Saturday, March 13, 2010

അദ്ധ്യായം - 58.

' മലമ്പള്ളേല് വെട്ടാന്‍ തുടങ്ങിയ പത്ത് രണ്ടായിരം റബ്ബറുണ്ട്. കനാലിന്‍റെ
ചോട്ടിലെ മൊത്തം കണ്ടൂം കൃഷീം സ്വന്തം. പോരാത്തതിന്ന് തെങ്ങും തോപ്പും
തൊടീം വേറീം ' പുല്ല് അരിഞ്ഞ് കൂട്ടുന്നതിനിടയില്‍ വേലപ്പന്‍ ചാമിയോട്
പറഞ്ഞു ' വീട്ടില് ജീപ്പും, കാറും, മോട്ടോര്‍ സൈക്കിളും, കണ്ടം പൂട്ടാന്‍ 
ട്രാക്ടറും ഒക്കെ ഉണ്ടത്രേ '.

ചാമി പുല്ലരിയല്‍ നിര്‍ത്തി. തലേന്ന് പാടത്തിന്‍റെ വരമ്പോരത്തെ വിളഞ്ഞ
ചെടികള്‍ മാടി വെച്ചപ്പോള്‍ കണ്ട പുല്ല് അരിയാന്‍ വേലപ്പനെ വിളിച്ചതാണ്.
കണ്ടോര് കൊണ്ടു പോവും മുമ്പ് അവന്‍ അരിഞ്ഞ് എടുത്തോട്ടേ എന്നു
വെച്ച് പറഞ്ഞത്. വെറുതെ നില്‍ക്കുന്ന നേരം അവനെ സഹായിക്കാമെന്ന്
കരുതി പുല്ലരിയാന്‍ കൂടി.

' ആരുടെ കാര്യാ നീ ഈ പറേണത് '.

' നമ്മടെ അമ്പിട്ടന്‍ മാധവനെ ഇങ്ങിട്ട് വരുമ്പൊ കണ്ടു. അവന്‍ നമ്മടെ
കല്യാണിക്ക് ഒരു ആലോചന പറഞ്ഞതാണ്. കേട്ടപ്പൊ എന്‍റെ കുട്ടിടെ
ഭാഗ്യാന്ന് തോന്നി '.

' നീ ബാക്കീം കൂടി പറ '.

' ചെക്കന് മുപ്പത്തഞ്ച് വയസ്സായി. കണ്ടാല്‍ തോന്നില്ല. പക്ഷെ രണ്ടാം കെട്ടാണ് '.

' അതെന്താ '

' മൂത്ത കുടി ചത്തു. വയറ്റില്‍ വെള്ളം നെറഞ്ഞിട്ട്. ഒരു ചെക്കനുണ്ട്. നാലഞ്ച്
വയസ്സായി. അവരുടെ സ്ഥിതിക്ക് നമ്മക്ക് വളപ്പില്‍ കേറാന്‍ യോഗ്യതീല്യാ. പെണ്ണിന്
ചന്തം ഉണ്ടായാല്‍ മാത്രം മതീന്ന് പറഞ്ഞത് നമ്മടെ ഭാഗ്യം '.

' നെനക്ക് വെളുവില്യാന്ന് ഒറപ്പായി. ബാക്കി കൂടി കേക്കണോ നെനക്ക് '.

' ആ പെണ്ണിന്ന് രണ്ടാമത് വയറ്റിലുണ്ടായി ഇരിക്കുമ്പൊ അതിനെ ഒറ്റ ചവിട്ടിന്
കൊന്നതാണ്. കാശിന്‍റെ പവറോണ്ട് പൊലീസ് പിടിക്കാതെ തപ്പിച്ചു. അതാണ്
അമ്പിട്ടന്‍ പറഞ്ഞ ചെക്കന്‍ '.

' അറിയാതെ കണ്ട് ചെന്ന് കുണ്ടാമണ്ടീല്‍ ചാടാതെ ഭഗോതി കാപ്പാത്തി ' കൈകള്‍
രണ്ടും കൂപ്പി വേലപ്പന്‍ തൊഴുതു.

' ഭഗോതി ഒന്ന്വോല്ല. ഞാനാ കാപ്പാത്തീത്. ഇതല്ലാതെ വേറൊന്നും ഇല്ലേ അവന്‍റേല് '.

' പിന്നൊന്നുള്ളത് ചെറുപ്പം ചെക്കനാണ്. ഇരുപത്തി രണ്ട് വയസ്സ്. ആറേഴ് മക്കളില്‍
ഒടുക്കത്തെ ചെക്കന്‍ '.

' അവനെന്താ പണി '.

' കള്ള് ഷാപ്പില്‍ എടുത്ത് കൊടുക്കാന്‍ നില്‍ക്ക്വാണ് '.

' ഫൂ ' ചാമി ഒന്ന് നീട്ടി തുപ്പി ' ഇതല്ലാതെ വേറൊന്നും കണ്ടില്യാ അല്ലേ . ആ അമ്പിട്ടന്‍ 
ചെരക്കാന്‍ പോട്ടെ. ഈ പണി അവന്ന്  പറ്റില്യാ '.

പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സ് ആവുന്നതേ ഉള്ളൂവെന്നും , അവള്‍ക്ക് നല്ല നിലയില്‍
നിന്ന് ആലോചന വരുമെന്നും ,  മനസ്സിന് പിടിച്ച ദിക്കിലേക്കേ അവളെ കെട്ടിച്ച് വിടൂ
എന്നും ആ കാര്യം ആലോചിച്ച് ഒട്ടും വിഷമിപ്പിക്കേണ്ടെന്നും പറഞ്ഞ് ചാമി വേലപ്പനെ
ആശ്വസിപ്പിച്ചു.

****************************************************************

' നാട്ടില് കള്ളന്മാരടെ ശല്യം നല്ലോണം ഉണ്ടത്രേ ' രാത്രി ആഹാരം കഴിക്കാനിരുന്നപ്പോള്‍
മാധവി പറഞ്ഞു ' മിനിഞ്ഞാന്ന് നായന്മാരടെ തറേലെ മൂന്ന് നാല് വീട്ടില്‍ കയറീന്നാ കേട്ടത് '.

വേലായുധന്‍ കുട്ടിയും രാധാകൃഷ്ണനും അത് കേട്ട് മിണ്ടാതെ ഇരുന്നു.

' നമുക്ക് നല്ല ഒരു നായിനെ വാങ്ങ്യാലോ. രാജപാളയം നായിന്യോ, അത് പോലെ കടിക്കുന്ന
വല്ലതിനീം '.

' പിന്നെ അതിനെ നോക്കാന്‍ ആളെ പണിക്ക് നിര്‍ത്തേണ്ടി വരും ' വേലായുധന്‍ കുട്ടി പറഞ്ഞു.

' നിങ്ങളുടെ അച്ഛന്‍ ഉണ്ടെങ്കില്‍ ഒരു നായടെ ഫലം ഉണ്ടാര്‍ന്നു. ഒരു മനുഷ്യന്‍റെ കുട്ടി ഇങ്ങിട്ട്
കടക്കില്ല '.

' നിങ്ങള് അച്ഛന്‍റെ അച്ഛനെ നായിന്‍റെ സ്ഥാനത്താ കാണുന്നത് അല്ലേ ' രാധാകൃഷ്ണന്‍ ചൊടിച്ചു
' എന്നാലെ നിങ്ങളുടെ ചത്തു പോയ അച്ഛനും അമ്മയ്ക്കും പകരമായി  രണ്ട് കോവര്‍ 
കഴുതകളെ വാങ്ങിച്ചോളിന്‍. അതാവുമ്പോള്‍ ഒരേ വര്‍ഗ്ഗ ഗുണം ആയതോണ്ട് നിങ്ങള്‍ക്ക്
നന്നായി ചേരും '.

വേലായുധന്‍ കുട്ടിയുടെ ഉള്ളില്‍ ചിരി പൊട്ടി.

' ഇപ്പൊ എന്താ നിനക്ക് അയാളെ വല്ലതും പറയുമ്പൊ ഒരു കോപം. മുമ്പ് അയാളെ കുറ്റം 
പറയാന്‍ നീയല്ലേ മുമ്പില്‍ നിന്നിട്ടുള്ളത് '.

' അത് എന്‍റെ തെറ്റ് . നിങ്ങളുടെ വയറ്റിലല്ലേ ഞാന്‍ കിടന്നത്. അതിന്‍റെ ദൂഷ്യം കാണില്ലേ.
ആ തെറ്റ് മനസ്സിലാക്കി തരാന്‍ പുറമേ ചെലര് വേണ്ടി വന്നൂന്ന് മാത്രം '.

' എന്നാല്‍ നീ ചെന്ന് അയാളുടെ കാല് പിടിക്ക് '.

' ചിലപ്പോള്‍ ഞാന്‍ അതും ചെയ്യും. അതില് ഒരു കുറച്ചിലും തോന്നാനില്ല '.

' അത് കഴിഞ്ഞിട്ട് വന്നാല്‍ നിന്നെ ഈ വീട്ടില്‍ കേറ്റില്ല '.

' അതിന്ന് മുമ്പ് ഞാന്‍ നിങ്ങളെ ഇവിടുന്ന് ഇറക്കി വിടും '.

' കേട്ട്വോ, നിങ്ങള് ഈ ചെക്കന്‍ പറയുണത് '.

വേലായുധന്‍ കുട്ടി ഒന്നും പറഞ്ഞില്ല. നിനക്ക് ഇങ്ങിനെ തന്നെ വേണമെന്ന് മനസ്സില്‍ കരുതുകയും 
ചെയ്തു.

*********************************************************************

പെണ്ണുങ്ങള്‍ക്ക് ഓണത്തിന്ന് ഇടാന്‍ പുത്തന്‍ വളകളുമായി ആറുമുഖന്‍ ചെട്ടിയാര്‍ എത്തിയതാണ്.
അയല്‍പക്കത്തെ പെണ്ണുങ്ങളൊക്കെ പുത്തന്‍ വളകള്‍ വാങ്ങുന്നതും നോക്കി കല്യാണി നിന്നു. വള
വാങ്ങണമെന്നുണ്ട്. അപ്പന്‍ ദേഷ്യപ്പെടും എന്നോര്‍ത്ത് വാങ്ങാതിരിക്കുന്നു എന്നേയുള്ളു.

' എന്താ കുട്ട്യേ. നിനക്ക് വള വേണ്ടേ ' മടിച്ചു നിന്ന കല്യാണിയോട് ചെട്ടിയാര്‍ ചോദിച്ചു.

' ങൂ ങും ' വേണ്ടെന്ന് അവള്‍ മൂളി.

' ആണ്ടറുതിക്ക് ഇതൊക്കെ വാങ്ങി ഇടണ്ടേ ' ചെട്ടിയാര്‍ വീണ്ടും ചോദിച്ചു.

' വേണ്ടാണ്ടെ കന്നാപിന്നാന്ന് പൈസ ചെലവാകിയാല്‍ അവളുടെ അപ്പന്‍ വക്കാണിക്കും '
പെണ്ണുങ്ങളില്‍ ഒരാള്‍ പറഞ്ഞു.

ഇപ്പോള്‍ വലിയപ്പനെത്തിയാല്‍ തനിക്ക് ഇഷ്ടപ്പെട്ട വള വാങ്ങി തരുമെന്ന് കല്യാണി മനസ്സില്‍ 
ആലോചിക്കുമ്പോഴേക്കും ചാമി മുമ്പിലെത്തി.

' എന്താണ്ടി മകളെ നീ വാതില് അടക്കാതെ ഇവിടെ വന്ന് നിക്കുണത് '.

' ഒന്നൂല്യാ '.

അവള്‍ക്ക് വള വാങ്ങണമെന്നുണ്ടെന്നും അപ്പന്‍ ദേഷ്യപ്പെടുമെന്ന് ഓര്‍ത്തിട്ട് വാങ്ങാതിരിക്കുകയാണെന്നും 
ആരോ പറഞ്ഞു.

' തെന്ന്യോടി ' ചാമി ചോദിച്ചു.

കല്യാണി ഒന്നും പറഞ്ഞില്ല.

' കണ്ടോ അവളൊന്നും പറയാത്തത്. ഉള്ളില് മോഹം ഉണ്ടാവും ' ചെട്ടിയാര്‍ പറഞ്ഞു.

' എന്‍റെ കുട്ടിടെ കയ്യ് നെറച്ച് വള ഇടിന്‍ ' ചാമി പറഞ്ഞു.

ചെട്ടിയാര്‍ കല്യാണി ആവശ്യപ്പെട്ട വളകള്‍ അവളുടെ കയ്യില്‍ അണിയിച്ചു. ചാമി ബെല്‍ട്ടില്‍ നിന്ന്
പണമെടുത്ത് കൊടുത്തു.

വീട്ടിലെത്തിയതും ചാമി തൂണിന്ന് മുകളില്‍ വെച്ച പൊതിയെടുത്ത് കല്യാണിക്ക് നീട്ടി.

' മൊതലാളി നെനക്ക് തന്നയച്ചതാ ' ചാമി പറഞ്ഞു ' എല്ലാരുക്കും മൂപ്പര് ഓണത്തിന്ന് തുണി വാങ്ങി.
ഇത് നിനക്കുള്ളതാ '.

കല്യാണി പൊതി തുറന്നു നോക്കി. അവളുടെ മുഖത്ത് ഒരു പൂന്തോട്ടം വിരിഞ്ഞു.

2 comments:

  1. നോവല്‍ വായിക്കുന്നുണ്ട് . കമന്റാറില്ല എന്ന് മാത്രം.

    ReplyDelete
  2. വായനതുടരുന്നു

    ReplyDelete