Sunday, May 9, 2010

അദ്ധ്യായം - 63.

' ആരാ ' പടി കടന്ന് മുറ്റത്ത് വന്ന് നില്‍ക്കുന്ന ആളോട് വേണു ചോദിച്ചു. മുമ്പ് കണ്ടിട്ടുള്ള ആളല്ല.

' പാടത്ത് കോഴിയെ എറക്കിക്കോട്ടേ '.

' അതിനെന്തിനാ ചോദിക്കുന്നത് '.

' മുട്ട വേണോ, പണം വേണോ '.

' എനിക്കറിയില്ല. ചാമിയോട് ചോദിച്ചോളൂ '.

' ശരി ' അയാള്‍ മടങ്ങിപ്പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ കൊയ്ത്ത് കഴിഞ്ഞ പാടത്തിന്‍റെ വരമ്പിലൂടെ
എഴുത്തശ്ശന്‍ വരുന്നത് കണ്ടു.

കിണ്ടിയിലെ വെള്ളം ഒഴിച്ച് കാല്‍ കഴുകി അയാള്‍ ഉമ്മറതിണ്ണയില്‍ പടിഞ്ഞിരുന്നു.

' ആരാ ഇപ്പൊ വന്നിട്ട് പോയത് '.

' പാടത്ത് കോഴിയെ എറക്കിക്കോട്ടേ എന്ന് ചോദിച്ച് വന്നതാണ് '.

' എന്നിട്ട് വേണു എന്തേ പറഞ്ഞത് '.

' ഇതിനൊക്കെ എന്തിനാ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ , മുട്ട വേണോ, പണം വേണോ എന്ന്
ഇങ്ങോട്ട് ചോദിച്ചു. ചാമിടെ അടുത്ത് ചോദിച്ചോളാന്‍ ഞാനും പറഞ്ഞു '.

' വേണൂന് അറിയാഞ്ഞിട്ടാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്തെ ചളിയില്‍ താറാവിനെ മേക്കാന്‍ വരും.
കൊഴിഞ്ഞു വീണ നെല്ലും, പാടത്തുള്ള ഞണ്ടുകളും ഒക്കെ അവറ്റ കൊത്തി തിന്നും. അതിന്ന് പകരം
താറാമുട്ടയോ പണമോ എന്താ വേണ്ടെച്ചാല്‍ തരും. അതേ പോലെ വേനല്‍ കാലത്ത് ചെമ്മരിയാടിനെ
പാടത്ത് മേക്കാന്‍ കൊണ്ടു വരും. അവര് പണമൊന്നും തരില്ല. ചെമ്മരിയാടിന്‍റെ കാട്ടവും മൂത്രവും 
ഒക്കെ വളമാണല്ലോ. അതുകൊണ്ട് അവര് ഒന്നും തരില്ല. പാടത്ത് വളം കിട്ടിക്കോട്ടേന്ന് കരുതി ചിലര്
രാത്രി നേരത്ത് ആടിനെ പാടത്ത് കിടത്താന്‍ പറയും . അതിന്ന് അവര്‍ക്ക് അരിയും പണവും ഒക്കെ
അങ്ങോട്ട് കൊടുക്കണം. '.

' ഇങ്ങിനെ നമുക്ക് കാശോ മുട്ടയോ തന്നാല്‍ അവര്‍ക്ക് ജീവിക്കാന്‍ വല്ലതും കിട്ട്വോ '.

' നമ്മള് അത് എന്തിനാ നോക്കുന്നത്. താറാക്കോഴിയെ കണ്ടത്തില്‍ ഇറക്കിയാല്‍ വളപ്പശിമ പോകും.
അവരുടെ കോഴിക്ക് തീറ്റ കിട്ടും . പകരം കൃഷിക്കാരന്ന് എന്തെങ്കിലും കിട്ടണ്ടേ '.

സംസാരിച്ച് ഇരിക്കുന്നതിന്നിടയില്‍ ചാമി എത്തി.

' കോഴിക്കാരന്‍  വന്ന്വോ ' അവന്‍ ചോദിച്ചു.

നടന്ന കാര്യങ്ങള്‍ എഴുത്തശ്ശന്‍ പറഞ്ഞു.

' അത് നന്നായി. അല്ലെങ്കില്‍ അവര് പറ്റിക്കും '.

' എന്നാലും ചാമ്യേ ' എഴുത്തശ്ശന്‍ പറഞ്ഞു ' അമ്പലത്തിന്‍റെ കാര്യങ്ങളുടെ തിരക്കില്‍ കൊയ്ത്തും പണിയും
അലങ്കോലമാവുംന്ന് കരുതിയതാണ്. നീ ഒറ്റക്ക് എല്ലാം നടത്തി. പോര്‍ത്തിക്കാരനെ കിട്ട്വാണച്ചാല്‍ നിന്നെ
പോലെ ഒരുത്തനെ കിട്ടണം '.

' നിങ്ങളാല്‍ ചിലരുടെ കുരുത്തം കൊണ്ടാണ് പോക്കണക്കേട് കൂടാതെ ഒക്കെ സമാളിക്കാന്‍ കഴിഞ്ഞത് '
എന്ന് ചാമിയും പറഞ്ഞു.

' ട്രാക്ടറോ, കന്നോ വിളിച്ചിട്ട് രണ്ട് ചാല് പൂട്ടിച്ചിട്. താള് കുറ്റിയൊക്കെ അളിയട്ടെ '.

' അതൊക്കെ ഏര്‍പ്പാടാക്കി കഴിഞ്ഞു. ഇന്ന് വൈകുന്നേരോ നാളെ നേരം വെളുക്കുമ്പോഴോ വണ്ടി എത്തും.
അഞ്ച് പറ കണ്ടം നാല് ചാല് പൂട്ടിക്കും. രണ്ട് കൂട്ടര്‍ക്കും വേണ്ട വിത്ത് ഇടാനാണ് '.

' നമ്മടെ ആവശ്യത്തിന് വേണ്ട വിത്ത് ഉണ്ടോടാ '.

' ഇഷ്ടം പോലെ ഉണ്ട്. ഒന്നും കൂടി കാറ്റത്തിട്ട് കുറുംചാത്തനൊക്കെ കളഞ്ഞ് വെയിലും കൊള്ളിച്ച് ഞാന്‍ സൂക്ഷിച്ച്
വെച്ചിരുന്നു. ഇന്നലെ അതെടുത്ത് വെള്ളത്തില്‍ ഇട്ടു വെച്ചു. ഇനി ഇന്ന് മോന്തിക്ക് വെള്ളം ഊറ്റി കളഞ്ഞ് അത് ചാക്കിലാക്കി കെട്ടി മുകളില്‍ ഒരു കല്ല് വെക്കണം. അതേ ചെയ്യാനുള്ളു '.

' പറയുമ്പഴക്കും നീ വേണ്ട മാതിരി ഒക്കെ ചെയ്തല്ലോ '.

' നിങ്ങള് രണ്ടാളും  എന്‍റെ കൂടെ പരിയംപുറത്തേക്ക് വരിന്‍ ' എന്നും പറഞ്ഞ് ചാമി പുറകിലേക്ക് നടന്നു. വേണുവും എഴുത്തശ്ശനും പുറകെ ചെന്നു.

വീടിന്ന് പിന്നിലെ ചായ്‌പ്പില്‍ മണ്‍തൊട്ടികളില്‍ നെല്ല് നിറച്ച് വെള്ളം ഒഴിച്ച് വെച്ചിരിക്കുന്നു.

' ഇത് മതിയാവ്വോടാ ചാമ്യേ ' എഴുത്തശ്ശന്‍ ചോദിച്ചു.

' അപ്പ്വോച്ചന്‍ മിണ്ടാണ്ടിരിക്കിന്‍ . ഇതൊന്ന് മുളച്ച് പൊന്തട്ടെ. സള്‍ഫേറ്റിന്‍റെ പൊടി ഞാറ്റില്‍ ഒന്ന് തൂളിച്ച്
കൊടുത്താല്‍ നാല് ദിവസം കൊണ്ട് ഞാറ് ടപ്പേന്ന് പൊങ്ങും. നമ്മടെ കണ്ടം നട്ടിട്ട് ബാക്കി വരും '.

' ബാക്കിയൊന്നും വരണ്ടാ. തികഞ്ഞാല്‍ മതി. നടുന്ന നേരത്ത് ഞാറ്റിന്ന് വക്കല്‍ വന്നാല്‍ മനസ്സുമുട്ടാവും '.

' ഞാനല്ലേ പറഞ്ഞത്. പത്ത് മുടിയെങ്കിലും ബാക്കി വന്നില്ലെങ്കില്‍ നിങ്ങളെന്നെ ഇങ്ങിനെ വിളിച്ചോളിന്‍ ' എന്നും പറഞ്ഞ് ചാമി വിരല്‍ ഞൊടിച്ച് കാട്ടി.

' ഇപ്പൊ നെല്ലിനൊക്കെ എന്താണ്ടാ വില ' എഴുത്തശ്ശന്‍ ചാമിയോട് ചോദിച്ചു.

' എനിക്ക് അറിയില്ല. നാളെ നെല്ല് പിടിക്കാന്‍ വരുണ നായരോട് കേട്ടിട്ട് പറയാം '.

' നീയെന്താ ചെയ്യാന്‍ ഉദ്ദേശം ' എഴുത്തശ്ശന്‍ വേണുവിനോട് ചോദിച്ചു ' ഞാന്‍ നെല്ല് കൊടുക്കുന്ന കൂട്ടത്തില്
കൊടുക്കുന്നോ, അതോ വേറെ വല്ലവര്‍ക്കും കൊടുക്കണംന്ന് വിചാരിക്കുന്നുണ്ടോ '.

' അമ്മാമേ ' വേണു പറഞ്ഞു ' ഇത്ര കാലം നടന്ന പോലെ തന്നെ കാര്യങ്ങളൊക്കെ നടക്കട്ടെ. ഓപ്പോളാണ് എല്ലാം നിശ്ചയിച്ചിരുന്നത്. ഇനിയും അതുപോലെ തന്നെ മതി '.

' എന്തായാലും ഏറെ ദിവസം വെച്ചോണ്ട് ഇരിക്കണ്ടാ. മഴയത്ത് കൊയ്തെടുത്ത നെല്ലാണെന്ന് ഓര്‍മ്മ വേണം '.

' ഞാന്‍ നാളെ തന്നെ ഓപ്പോളേ കാണാന്‍ ചെല്ലുന്നുണ്ട് '.

' വലിയ തമ്പ്രാട്ടി ചെല്ലാന്‍ പറഞ്ഞൂന്ന് മൊതലാളിയോട് പറയാന്‍ ഇന്നലെ മൂത്താര് പറയ്വേണ്ടായി '.

' എന്നാല്‍ അങ്ങിനെ ആവട്ടെ ' എന്ന് എഴുത്തശ്ശന്‍ പറഞ്ഞു നിര്‍ത്തി.

**********************************************************

പാടങ്ങളുടെ വരമ്പുകള്‍ ചെത്തി വെടുപ്പാക്കി ചേറ് ഇട്ട് പൊതിയുന്ന പണി തുടങ്ങിയിരുന്നു. മറ്റ് രണ്ടു
പേര്‍ കൂടി ചാമിക്കൊപ്പം പണിയാനുണ്ട്. എഴുത്തശ്ശന്‍റെ പാടത്ത് പണി ചെയ്യുന്നതിന്ന് നാലഞ്ചു പേരുണ്ട് .
കളപ്പുര തൊടിയിലും തോട്ടത്തിലുമുള്ള ശീമകൊന്നയുടേയും ആവശ്യമില്ലാത്ത മരങ്ങളുടേയും ഇലകള്‍ നിറഞ്ഞ
ചില്ലകള്‍ വെട്ടിയെടുത്ത് കെട്ടാക്കി പെണ്ണുങ്ങള്‍ പാടത്ത് തൂപ്പും തോലും ഇടാന്‍ കടത്തുകയാണ്. എഴുത്തശ്ശന്‍റെ
പണിക്കാരികള്‍ വണ്ടിപ്പുരക്ക് ചുറ്റുമുള്ള തൂപ്പ് അയര്‍ക്കുന്ന ജോലിയിലാണ്.

' നോക്ക് വേണ്വോ ' എഴുത്തശ്ശന്‍ പറഞ്ഞു ' ആ പെണ്ണുങ്ങളുടെ ഈണ്ട് എഴഞ്ഞുള്ള നടപ്പ് കാണുമ്പഴേ
എനിക്ക് കലി വരും. പണി ചെയ്യാതെ എങ്ങിനെ സമയം ആക്കണം എന്നാ ഇവറ്റകളുടെ ഉള്ളില് '.

ഏതാനും നിമിഷം കഴിയുമ്പോഴേക്കും എഴുത്തശ്ശന്ന് ഇരിപ്പ് ഉറക്കാതായി.

' ഞാനൊന്ന് ചെന്ന് നോക്കട്ടെ. നീ വരുന്നുണ്ടോ ' അയാള്‍ ചോദിച്ചു.

വേണു ഇല്ലെന്ന് തലയാട്ടി. എഴുത്തശ്ശന്‍ പടി കടന്ന് പോയി. ചാരു കസേലയില്‍  ദൂരേക്ക് നോക്കി വേണു
ഇരുന്നു. പുഴ കടന്ന് വന്ന ഇളം കാറ്റ് വേണുവിന്‍റെ കണ്ണ് പൊത്തി.

' എന്താ നേരം കെട്ട നേരത്ത് ഒരു ഉറക്കം '.

ശബ്ദം കേട്ട് വേണു ഉണര്‍ന്നു. രാജന്‍ മേനോനും സ്വാമിനാഥനും മുന്നില്‍.

' കേറി ഇരിയ്ക്കൂ ' അയാള്‍ അവരെ ക്ഷണിച്ചു.

' അങ്ങാടീല്‍ വെച്ച് ഞാന്‍ മേനോന്‍ സ്വാമിയെ കണ്ടു ' സ്വാമിനാഥന്‍ പറഞ്ഞു ' ഇന്ന് രാത്രീല് എനിക്ക്
തിരുവനന്തപുരത്തേക്ക് പോവാനുള്ളതാണ്. എലക്ഷനൊക്കെ വരാന്‍ പോവ്വല്ലേ. പാര്‍ട്ടിടെ കുറെയേറെ
പരിപാടികളുണ്ട്. ചിലപ്പോള്‍ ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരാന്‍ പറ്റു. അതിന്ന് മുമ്പ് മൂന്നാളുക്കും കൂടി
കുറച്ച് സംസാരിച്ചിരിക്കാംന്ന് തോന്നി ' .

' അത് നന്നായി '.

' മാഷെ ' സ്വാമിനാഥന്‍ പറഞ്ഞു ' നാളെ ലോറീല് ഓട് കൊണ്ടു വന്ന് വെള്ളപ്പാറ കടവിന്‍റെ മുകളിലെ
തിട്ടില്‍ ഇറക്കി വെക്കും. ആളെ വിട്ട് മുഴുവനും കടത്തി അമ്പല മുറ്റത്ത് അടുക്കി വെക്കണം. മറ്റന്നാള്‍
മേച്ചില് തുടങ്ങണം . ഒറ്റ മാസം  കൊണ്ട് തേപ്പും നിലം പണീം തീര്‍ത്ത് ഇരിക്കാറാക്കണം '.

' ഞങ്ങള് രണ്ടാളും ഒപ്പം ഉണ്ടാവും ' വേണു ഏറ്റു.

സ്വാമിനാഥന്‍ ചുറ്റും നോക്കി.

' മാഷേ, ഒരു കാര്യം ചെയ്താലോ ' അയാള്‍ പറഞ്ഞു ' ഓട് മേയാന്‍ പാകത്തില് ഈ പുരയുടെ പണി ചെയ്തിട്ടുണ്ടല്ലോ. നമുക്ക് ഇതങ്ങിട്ട് ഓട് മേയാം. കോമണ്‍ വെല്‍ത്തിന്‍റെ നല്ല ഫസ്റ്റ് ക്ലാസ്സ് ഓടുണ്ട്.
പഴയതാണെന്ന് വെച്ച് മോശമാണെന്നൊന്നും  കരുതണ്ടാ. അത്ര നല്ല സാധനം ഇപ്പൊ കിട്ടാനില്ല '.

പുര മേയാന്‍ വേണ്ട ഓട് ഓപ്പോളുടെ വീട്ടിലുണ്ടെന്നും , മഴ കഴിഞ്ഞതും  പട്ട മാറ്റി ഓട് മേയാന്‍ 
ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും വേണു പറഞ്ഞു.

' നമ്മളിപ്പോള്‍ ഉണ്ടാക്കുന്ന കെട്ടിടത്തിന്‍റെ പണി തീരാറായി. ശാന്തിക്കാരനോ കഴകക്കാരോ വേറെ വല്ല
ജോലിക്കാരോ ആര് വേണച്ചാലും താമസിച്ചോട്ടെ. ഇനി ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അമ്പലം 
പണി അധികം വൈകാതെ കഴിയും. മണ്ഡല മാസം ആവുമ്പോഴേക്കും എല്ലാം തീരും. '.

' നമ്മള്‍ വീണ്ടും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലെത്തും അല്ലേ ' മേനോന്‍ ചോദിച്ചു.

' ഞാനൊരു കാര്യം പറയട്ടെ ' വേണു പറഞ്ഞു ' ഞാന്‍ നിങ്ങളുടെയൊക്കെ ഒപ്പം ക്ഷേത്ര കാര്യങ്ങള്‍ക്ക്
നില്‍ക്കുന്നൂന്നേ ഉള്ളു. എന്‍റെ മനസ്സില് വേറെ കുറെ പദ്ധതികള്‍ ഉണ്ട് '.

' എന്താദ് ' മേനോന്‍ തിരക്കി.

' ക്ഷേത്ര കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല എന്നല്ല ഞാന്‍ പറഞ്ഞതിന്ന് അര്‍ത്ഥം ' വേണു സ്വന്തം
മനസ്സ് തുറന്നു ' അത് വേണ്ടതന്ന്യാണ് . അതിന്‍റെ കൂടെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണം 
കിട്ടുന്ന വല്ലതും ഒക്കെ ചെയ്തൂടെ എന്നൊരു ആഗ്രഹം മനസ്സിലുണ്ട് '.

' എന്താ വേണു ഉദ്ദേശിക്കുന്നത് ' മേനോന്‍ ചോദിച്ചു.

' സാക്ഷരതയുടെ കാര്യത്തില്‍ നമ്മള് മുന്നിലാണ് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഞാന്‍ നോക്കുമ്പോള്‍
സ്കൂളിന്‍റെ പടി കടക്കാതെ കന്നും മേച്ച് നടക്കുന്ന എത്രയോ കുട്ടികളെ ഇവിടെ കാണാനുണ്ട്. അവര്‍ക്ക് നാലക്ഷരം പഠിക്കാനൊരു സംവിധാനം വേണ്ടേ. അതുപോലെ ആര്‍ക്കെങ്കിലും വല്ല അസുഖവും വന്നാല്‍ 
ഈ നാട്ടില്‍ വല്ല ചികിത്സ സൌകര്യം ഉണ്ടോ . അടുത്ത പടി ഈ പറഞ്ഞതിനൊക്കെ ശ്രമിച്ചൂടെ '.

' ചൂഷിതരും ചൂഷകരും ഇല്ലാത്ത സമത്വ സുന്ദര ലോകം സ്വപ്നം കണ്ട് നടന്നവനാണ് ഞാന്‍ ' മേനോന്‍ 
പറഞ്ഞു ' എന്നിട്ട് കണ്‍മുമ്പിലുള്ള ജനങ്ങളുടെ കഷ്ടപ്പാടൊന്നും എന്‍റെ മനസ്സില്‍ മനസ്സിലെത്തിയില്ലല്ലോ '.

' ഇതിനെ കുറിച്ച് ആലോചിക്കാന്‍ എല്ലാവരേയും വിളിക്കണ്ടാ ' സ്വാമിനാഥന്‍ പറഞ്ഞു ' എതിര് പറയാന്‍
മാത്രേ ആളുണ്ടാവൂ'.

' ആദ്യം നമുക്ക് വലിയ നിലയ്ക്കൊന്നും പോണ്ടാ ' മേനോന്‍ പറഞ്ഞു ' എന്‍റെ സുഹൃത്ത് ഒരു ഡോക്ടറുണ്ട്.
എന്നെ പോലെ തന്നെ തല തിരിഞ്ഞ ഒരു സാധനം. സേവനം എന്ന് പറഞ്ഞാല്‍ കക്ഷിക്ക് ഒരു തരം ഹരമാണ്.
പുള്ളിയെ ഇവിടെ എത്തിക്കാനുള്ള മാര്‍ഗ്ഗം ഞാനൊന്ന് നോക്കട്ടെ '.

' സ്കൂളില്‍ പോകാത്തവര്‍ക്കായി രാത്രി നേരത്ത് നമുക്ക് ഒരു ക്ലാസ്സ് തുടങ്ങിയാലോ. അതിനാവുമ്പോള്‍ ആരുടെ സഹായവും ചോദിച്ച് പോണ്ടാ. നമുക്കന്നെ വല്ലതും പറഞ്ഞു കൊടുക്കാം. തല്‍ക്കാലം ഇവിടെ തന്നെ അത്
നടത്താം . എന്താ വിരോധം ഉണ്ടോ ' വേണു ചോദിച്ചു.

' നല്ല കാര്യായി. എന്താ വിരോധം . ഒറ്റ കെട്ടായി നമുക്ക് ഇതൊക്കെ ചെയ്യാം '.

' പഠിപ്പിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല ' സ്വാമിനാഥന്‍ പറഞ്ഞു ' പക്ഷെ എന്ത് വേണച്ചാലും എന്നോട് ചോദിക്കാന്‍ മടിക്കണ്ടാ. സര്‍ക്കാറില്‍ നിന്ന് എന്തെങ്കിലും കിട്ട്വോന്ന് ഞാനും നോക്കാം  '.

' അമ്പലത്തില്‍ നിന്ന് തുടങ്ങി നമ്മള്‍ എവിടെയൊക്കെയോ എത്തി ' വേണു പറഞ്ഞു ' ഇതൊക്കെ തമ്മില്‍ 
ഒരു ബന്ധവും ഇല്ല അല്ലേ '.

' എന്താ ഇല്ലാതെ ' മേനോന്‍ പറഞ്ഞു ' ഒരു ദേഹമാണ് സമൂഹം എന്ന് കരുതിയാല്‍ അമ്പലം പോലുള്ള ആത്മീയ കേന്ദ്രങ്ങള്‍ ദേഹിയാണ്. രണ്ടും കൂടി ചേര്‍ന്നാലേ ജീവന്‍റെ ചലനം  ഉണ്ടാവൂ '.

ചോറ് വാങ്ങിക്കാനുള്ള പാത്രങ്ങള്‍ എടുക്കാന്‍ ചാമി എത്തി.' ഞാന്‍ ഇറങ്ങട്ടെ ' എന്നും പറഞ്ഞ് സ്വാമിനാഥന്‍
എഴുന്നേറ്റു.

2 comments:

  1. വായനതുടരുന്നു

    ReplyDelete
  2. പുഴ കടന്നു വന്ന ഇളം കാറ്റ് വേണുവിന്‍റെ കണ്ണ് പൊത്തി..ഒരു ദേഹമാണ് സമൂഹം അമ്പലം ദേഹിയാണ്..സരളമായ വാക്കുകള്‍

    ഉണ്ണിയേട്ട മനസ് നിറഞ്ഞു വായിക്കയാണ്...

    ReplyDelete