Monday, March 22, 2010

അദ്ധ്യായം - 59.

' ഓണത്തിന്ന് ഏട്ടനെ വിളിക്കിണുണ്ടോ ' രാത്രി ഊണ് കഴിഞ്ഞ് മുറ്റത്ത് അങ്ങോട്ടും 
ഇങ്ങോട്ടും നടക്കുന്ന കിട്ടുണ്ണിയോട് രാധ ചോദിച്ചു.

' അതെന്താ അങ്ങിനെ ചോദിച്ചത് '.

' ഒന്നൂല്യാ. വെറുതെ ചോദിച്ചൂന്ന് മാത്രം '.

' വിളിക്കണോ '.

' വിളിച്ചാല്‍ നന്ന്. ഒന്നൂല്യെങ്കിലും ചോദിച്ചിട്ടും അല്ലാണ്ടീം കൊറെ തന്ന് സഹായിച്ച
ആളല്ലേ '.

' അതൊന്നും പറയണ്ടാ.  ഇല്ലാത്തോന്‍ ഉള്ളോരോട് ചോദിക്കും. മനസ്സുണ്ടെങ്കില്‍ 
കൊടുക്കും. അത് കൈ നീട്ടി വാങ്ങും. അതിലിത്ര പറയാനൊന്നും ഇല്ല '.

' ഞാന്‍ പറയാനൊന്നും വരുണില്ല. ഇഷ്ടം പോലെ ചെയ്തോളൂ '.

' എന്തായാലും താന്‍ പറഞ്ഞ സ്ഥിതിക്ക് വിളിക്കാം. വന്നാല്‍ വരട്ടെ '.

' വിളിക്കും പോലെ വിളിച്ചാല്‍ ഏട്ടന്‍ വരാതിരിക്കില്ല '.

' എനിക്ക് അത്രക്കങ്ങിട്ട് അറിയില്ല. സാധാരണ പറയുമ്പോലെ പറയും '.

' എന്തോ ചെയ്തോളൂ '.

*****************************************************

' അച്ഛാ, ഞാനൊരു മോഹം പറഞ്ഞാല്‍ ദേഷ്യം തോന്ന്വോ ' നാണു നായരോട്
സരോജിനി ചോദിച്ചു.

' എന്താദ് '.

' ഒരു തരി പൊന്ന് എന്‍റെ മേത്ത് ഇല്ല. എനിക്കും മോഹം ഉണ്ടാവില്ലേ '.

' എനിക്ക് അറിയാഞ്ഞിട്ടല്ല. ഞാന്‍ വിചാരിച്ചാല്‍ പറ്റണ്ടേ '.

' എന്‍റേല് വേണ്വോട്ടന്‍ തന്നതിന്‍റെ ബാക്കി കുറച്ച് പണം ഉണ്ട്. രണ്ട് കമ്മലും ഒരു
അരഞ്ഞാള്‍ ചെയിനും പതക്കൂം വാങ്ങിക്കട്ടെ '.

' അത് വേണോ. അവന്‍റെ വരുമ്പടി നിന്നാല് കുറച്ച് ദിവസം അതോണ്ട് കഴിയാലോ '.

' അങ്ങിനെ വന്നാല്‍ ഞാന്‍ എന്‍റെ പണ്ടം അഴിച്ചു തരാം. വിറ്റ് കാശാക്കിക്കോളൂ. അത്
വരേക്ക് എനിക്ക് ഇടാലോ '.

' ഞാന്‍ ഒന്ന് ആലോചിക്കട്ടെ '.

' കിട്ട്വാണെങ്കില്‍ എനിക്ക് ഓണത്തിന് കിട്ടണം. അല്ലെങ്കില്‍ വേണ്ടാ '.

' നീയെന്താ ഇങ്ങിനെ ഒരു കൂട്ടം കൂടുണത് . അപ്പാപ്പാ പെണ്ണ് വേണം, എപ്പൊ വേണം,
ഇപ്പൊ വേണംന്ന് പറയിണ മാതിരി '.

' അല്ലെങ്കിലും എന്‍റെ കാര്യത്തില് മാത്രേ അച്ഛന്‍ പിന്നാക്കം നിക്കാറുള്ളു. ഏടത്തിടെ
കാര്യൂം ഏട്ടന്‍റെ കാര്യൂം ഒക്കെ സമയാസമയത്ത് നടത്തീലേ '.

' ആ പുരാതിയേ കേള്‍ക്കാന്‍ ബാക്കീ ഉണ്ടാര്‍ന്നുള്ളൂ. ഇപ്പൊ അതും ആയി '.

' അച്ഛനെ സങ്കടപെടുത്താന്‍ വേണ്ടി ഞാന്‍ പറഞ്ഞതല്ല. എന്‍റെ മനസ്സിലെ വെഷമം 
പറഞ്ഞൂന്നേ ഉള്ളു '.

' ഞാന്‍ നാളെ തന്നെ ചെന്ന് തട്ടാന്‍ കുട്ടനെ വരാന്‍ പറയാം. എങ്ങിനത്തേതാ
വേണ്ട് എന്ന് നീ തന്നെ പറഞ്ഞു കൊടുത്തോ '.

അതോടെ സരോജിനി മുപ്പത്തഞ്ച് കൊല്ലം പുറകിലേക്ക് ഓടി പതിനഞ്ച് വയസ്സുള്ള
ഒരു പാവാടക്കാരി പെണ്‍കുട്ടിയായി മാറി.

*******************************************************

' നമ്മള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും അപസ്വരങ്ങള്‍ ആരംഭിച്ചതാണ് ഏറ്റവും
സങ്കടകരമായത് ' രാജന്‍ മേനോന്‍ തന്‍റെ ദുഃഖം പറഞ്ഞു.

തലേന്ന് വൈകീട്ട് യോഗം കഴിഞ്ഞ് തിരിച്ച് പോവുന്ന സമയത്ത് കൃഷ്ണ തരകന്‍ 
തന്നോട് പറഞ്ഞ കാര്യങ്ങള്‍ കളപ്പുരയില്‍ വെച്ച് മേനോന്‍ സംസാരിക്കുകയാണ്.

' പത്താള് കൂടുന്ന കാര്യത്തില്‍ അങ്ങിനെയൊക്കെ ഉണ്ടാവും. എനിക്കതല്ല വെഷമം .
ഓണം കഴിഞ്ഞ രാവിലെ പാടത്ത് അരിവാള് വെക്കണം ' എഴുത്തശ്ശന്‍ പറഞ്ഞു ' ആ
സമയത്താണ് അമ്പലത്തില് ദേവപ്രശ്നം വരുണത്. രണ്ടും കൂടി എന്താ വേണ്ടേന്ന്
ഒരു എത്തും പിടീം കിട്ടിണില്ല '.

രാജന്‍ മേനോനും നാണു നായരും വേണുവും കേട്ടിരിപ്പാണ്. എന്താണ് ചെയ്യുക എന്ന്
അവര്‍ക്കും അറിയില്ല.

' അത് വിടിന്‍ ' ചാമി പറഞ്ഞു ' അപ്പ്വോച്ചന്‍റെ കൊയ്ത്ത് നോക്കാനാളില്ലാതെ മൊടങ്ങില്ല.
ആ കാര്യം എനിക്ക് വിട്ട് തരിന്‍. നിങ്ങള് അമ്പലത്തിന്‍റെ കാര്യങ്ങള്‍ സമാധാനത്തോടെ
നോക്കിക്കോളിന്‍ '.

' കേട്ടിലേ അവന്‍ പറഞ്ഞത് ' നാണു നായര്‍ പറഞ്ഞു ' ആ കെടേലടി അങ്ങിനെ തീര്‍ന്നല്ലോ.
അവന്ന് ഭഗവാന്‍റെ കടാക്ഷം കിട്ടും. ഇനിയിപ്പൊ കൃഷ്ണ തരകന്‍  വന്നിട്ട് എന്തൊക്കെ
കൊശമശക്കം ഉണ്ടാക്കുംന്നേ അറിയേണ്ടു '.

' അത് ആലോചിച്ച് നിങ്ങള് വിഷമിക്കണ്ടാ. കുത്താന്‍ വരുണ ആനേ ഒരു കോല് കാട്ടി പേടിപ്പിച്ച്
നിര്‍ത്തുന്നു. പിന്ന്യല്ലേ ഇവര് '

എഴുത്തശ്ശന്ന് അതൊന്നും പ്രശ്നമല്ല.

കൈക്കോട്ടുമായി ചാമി പാടത്തേക്ക് നടന്നു. കണ്ടത്തിലെ വെള്ളം വെട്ടി വിടാനുണ്ട്. ഇല്ലെങ്കില്‍ 
കൊയ്യാന്‍ പാടാണ്. ഏറെ വൈകാതെ തരകനെത്തി, കൂടെ തൊരപ്പന്‍ എന്ന ഓമനപ്പേരുള്ള ഗോപി
നായരും ഉണ്ട്.

' നിങ്ങള് വരുംന്ന് ഗുരുസ്വാമി പറഞ്ഞു. ഞങ്ങളൊക്കെ കാത്തിരിക്യാണ് ' നാണു നായര്‍ പറഞ്ഞു.

ആഗതര്‍ കയറിയിരുന്നു.

' എന്താ നിങ്ങളടെ വെഷമം ' എഴുത്തശ്ശന്‍ ചോദിച്ചു ' അതങ്ങിട്ട് തൊറന്ന് പറയിന്‍. എന്തിനും
നിവൃത്തി മാര്‍ഗ്ഗം കാണാലോ '.

' അതേയ് ' തരകന്‍ പറഞ്ഞു ' ഞങ്ങളുടെ വെഷമം തീര്‍ക്കാന്‍  ആരുടേം സഹായം വേണ്ടാ.
പക്ഷെ ഒരു പൊതു കാര്യത്തില് തോന്നിയത് പോലെ ചെയ്യാന്‍ പറ്റില്ല '.

' അതിനിപ്പൊ ആരാ തന്നിഷ്ടം കാട്ട്യേത്. എല്ലാ കാര്യൂം ഒന്നിച്ചിരുന്ന് ആലോചിച്ചിട്ടല്ലേ ചെയ്യാറ് '.

' അതൊന്ന്വോല്ല നടക്കുണത് ' ഗോപി നായര്‍ പറഞ്ഞു ' കാശും പണൂം ഉള്ളോരുക്ക് ഒരു രീതി.
ഇല്ലാത്തോരക്ക് മറ്റൊന്ന് '.

' നിങ്ങളിങ്ങനെ അങ്ങിട്ടും ഇങ്ങിട്ടും തൊടാതെ കൂട്ടം കൂട്യാല്‍ ശരിയാവില്ല ' എഴുത്തശ്ശന്‍ 
കടുപ്പിച്ച് പറഞ്ഞു ' എന്താച്ചാല്‍ അത് വെട്ടി മുറിച്ച് പറയണം '.

' പറയാനൊന്നും മടിയില്ല ' തരകനും ചൂടായി ' ആരോട് ചോദിച്ചിട്ടാണ് പൂജക്കാരനും 
കഴകക്കാര്‍ക്കും താമസിക്കാന്‍ പുര പണിയാന്‍ തുടങ്ങിയത്. അമ്പലം പുതുക്കി പണിയുന്നതിന്ന്
മുമ്പ് അതാണോ ധൃതി വെച്ച് ചെയ്യേണ്ടത് '.

' മീറ്റിങ്ങില്‍ സ്വാമിനാഥന്‍ ഈ കാര്യം പറഞ്ഞിരുന്നു. പോരാഞ്ഞിട്ട് അതിന്‍റെ മുഴുവന്‍ ചിലവും 
അയാളാണ് ചെയ്യുന്നത് ' ഗുരുസ്വാമി വിശദീകരിച്ചു.

' എന്താപ്പൊ അതിന്‍റെ ആവശ്യം. പണം പിരിച്ച് കമ്മിറ്റിക്കാര് പണി ചെയ്യിക്കട്ടെ. എന്തിനാ
അയാളുടെ ഓശാരത്തിന്ന് നിക്കുണത് '.

മരിച്ചു പോയ അമ്മയുടെ ഓര്‍മ്മക്കായി സ്വാമിനാഥന്‍ പണി ചെയ്യിച്ചു തരുന്ന കെട്ടിടമാണ്
അതെന്നും , ഒരു മേല്‍നോട്ടം മാത്രമേ താന്‍ ചെയ്യാറുള്ളു എന്നും  മേനോന്‍ പറഞ്ഞു.

' അപ്പൊ നിങ്ങളൊക്കെ കൂടി ഒത്തിട്ടുള്ള ഏര്‍പ്പാടാണ് ഇത് ' തരകന്‍ ആരോപിച്ചു.

' അമ്മയുടെ സ്മരണയ്ക്ക് എന്ന് ബോര്‍ഡ് എഴുതി കെട്ടി തൂക്ക്വോ ' ഗോപി നായര്‍ക്ക് അതാണ്
അറിയേണ്ടത്.

കെട്ടിടത്തിന്‍റെ മുമ്പിലായി ചുമരില്‍  വെണ്ണക്കല്ലില്‍ ഉണ്ടാക്കിയ ബോര്‍ഡ് വെക്കുമെന്ന് മേനോന്‍
പറഞ്ഞു

' എന്താ അതില് എഴുതണത്. കുറുക്കാന്‍ കാട്ടില്‍ പാറുകുട്ടിയുടെ ഓര്‍മ്മക്ക് എന്നോ അതോ
കൈലാസത്തില്‍ പാര്‍വതി അമ്മയുടെ സ്മരണക്ക് എന്നോ ' തൊരപ്പന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.

' കയ്യില് ഒന്നും ഇല്ലാതിരുന്ന കാലത്ത് കുറുക്കന്‍ കാട്ടില്‍ പാറുക്കുട്ടിയായിരുന്നു അവള്. പഴണനാണ്
അവളെ കെട്ടിക്കൊണ്ട് വന്നത്. പിന്നെ അവന്‍റെ മൂന്ന് അനുജന്മാര്‍ക്കും ഇവള് ഒറ്റ പെണ്ണ് ആയിരുന്നു
കെട്ടിയവളായിട്ട്. സ്വത്തും പണൂം വന്നപ്പോള്‍ വീടിന്‍റെ പേര് കൈലാസം എന്ന് ഇട്ടു. പാറുക്കുട്ടി
പാര്‍വതിയായി. കെട്ട്യോന്മാരില്‍ ആരക്കാ ശിവന്‍ എന്ന് പേര് ഇടേണ്ടത് എന്നേ സംശയം ഉണ്ടാര്‍ന്നുള്ളു '.

ആ സംഭാഷണം തുടരുന്നതില്‍  ആര്‍ക്കും ഇഷ്ടം തോന്നിയില്ല.

' എന്തോ ആവട്ടെ. നമുക്കിതില്‍ എന്താ കാര്യം ' നാണു നായര്‍ പറഞ്ഞു.

' നിങ്ങള്‍ക്ക് ഇതൊന്നും കാര്യം ഉണ്ടാവില്ല. മൊഖത്ത് മീശീം വെച്ച് ആണുങ്ങളാണ്എന്നും പറഞ്ഞ്
നടക്കുന്നോര്‍ക്ക് ഇതൊന്നും കണ്ടിട്ട് മിണ്ടാതിരിക്കാന്‍ പറ്റില്ല.

' ഇവനുണ്ടല്ലോ ഈ വെപ്പ് പണിക്ക് പോണ നായര്. ചെന്നോടത്തൊക്കെ കൊഴപ്പം ഉണ്ടാക്കലാ അവന്‍റെ
തൊഴില്. അവന്‍റെ കൂട്ടം കേട്ട് നീ വേണ്ടാത്തത് പറയാന്‍ നിക്കണ്ടാ ' എഴുത്തശ്ശന്‍ ക്ഷോഭിച്ചു.

' പറയാനുള്ളത് ആരടെ അടുത്തും പറയും '.

' നീയൊക്കെ വിചാരിച്ചാല് നാല് മുക്കാല് തെകച്ച് എടുക്കാന്‍ കഴിയ്വോ . ആരെങ്കിലും മനസ്സറിഞ്ഞ് വല്ലതും
ചെയ്യുന്നതിനേ മൊടക്കാന്‍ നിക്കണ്ടാ '.

എനിക്ക് കണ്ടൂം കൃഷീം ഒന്നൂല്യാ. മുറുക്ക് ഉണ്ടാക്കി വിറ്റിട്ടാണ് കുടുംബം നോക്കുന്നത്. എന്നാലും പണം
ഉള്ളോരുടെ മൂടും താങ്ങി പോകാറില്ല '.

' അത്ര രോഷം തോന്നുന്നൂച്ചാല് നീ നെന്‍റെ വക ഒരു കെട്ടിടം പണിത് താ. എന്നിട്ട് കൂട്ടം കൂട്. വെറുതെ
നാവിട്ടലക്കാന്‍ വേണ്ടി വന്നോളും ഓരോന്ന് '.

' നിങ്ങളുടെ ഒരു കാര്യത്തിനും ഇനി ഞങ്ങളില്ല ' എന്നും പറഞ്ഞ് ഇരുവരും എഴുന്നേറ്റു.

' നീയൊക്കെ ഇല്ലാണ്ടെ ഇത് കെട്ടി പൊക്കാന്‍ കഴിയ്വോന്ന് ഞങ്ങളും നോക്കട്ടെ '.

പടി കടന്ന് അവര്‍ പോയി.

' ഏഷണിക്കാര്‍ പെണങ്ങി പോയി അല്ലേ ' എന്ന് അപ്പോള്‍ അവിടെ എത്തിയ ചാമി ചോദിച്ചു

4 comments:

  1. എനിക്ക് കണ്ടൂം കൃഷീം ഒന്നൂല്യാ. മുറുക്ക് ഉണ്ടാക്കി വിറ്റിട്ടാണ് കുടുംബം നോക്കുന്നത്. എന്നാലും പണം
    ഉള്ളോരുടെ മൂടും താങ്ങി പോകാറില്ല



    ജീവിത്തില്‍ പലരും എടുത്തിരിയ്ക്കുന്ന തീരുമാനമാണ്. ഈ ഞാനും എനിയ്ക്കതില്‍ അഭിമാനം മാത്രമേ തോന്നിയിട്ടുള്ളു. ഇതു വായിയ്ക്കുന്നതിലും. ഈ നോവല്‍ താങ്കളുടെ എഴുത്തിന്റെ വീഥിയില്‍ ഉയര്‍ച്ചയുണ്ടാക്കും തീര്‍ച്ച..

    ReplyDelete
  2. ശ്രി. കൊട്ടോട്ടിക്കാരന്‍,
    ആശീര്‍വാദത്തിന്ന് വളരെ നന്ദി.
    Palakkattettan.

    ReplyDelete
  3. വായനതുടരുന്നു

    ReplyDelete