Sunday, May 9, 2010

അദ്ധ്യായം - 64.

ഓപ്പോളേ കാണാന്‍ പിറ്റേന്ന് കാലത്തേ വേണു പുറപ്പെട്ടു. നേരത്തെ എഴുന്നേറ്റ് കുളിച്ചതും ഇറങ്ങി. അമ്പലത്തില്‍ തൊഴാനൊന്നും നിന്നില്ല. പൂജക്കാരന്‍ കുട്ടി എത്താന്‍ വൈകും.

വിശ്വനാഥന്‍ വക്കീല്‍ പേപ്പറും നോക്കി ഉമ്മറത്ത് ഇരിക്കുമ്പോഴാണ് വേണു എത്തിയത്.

' എന്താടോ നേരത്തെ തന്നെ . വിശേഷിച്ച് വല്ലതും ഉണ്ടോ ' എന്ന് അദ്ദേഹം ചോദിച്ചു.

' ഏയ്. ഒന്നൂല്യാ. വിശ്വേട്ടന്‍ കോടതീലിക്ക് ഇറങ്ങുമ്പോഴേക്കും എത്തിയാല്‍ കാണാലോ എന്ന് വിചാരിച്ചു '.

' അത് നന്നായി ' അകത്തേക്ക് തിരിഞ്ഞ് ' ഇവിടെ വാടോ ' എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു.

പത്മിനി പുറത്തേക്ക് വരുമ്പോള്‍ വേണു വക്കീലിന്ന് അഭിമുഖമായി ഇരിക്കുകയാണ്.

' നീ എപ്പഴേ എത്തീത്. അവിടെ പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ ' എന്നവര്‍ ചോദിച്ചു.

താന്‍ വെറുതെ വന്നതാണെന്നും അളിയന്‍ ജോലിക്ക് ഇറങ്ങുന്നതിന്ന് മുമ്പ് വന്ന് കാണാമെന്ന് കരുതി കാലത്തേ പുറപ്പെട്ടതാണെന്നും വേണു അറിയിച്ചു.

' ഓണത്തിന്‍ ദിവസം ഇവിടെ വന്ന് ഉച്ചക്ക് കൈ നനച്ച് അമ്പലത്തില്‍ കുറച്ച് കാര്യം ഉണ്ട് എന്നും പറഞ്ഞ്
അപ്പഴയ്ക്കപ്പഴേ പോയതാണ്. ആഴ്ച രണ്ട് കഴിഞ്ഞു ഈ വഴിക്ക് വന്നിട്ട്. കാര്യസ്ഥന്‍റെ അടുത്ത് ഞാന്‍ 
നിത്യം ചോദിക്കും. പകല് അന്ത്യോളം  അമ്പലത്തിലാണ് നിന്‍റെ താമസം എന്നാണ് അയാള്‍ പറയാറ്.
അതിന്‍റെ എടേല്‍ നിനക്ക് ഇവിടുത്തെ കാര്യം ഓര്‍മ്മിക്കാന്‍ എവിട്യാ സമയം  '.

' താനെന്താടോ ഇങ്ങിനെ. ഒരാള്‍ വന്ന് കേറിയാല്‍ തുടങ്ങും കുറ്റം പറയാന്‍ '.

' അതേ , അവന്‍ എന്‍റെ അനിയനായതോണ്ടാ ഇതൊക്കെ പറയുണത്. എനിക്ക് അതിന്നുള്ള അധികാരം 
ഉണ്ട് '.

വക്കില്‍ കുളിച്ച് ഒരുങ്ങി വരുന്നത് വരെ വേണു പത്ര പാരായണത്തില്‍ മുഴുകി. എല്ലാവരും ഒന്നിച്ചാണ്
പ്രാതല്‍ കഴിക്കാന്‍ ഇരുന്നത്.

' ' കോണ്ട്രാക്ടര്‍ രാമചന്ദ്രനോട് ഇവിടെയുള്ള ഓട് മുഴുവന്‍ കടത്തി കളപ്പുര മേയാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
അടുത്ത ആഴ്ച തന്നെ ചെയ്യാമെന്ന് അയാള്‍ ഏറ്റിട്ടുണ്ട് ' വക്കീല്‍ പറഞ്ഞു.

വേണു മൂളിയതേയുള്ളു.

' നിനക്കെന്താ ഒരു താല്‍പ്പര്യം ഇല്ലാത്ത മാതിരി ' പത്മിനി ചോദിച്ചു.'

' ഏയ്, അങ്ങിനെയൊന്നുമില്ല '.

' കൊയ്ത്തൊക്കെ എങ്ങിനെയുണ്ട് '.

' തെറ്റില്ലാന്നാ ചാമി പറഞ്ഞത് '.

' എത്ര കിട്ടി '.

' അതൊന്നും എനിക്കറിയില്ല. കണക്കൊക്കെ ചാമിക്കേ അറിയൂ '.

' ഒന്നാന്തരം കൂട്ടാണ് നീ കൂടിയത്. കണക്കും കാര്യൂം ഒക്കെ പണിക്കാരനാണ് നിശ്ചയംന്ന്. പിന്നെന്തിനാ
നീ അവിടെ താമസിക്കുന്നത് '.

വേണു മറുപടിയൊന്നും പറഞ്ഞില്ല.

' നെല്ലൊക്കെ കൊടുത്ത്വോ '.

' ഇല്ല. ആ കാര്യം പറയാനാ വന്നത് '.

' എന്താ '.

' പഴയത് പോലെ നെല്ലൊക്കെ കൊടുത്തോളൂ. എന്നിട്ട് എന്താ വേണ്ടത് എന്നു വെച്ചാല്‍ ചെയ്തോളൂ '.

' അത് പറ്റില്ല. ഇത്ര കാലം നീ നാട്ടില്‍ ഇല്ലാത്തതോണ്ട് ഞങ്ങള് എല്ലാം വേണ്ടപോലെ നടത്തി. ഇപ്പൊ നീ
സ്ഥലത്ത് ഉണ്ടല്ലോ. അവനവന്‍റെ മുതല് അവനവന്‍റെ ഇഷ്ടം പോലെ ചെയ്യാനുള്ളതാണ് '.

' ഓപ്പോളേ, എനിക്ക് ഇതിലൊന്നും അശേഷം താല്‍പ്പര്യം തോന്നുണില്ല. ഇനിയുള്ള കാലം ഇവിടെ സമാധാനത്തോടെ
കഴിഞ്ഞ് കൂടണംന്നേ ഉള്ളു '.

' അതൊക്കെ ആയിക്കോ. പക്ഷെ ഇനി മുതല് നിന്‍റെ സ്വത്ത് ഞങ്ങള് കൈകാര്യം ചെയ്താല് നാട്ടുകാര് വല്ലതും
പറയും. ഞങ്ങള് എല്ലാം തട്ടിപ്പറിച്ചൂന്ന് വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കണോ '.

' ഓപ്പോളേ , അങ്ങിനെയാണെങ്കില്‍ ' വേണു പറഞ്ഞു ' ഞാന്‍ മദിരാശിയിലേക്ക് തന്നെ തിരിച്ച് പോവാം '.

വക്കീലും പത്മിനിയും മകനും അയാളെ അത്ഭുതത്തോടെ നോക്കി.

' എന്നിട്ട് ഇതൊക്കെ എന്താ ചെയ്യണ്ടത് '.

' എന്ത് വേണച്ചാലും ചെയ്തോളൂ. ആര്‍ക്കും വേണ്ടെങ്കില്‍ കിട്ടുണ്ണിക്ക് കൊടുത്തോളൂ. അയാള്‍ക്ക് അത് വേണംന്നുണ്ട് '.

' അതിനല്ലല്ലോ ഇത്രയും കാലം ഞങ്ങള്‍ പൊന്നു പോലെ എല്ലാം നോക്കി നടത്തിയത്. എന്നെങ്കിലും നീ വരുമ്പോള്‍ തിരിച്ച് ഏല്‍പ്പിക്കണം എന്നന്യാ ഞങ്ങളുടെ ആഗ്രഹം '.

' ഞാന്‍ പറഞ്ഞില്ലേ, എനിക്ക് ഇതൊന്നും  കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ല , വേണംന്ന് ആഗ്രഹൂം ഇല്ല. മരിക്കുന്നത് വരെ കഴിയാന്‍ ദൈവം വക തന്നിട്ടുണ്ട്. അത് മതി. എനിക്കുള്ള വീതം ആണെന്ന് പറഞ്ഞ് എല്ലാം തന്ന് ഓപ്പോള് കയ്യൊഴിയുകയാണെങ്കില്‍ ഞാന്‍ നാളെ തന്നെ തിരിച്ച് പൊയ്ക്കോളാം '.

' ഇനി അതും പറഞ്ഞ് താന്‍  മദിരാശിയിലേക്കൊന്നും പോണ്ടാ. നമുക്ക് ആലോചിച്ച് വേണ്ടത് ചെയ്യാം 'എന്നു
പറഞ്ഞ് വക്കീല് സമാധാനിപ്പിച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വക്കീല്‍ ജോലിക്ക് പോവനൊരുങ്ങി.

' താന്‍ ഇന്നന്നെ പോവാന്‍ ഉദ്ദേശമുണ്ടോ ' എന്ന് അദ്ദേഹം വേണുവിനോട് ചോദിച്ചു. പിറ്റേന്നേ താന്‍ തിരിച്ച്
പോവുന്നുള്ളു എന്ന് വേണു അറിയിച്ചു.

' അത് നന്നായി. എനിക്ക് തന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് ' എന്നും പറഞ്ഞ് അദ്ദേഹം ഇറങ്ങി.

അടുക്കളക്കാരികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ട് പത്മിനി വേണുവിന്‍റെ അടുത്തെത്തി.

' എന്‍റെ കുട്ടി സത്യം പറയ് ' അവര്‍ വേണുവിനോട് പറഞ്ഞു ' നിനക്ക് ഞങ്ങളോടൊക്കെ ഉള്ളില് ദേഷ്യം
ഉണ്ടോ. കുട്ടിക്കാലം മുതല്‍ക്ക് നിന്നെ നട തള്ളി വിട്ടതിന് '.

വേണു ചിരിച്ചു. ' എന്തൊക്ക്യാ ഈ ഓപ്പോള് പറയുന്നത്. എനിക്ക് അന്നും ഇന്നും സ്നേഹിക്കാനായിട്ട് നിങ്ങളൊക്കെയല്ലേ ഉള്ളു. എന്നെങ്കിലും ഞാന്‍ അങ്ങിനെയല്ലാതെ പെരുമാറീട്ടുണ്ടോ '.

' അതൊന്നൂല്യാ. എന്നാലും ഒറ്റയ്ക്ക് കഴിയാനുള്ള നിന്‍റെ തീരുമാനം കാണുമ്പോള്‍ എനിക്കങ്ങിനെ തോന്നുണുണ്ട് '.

വേണു ഒന്നും പറഞ്ഞില്ല.

' ഒരു കാര്യം പറയണംന്ന് ശ്ശി കാലായി മനസ്സില് കൊണ്ടു നടക്കുന്നു. വലിയമ്മ മരിച്ച ശേഷം നിന്നെ നോക്കി
രക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്ന എന്‍റെ അമ്മ അത് ചെയ്തില്ല. അവര് നിന്നെ നല്ലോണം ദ്രോഹിച്ചിട്ടുണ്ട്.
പഠിപ്പ് തീരും മുമ്പ് വീട്ടില്‍ നിന്ന് ആട്ടി വിട്ടു. അന്നൊക്കെ ഞാന്‍ നിനക്ക് വേണ്ടി അമ്മയോട് ഒരുപാട് പറഞ്ഞ് നോക്കീയിട്ടുണ്ട് . കാര്യോന്നും ഉണ്ടായില്ല. ചിലപ്പൊ എന്നെ ചീത്ത പറയും. തല്ലീട്ടും ഉണ്ട്. അപ്പോഴൊക്കെ മിണ്ടാതിരിക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളു. എന്നാലും നിന്നെ ഓര്‍ത്ത് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട് '.

' ഓപ്പോളുടെ സ്നേഹം എനിക്ക് അറിയാം . അന്ന് അങ്ങിനെ ചെയ്തൂന്ന് വെച്ച് എനിക്ക് ചെറിയമ്മയോട് വിരോധം
ഒന്നൂല്യാ. കുറെ ചോറ് തന്നിട്ടും കുളിപ്പിച്ചിട്ടും ഒക്കെ ഉള്ളതല്ലേ '.

' അത് നിന്‍റെ മനസ്സിന്‍റെ ഗുണം. കിട്ടുണ്ണ്യേക്കാളും നീയാണ് എന്നെ സ്നേഹിച്ചിട്ടുള്ളത് . അത് എനിക്ക് നന്നായിട്ടറിയാം . അവന് അന്നും ഇന്നും അവന്‍റെ കാര്യേള്ളു '.

' അതൊക്കെ ഓരോരുത്തരുടെ സ്വഭാവം ആണ്. നമ്മളെന്തിനാ കുറ്റം പറയുന്നത് '.

' ഇവിടെ ഒരാള് മകന്‍റെ വിവാഹ നിശ്ചയത്തിന്നും കല്യാണത്തിനും അളിയനെ വിളിക്കണം എന്നും പറഞ്ഞ് ഒറ്റ
കാലിലാണ് നില്‍പ്പ്. എനിക്കില്ലാത്ത ബന്ധം നിങ്ങള്‍ക്കുണ്ടോ എന്ന് ചോദിച്ച് ഞാന്‍ മൂപ്പരെ ഒതുക്കി നിര്‍ത്തിയതാ '.

' ഒരു കാര്യം പറഞ്ഞാല്‍ ഓപ്പോള് ദേഷ്യപ്പെടരുത് ' വേണു പറഞ്ഞു ' ഒരു അവസരം വരുമ്പോള്‍ അവനെ
ഒഴിവാക്കുന്നത് ഭംഗിയാണോ. മറ്റുള്ളവര്‍ എന്താ പറയുക '.

' നീയും അതന്യാണോ പറഞ്ഞോണ്ട് വരുന്നത്. ഒരു കാര്യം . ആരെന്ത് പറഞ്ഞാലും എനിക്ക് ഒരു ചുക്കും 
ഇല്ലാ. എന്നെ വേണ്ടാത്ത അനിയനെ എനിക്കും വേണ്ടാ '.

' അങ്ങിനെ വാശി പിടിക്കരുത് ഓപ്പോളേ . എത്രയായാലും ഒരേ വയറ്റില്‍ കിടന്നവരല്ലെ നിങ്ങള്‍ രണ്ടാളും '.

' വിശ്വേട്ടനും ഇതന്നേ പറയാറുണ്ട്. എനിക്ക് അവന്‍റെ പേര് കേള്‍ക്കുന്നതേ അത്തൂം ചതുര്‍ത്ഥീം കാണുന്ന
മാതിരിയാണ്. ഒരു വള്ളി പിടിച്ച് പോന്നതിന്‍റെ സ്ഥായിയൊന്നും  അവനില്ല '.

' പോട്ടെ ഓപ്പോളേ, നല്ലൊരു കാര്യം നടക്കുമ്പൊ അവന്‍റെ മനസ്താപം വലിച്ച് വെക്കണ്ടാ. നമ്മുടെ കുട്ടിക്ക്
അതോണ്ട് ഒരു ദോഷം ഉണ്ടാവണ്ടാ '.

' നിങ്ങളൊക്കെ എന്ത് വേണച്ചാലും ചെയ്തോളിന്‍. എന്നോടൊന്നും ചോദിക്കണ്ടാ ' എന്നും പറഞ്ഞ് പത്മിനി ആ വിഷയം അവസാനിപ്പിച്ചു.

രാത്രി ഉണ്ണാനിരിക്കുമ്പോള്‍ വക്കീല്‍ ഈ കാര്യം വീണ്ടും എടുത്തിട്ടു.

' ഇവിടുത്തെ വിശേഷങ്ങള്‍ക്ക് കിട്ടുണ്ണിയെ വിളിക്കണം എന്നാ എന്‍റെ മനസ്സില്‍ . എന്താ തന്‍റെ അഭിപ്രായം '.

വേണു നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു.

' കേട്ട്വോടോ വേണു പറഞ്ഞത്. അയാളെ അങ്ങിനെ ഒഴിവാക്കാന്‍ പാടില്ല '.

' നിങ്ങള് അളിയനും അളിയനും കൂടി അവനെ ക്ഷണിക്ക്വേ സല്‍ക്കരിക്ക്വേ എന്ത് വേണച്ചാലും ചെയ്തോളിന്‍.
ഞാന്‍ അവനെ വിളിക്കാനും വരില്ല, ഒന്നും ഒട്ട് മിണ്ടാനും പോവില്ല '.

' ആവൂ, അത്രയെങ്കിലും സമ്മതിച്ചല്ലോ ' എന്ന് ഇരുവരും സമാധാനിച്ചു.

1 comment: