്ടാണ് ഇങ്ങിനെ വന്നത് എന്ന് അമ്മ. അമ്മയുടെ കൂട്ടം കേട്ട് നടന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും
കാരണമെന്ന് അച്ഛന്‍. ഒളിഞ്ഞും തെളിഞ്ഞും പല ദിക്കില്‍ വെച്ച് പലരും കുറ്റപ്പെടുത്തുന്നത് കേട്ടുകേട്ട് അച്ഛന്‍റെ മനസ്സ്
തകര്‍ന്നിരിക്കുകയാണ് '.

' എന്താ നിന്‍റെ നിലപാട് '.

' അച്ഛന്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്നാണ് എന്‍റെ അഭിപ്രായം '.

' എന്നിട്ട് നീയെന്താ ചെയ്തത് '.

' നമുക്ക് പറയുന്നതിന്ന് ഒരു പരിമിതിയില്ലേ. കുറെ പറഞ്ഞു നോക്കി. അയമ്മടെ മനസ്സ് മാറില്ല. ഇപ്പൊ ഞാനും അവരെ തഴഞ്ഞു. അവര് പറയുന്നതൊന്നും കേള്‍ക്കാറില്ല. സംസാരിക്കാന്‍ പോവാറും ഇല്ല '.

' ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. നിനക്ക് അമ്മാമന്മാരോട് പറയാമായിരുന്നില്ലേ '.

' പറയാന്‍ പറ്റിയ വര്‍ഗ്ഗം. മൂള എന്നത് അവറ്റടെ തലയില്‍ ഇല്ല. അമ്മയുടെ കൂടപ്പിറപ്പുകളല്ലേ അവര്‍. പിന്നെ എത്ര കണ്ട്
നന്നാവും '.

' നിന്‍റെ പെങ്ങളെക്കോണ്ട് ഒന്ന് സംസാരിപ്പിക്ക്. പെണ്‍കുട്ടികള്‍ക്കാണ് അമ്മമാരുടെ അടുത്ത് സ്വാധീനം '.

' അവള്‍ അമ്മടെ തനി പകര്‍പ്പാണ്. എനിക്ക് ഒരു കുട്ടി ഉണ്ടായിട്ട് അയാള്‍ കാണാന്‍ വന്നില്ല എന്നാണ് മുത്തശ്ശനെ പറ്റി അവളുടെ പരാതി '.

' മുത്തശ്ശന്‍റെ കാര്യത്തില്‍ അവള്‍ ഇടപെടണ്ടാ. അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം 
പറഞ്ഞ് തീര്‍ത്തൂടേ '.

' അവര്‍ തമ്മിലുള്ള അകല്‍ച്ചയുടെ മുഖ്യ കാരണം മുത്തശ്ശനാണ്. എങ്ങിനെ സംസാരിച്ച് തുടങ്ങിയാലും ഒടുവില്‍ ആ വിഷയത്തില്‍ ചെന്നെത്തും '.

' എന്താ അടുത്ത നടപടി '.

' ഒന്ന് ശബരിമലക്ക് പോണം. വന്ന ശേഷം ചിലതൊക്കെ ചെയ്യാനുണ്ട് '.

' മലക്ക് പോവാന്‍ ഞാനും ഉണ്ട്. ശനിയാഴ്ച വൈകുന്നേരം ഗുരുവായൂരില്‍ ചെന്ന് മാലയിടാം. അപ്പൊത്തന്നെ കെട്ട് നിറച്ച്
മലക്ക്. നേരം പുലരുമ്പോള്‍ പമ്പയിലെത്തും. കുളിച്ച് മല കേറണം . തൊഴുതതും തിരിച്ചാല്‍ ഉച്ചക്ക് മുമ്പ് താഴെയെത്തും.
ഒന്നും കൂടി കുളിച്ച് മാല ഊരാം. പിന്നെ നമുക്ക് വീട്ടിലേക്കോ, ബാറിലേക്കോ എവിടേക്ക് വേണച്ചാലും പോവാം '.

' ഞാന്‍ അതിനില്ല. ഒരു മണ്ഡലകാലം വൃതമെടുത്ത് കെട്ടു നിറച്ച് പോവാനാണ് ഉദ്ദേശം '.

' അതുകൊണ്ട് പ്രത്യേകിച്ച് ഒന്നൂല്യാ. ഒക്കെ നിന്‍റെ ഓരോ തോന്നലാണ് '.

പണിക്കാര്‍ ജോലി അവസാനിപ്പിച്ച് പോയി കഴിഞ്ഞു. തുലാമാസം മുതല്‍ നേരത്തെ ഇരുട്ടായി തുടങ്ങും. രാധാകൃഷ്ണന്‍ 
ഓഫീസ്മുറിയുടെ ജനാലകള്‍ അടക്കാന്‍ തുടങ്ങി.

' തവിട് തര്വോ ' വാതില്‍ക്കല്‍ ഒരു പെണ്‍ശബ്ദം.

നോക്കുമ്പോള്‍ കല്യാണി.

' നീയെന്താ ഇത്ര വൈക്യേത് '.

' ആ തള്ള കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ കാത്തു നിന്നു. ഒടുക്കം ഇന്നിനി ഞാനില്യാ എന്നും പറഞ്ഞ് എന്നെ
ഒറ്റയ്ക്കാക്കി '.

' വേഗം വാ ' എന്നും പറഞ്ഞ് രാധാകൃഷ്ണന്‍ മില്ലിന്‍റെ വാതില്‍ തുറന്നു അകത്ത് ചെന്നു, ചാക്കുമായി കല്യാണി പുറകേയും.

തവിടിന്‍ ചാക്കേറ്റി കല്യാണി പോയി. അവള്‍ നല്‍കിയ കാശും കയ്യില്‍ വെച്ച് വാതിലും പൂട്ടി അയാള്‍ ഓഫീസ് മുറിയിലേക്ക്
ചെന്നു,

' ഏതാടാ ആ അപ്സരസ്സ്. കാണാന്‍ കൊള്ളാലോ '.

' കല്യാണി ' രാധാകൃഷ്ണന്‍ ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

' ആളെങ്ങിനെ. ചൂണ്ടേല്‍ കൊത്ത്വോ '.

' ആ കളി അവളോട് വേണ്ടാ. നല്ല മര്യാദക്കാരി കുട്ടിയാണവള്‍ '.

' പിന്നെ. വളച്ചാല്‍ വളയാത്ത ഉരുപ്പടി വല്ലതും ഈ ലോകത്ത് ഉണ്ടോടാ '.

' അവളെ വേണ്ടാത്തത് പറയരുത് ' രാധാകൃഷ്ണന്ന് കൂട്ടുകാരന്‍റെ വാക്കുകള്‍ ഇഷ്ടപ്പെട്ടില്ല. അതിന്‍റെ നീരസം അയാളുടെ വാക്കുകളില്‍ നിഴലിച്ചു.

' നീ സ്വകാര്യ സ്വത്താക്കി വെച്ചതാണെങ്കില്‍ ഞാന്‍ ഇടപെടില്ല. നീ ഒറ്റയ്ക്ക് അനുഭവിച്ചോ '.

' നിര്‍ത്ത്. വേണ്ടാത്ത കൂട്ടം ഇനി പറയരുത് .'

' എന്നേ നീ പുണ്യവാളനായത്. നമ്മള്‍ രണ്ടാളും കൂടി എത്ര എണ്ണത്തിന്‍റെ അടുത്ത് ചെന്നിട്ടുണ്ട് '.

' അത് ഇല്ലാ എന്ന് പറയുന്നില്ല. തൊഴിലായി ഇരിക്കുന്നവരാ അവരൊക്കെ. ഇത് അതുപോലെ അല്ല. ഇന്നുവരെ
നാട്ടില് വേണ്ടാത്ത പണിക്ക് ഞാന്‍ പോയിട്ടില്ല. ഇനി അതിന്ന് എന്നെ കാക്കണ്ടാ '.

' എന്നാല്‍ വേണ്ടാ '.

മില്ല് പൂട്ടി ഇരുവരും പുറത്തിറങ്ങി. സുകുമാരന്‍റെ കാറും രാധാകൃഷ്ണന്‍റെ മോട്ടോര്‍സൈക്കിളും മുന്നോട്ട് നീങ്ങി. പടിക്കല്‍
നിന്ന കാവല്‍ക്കാരന്‍ സല്യൂട്ടടിച്ചു.

റോഡില്‍ കയറിയ കാര്‍ പടിഞ്ഞാട്ട് കുതിച്ചു, മോട്ടോര്‍ സൈക്കിള്‍ കിഴക്കോട്ടും.

*****************************************************

' സ്വാമിനാഥനെ ഈ വഴിക്ക് കാണാറേ ഇല്ലല്ലോ. ഈ കണക്കിന് പോയാല്‍ നാണു നായരുടെ വീട് പണി എന്താവും '
എഴുത്തശ്ശന്‍ തന്‍റെ ശങ്ക കൂട്ടുകാരോട് പങ്കു വെച്ചു.

' തിരക്കുള്ള സമയമാണെന്ന് നമ്മളോട് പറഞ്ഞതല്ലേ ' എന്നായി മേനോന്‍.

' തിരുവന്തപുരത്തേക്ക് പോയിട്ടുണ്ടാവോ ' വേണുവിന്ന് അതാണ് ആശങ്ക.

' ഏയ്. ഇന്ന് രാവിലെ കൂടി കാറില്‍ പോണത് കണ്ടു ' മേനോന്‍ പറഞ്ഞു 'ആള് സ്ഥലത്തുണ്ട് '.

' എന്നാല്‍  നാളെ രാവിലെ നമുക്ക് അങ്ങോട്ട് ചെന്ന് കാണാം 'വേണു അഭിപ്രായപ്പെട്ടു .

' ഞാന്‍ വേണോ, മൂന്നാള് കൂടി ചെന്നിട്ട് മുടങ്ങണ്ടാ ' എഴുത്തശ്ശന്‍ ഒഴിവാകാന്‍ നോക്കി.

' അമ്മാമ വരണം ' വേണു പറഞ്ഞു ' അമ്മാമയുടെ അടുത്ത് പറ്റില്ലാന്ന് അയാള്‍ പറയില്ല '.

പിറ്റേന്ന് കാലത്തേ മൂന്നു പേരും പുറപ്പെട്ടു. അവര്‍ ചെന്ന് കയറുമ്പോള്‍ സ്വാമിനാഥന്‍ എവിടേക്കോ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

' എന്താ മൂണാളും കൂടി ' അയാള്‍ ചോദിച്ചു.

' നമ്മടെ നാണു നായര്‍ക്ക് ഇവരുടെ അടുത്തായി ഒരു പുര പണിയണം. ആ കാര്യം പറയാനാണ് വന്നത് ' മേനോന്‍ വിഷയം അവതരിപ്പിച്ചു

' ഇപ്പൊ ആകെ കൂടി തിരക്ക് പിടിച്ച സമയമാണ്. നാലഞ്ച് വീടുകള്‍ പണി തീര്‍ത്ത് ഏല്‍പ്പിക്കാനുണ്ട്. പറഞ്ഞ സമയത്ത്
പണി തീര്‍ത്ത് കൊടുത്താലല്ലേ എനിക്ക് പണം ചോദിക്കാന്‍ പറ്റൂ ' സ്വാമിനാഥന്‍ ഈ വിധത്തിലാണ് പ്രതികരിച്ചത്

മേനോനും വേണുവും മുഖത്തോട് മുഖം നോക്കി.

' കുട്ട്യേ, നിനക്ക് തിരക്കൊക്കെ ഉണ്ടാവും. എന്നാലും അയാളെ ഒന്ന് സഹായിക്കണം  '.

' എന്നാല്‍ ഇത് അമ്പലത്തിന്‍റെ അടുത്ത് കെട്ടിടം പണിയുമ്പോള്‍ പറയായിരുന്നില്ലേ. കൂട്ടത്തില്‍ അതും കൂടി ചെയ്ത്
കൊടുക്കായിരുന്നല്ലോ. നായര്‍ക്ക് ഇപ്പോഴാണോ ബുദ്ധി വരുന്നത് '.

നായരുടെ ഭാഗത്ത് വന്ന വീഴ്ചയല്ല അതെന്നും , അയാള്‍ വഞ്ചിക്കപ്പെട്ടതാണെന്നുമുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ സ്വാമിനാഥന്‍റെ മനസ്സ് മാറി.

' ഇന്നത്തെ കാലത്ത് ഒരു മനുഷ്യനെ വിശ്വസിക്കാന്‍ പാറ്റില്യാന്നായി 'അയാള്‍ പറഞ്ഞു ' സൂത്രത്തില്‍ മുദ്ര കടലാസില്‍ 
ഒപ്പ് വങ്ങിച്ച് ആളെ പറ്റിച്ചത് സ്വന്തം മകളുടെ ഭര്‍ത്താവ്. അയാളുടെ കഷ്ട കാലം '.

എത്ര കഷ്ടപ്പെട്ടാലും പെട്ടെന്ന് പണി തീര്‍ത്ത് കൊടുക്കാമെന്ന് സ്വാമിനാഥന്‍ സമ്മതിച്ചു.

' ഒരു മുറിയും അടുക്കളയും പോരേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' അതെന്ത് വീടാണ്. അത്യാവശ്യം സൌകര്യം ഒക്കെ വേണ്ടേ ' സ്വാമിനാഥന്‍ പറഞ്ഞു.

' നാല് രണ്ട് സമചതുരത്തില്‍ ഒരു മുറി. ഉമ്മറത്ത്പൂമുഖം . ചെറുക്കനെ ഒരു അടുക്കള. എടേലായി രണ്ടേകാല്‍
കോല് വീതിയില്‍ ഒരു നടവഴി ' മേനോന്‍ പ്ലാന്‍ അവതരിപ്പിച്ചു ' അതിനന്നെ അയാളുടെ കയ്യില്‍ ഉണ്ടാവില്ല. എല്ലാരും
കൂടി ചെയ്ത് കൊടുക്കാമെന്ന് വെച്ചിട്ടാ '.

' എന്തെങ്കിലും ഞാനും ചെയ്യാം  ' എന്ന് സ്വാമിനാഥന്‍ സന്നദ്ധത പ്രകടിപ്പിച്ചു ' നാണുനായര് നമ്മടെ കൂട്ടത്തില്‍പ്പെട്ട
ആളല്ലേ. അയാള് കഷ്ടത്തിലായാല്‍ നമ്മള് സഹായിക്കേണ്ടേ '.

' അതൊന്നും ഇല്ലെങ്കിലും വിരോധോല്യാ. എങ്ങിനെയെങ്കിലും ആ ചങ്ങാതിയെ മഴയും വെയിലും കൊള്ളാതെ ഒരിടത്ത്
ഇരുത്തണം. അതിനൊരു സഹായം. അത്രേ വേണ്ടു '.

താന്‍ വന്ന് സ്ഥലം നോക്കി നിശ്ചയിക്കാമെന്ന് സ്വാമിനാഥന്‍ പറഞ്ഞു. ' എന്നാല്‍ നിങ്ങളുടെ യാത്ര വൈകിക്കുന്നില്ല ' എന്നും പറഞ്ഞ് വന്നവരും ഇറങ്ങി.

1 comment:

  1. വേണുവേട്ടനെ കിനാവ്‌ കണ്ടിരുന്ന ആ പെണ്ണിന് ഇപ്പോള്‍ മഴ നയാതെ ഒരു കിടപ്പാടം ആയിരിക്കുന്നു സ്വപനം

    ReplyDelete