Monday, January 11, 2010

അദ്ധ്യായം.38

വിശ്വനാഥന്‍ വക്കീലിനെ കാണാന്‍ നാണു നായര്‍ പോയ മുതല്‍ സരോജിനി വേണ്വോട്ടന്‍റെ വിശേഷങ്ങള്‍ അറിയാന്‍ 
കാത്തിരിക്കുകയായിരുന്നു. പത്മിനി അമ്മയുടെ വീട്ടിലേക്ക് പോയിരിക്കുകയാണെന്ന് അച്ഛന്‍ പറഞ്ഞതാണ്. നിഴല് പോലെ
ഒന്ന് മിന്നി മറഞ്ഞ് കടന്നു പോയി. ഓരോ ദിവസവും വരുമെന്ന് വിചരിച്ച് കാത്തിരുന്നത് മിച്ചം.

സരോജിനി ഒരു നിമിഷം മാറി ചിന്തിക്കാന്‍ തുടങ്ങി. എന്തിനാണ് വേണ്വോട്ടനെ കുറ്റം പറയുന്നത്. തന്‍റെ മനസ്സില്‍ തോന്നുന്ന പോലെ ഇങ്ങോട്ട് അത്തരത്തില്‍ ഒരു സ്നേഹം ഇല്ലെങ്കിലോ. ഇതൊക്കെ മനസ്സിന്‍റെ വെറും തോന്നലുകള്‍ മാത്രം ആണെങ്കിലോ.
ആ തരത്തില്‍ തനിക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ലെന്ന് സരോജിനിക്ക് ബോദ്ധ്യമായി.

എല്ലാം അച്ഛന്‍ വരുത്തിയ വിനയാണ്. എന്നെങ്കിലും വേണു വന്നാല്‍ അവനെക്കൊണ്ട് സരോജിനിയുടെ കഴുത്തില്‍ താലി കെട്ടിക്കും , തന്‍റെ വാക്ക് അവന്‍ തട്ടി കളയില്ല എന്നൊക്കെ പറയുന്നത് കേട്ട് മനസ്സില്‍ പൊട്ടി മുളച്ച ഒരു ആഗ്രഹം. മുങ്ങി
താഴാന്‍ പോകുന്ന നേരത്ത് ഒരു വൈക്കോല്‍ തുമ്പില്‍ പിടി കിട്ടിയ മാതിരിയായിരുന്നു.

കുറച്ച് നാളായി എഴുത്തശ്ശനും ഇങ്ങോട്ടൊന്നും വരാറില്ല. അയാള്‍ വണ്ടിപ്പുരയിലേക്ക് താമസം മാറ്റിയ അന്ന് തുടങ്ങിയതാണ് തോരാത്ത മഴ. അച്ഛന്‍ അമ്പലകുളത്തില്‍ കുളിക്കാന്‍ പോകുന്നത് നിര്‍ത്തി. മഴ ഇല്ലാത്ത നേരം നോക്കി അയ്യര്‍കുളത്തില്‍
ചെന്നൊന്ന് മുങ്ങീട്ട് വരും. ഇടയ്ക്ക് രണ്ട് ദിവസം ' എനിക്ക് കുളിരുണൂ ' എന്നും പറഞ്ഞ് അതും മുടക്കി. മഴ കൊണ്ട് വല്ല പനീം വന്നാലോ എന്ന് ആലോചിച്ച് മേല്‍ കഴുകാന്‍ ഇത്തിരി ചുടുവെള്ളം പട്ട കത്തിച്ച് ഉണ്ടാക്കി കൊടുത്തു.

ആകാശം വീണ്ടും കരി പിടിച്ച കമ്പിറാന്തലിന്‍റെ ചില്ലുപോലെ മൂടിക്കെട്ടി. ഇന്നലെ ഉച്ചക്ക് ശേഷം തീരെ മഴ പെയ്തിരുന്നില്ല. അതാണ് അച്ഛനും എഴുത്തശ്ശനും കൂടി രാവിലെ തന്നെ വക്കീലിനെ കാണാന്‍ പോയത്. ഉണ്ണാറാവുമ്പഴക്കും എത്താന്ന്
പറഞ്ഞിട്ടുണ്ട്. ചിലപ്പൊ എഴുത്തശ്ശനും ഉണ്ണാനുണ്ടാവും. എന്തെങ്കിലും ഉണ്ടാക്കി വെക്കണം.

തൊടിയില്‍ നിന്ന് കിളച്ചെടുത്ത ചേമ്പിന്‍ കിഴങ്ങുണ്ട്. മഴ വന്ന ശേഷം അച്ഛന്‍ സംഭാരം കുടിക്കുന്നത് നിര്‍ത്തിയതുകൊണ്ട് മോരും
ഇരിപ്പുണ്ട്. കുമ്പളങ്ങ കഷ്ണവും ചേമ്പിന്‍ കിഴങ്ങും ചേര്‍ത്ത് ഒരു മോരു പാര്‍ന്ന കൂട്ടാനുണ്ടാക്കാം. രണ്ടാമതിന് പച്ച മത്തന്‍ 
കൊണ്ട് ഒരു ഓലനും. സരോജിനി അടുക്കളയിലേക്ക് കയറി.

പത്തര മണിക്കുള്ള വിമാനം കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പോയി. ചോറും കൂട്ടാനും ഉണ്ടാക്കി സരോജിനി കുളിക്കാന്‍
പുറപ്പെട്ടു. തിരുമ്പാനൊന്നും എടുക്കുന്നില്ല. മഴ പെയ്യും മുമ്പ് തിരിച്ചെത്തണം. കുളത്തിന്‍റെ തെക്കേ അറ്റത്ത് ആരോ പോത്തിനെ
തേച്ച് കഴുകുന്നു. എത്ര പറഞ്ഞാലും മനുഷ്യന്മാര് കുളിക്കുന്ന കുളത്തിലേ ഇവരൊക്കെ കന്നിനെ കഴുകൂ. പത്തടി അധികം 
നടന്നാല്‍ പുഴയായി. ആരക്കും ഉപദ്രവം ഉണ്ടാക്കാണ്ടെ കന്നിനെ കഴുകാം.

കുളി കഴിയുന്ന നേരം നോക്കി മഴ തുടങ്ങി. ഈറന്‍ തുണി വാരി ചുറ്റി. തോര്‍ത്ത് തലയിലൂടെ ഇട്ടു. ചരല് വാരി മുഖത്ത് എറിയുന്ന പോലെ മഴ പെയ്യുന്നു. സോപ്പും എടുത്ത് വേഗത്തില്‍ വീട്ടിലേക്ക് നടന്നു. ദൂരെ നിന്നു തന്നെ പടി തുറന്നിട്ടത് കണ്ടു. അച്ഛന്‍ എത്തിയിട്ടുണ്ടാവും.

പിള്ള കോലായില്‍ കൂട്ടുകാര്‍ ഇരിക്കുന്നു. സരോജിനി സോപ്പുപെട്ടിയില്‍ നിന്ന് താക്കോലെടുത്ത് വാതില്‍ തുറന്നു. ' നല്ലോണം
തല തോര്‍ത്ത് . വല്ല ചീരാപ്പും വരണ്ടാ ' എന്ന് നാണു നായര്‍ മകളോട് പറഞ്ഞു.

ഈറന്‍ മാറുന്ന നേരത്ത് പുറത്ത് നിന്നുള്ള സംഭാഷണം സരോജിനിയുടെ ചെവിയിലെത്തി. ആരോ താമസം മാറുന്ന കാര്യമാണ് സംസാരിക്കുന്നത്. നനഞ്ഞ മുടി നന്നായി തുവര്‍ത്തിയ ശേഷം ഇഴകള്‍ വേര്‍പെടുത്തിക്കൊണ്ട് സരോജിനി പുറത്തേക്ക് വന്നു.

' ആരാ അച്ഛാ താമസം മാറ്റുന്നത് ' എന്ന് അവള്‍ ചോദിച്ചു.

' നമ്മടെ വേണു കളപ്പുരയിലേക്ക് താമസം മാറ്റുണൂത്രേ '.

' അവിടെ ഒറ്റക്ക്യോ '.

' അല്ലാതെ പിന്നെ. അവന് പെണ്ണും കുട്ടീം ഒന്നുല്യാന്ന് നെനക്കറിയില്ലേ '.

അനുജന്‍റെ എല്ലാ കാര്യവും നോക്കി നടത്താന്‍ പത്മിനിയമ്മ തങ്ങളെ ഏല്‍പിച്ചിട്ടുണ്ടെന്ന് എഴുത്തശ്ശനും പറഞ്ഞു.

ദാഹിച്ച് തൊണ്ട വരണ്ട്, ഒരിറക്ക് വെള്ളത്തിന്ന് കൊതിച്ചു നില്‍ക്കുന്നവന് ഒരു തടാകം കൈവന്നപോലെ സരോജിനിക്ക് തോന്നി.

*************************************************************************************************************
രാധകൃഷ്ണന്‍ തിരിച്ചെത്തിയപ്പോള്‍ കേട്ട വര്‍ത്തമാനങ്ങള്‍ അയാളെ അമ്പരപ്പിച്ചു. സംഗതികള്‍ ഒന്നു കൂടി വഷളായിരിക്കുകയാണ്. കാരണോര് വന്ന് തെറ്റ് പറയാതെ ആ വീടിന്‍റെ പടി ചവിട്ടില്ല എന്ന നിലപാടില്‍ തന്നെയായിരുന്നു മാധവി.

വേലായുധന്‍കുട്ടിക്ക് കുറച്ചൊരു മനസ്സമാധാനമായി. ഇനി മുതല്‍ തന്‍റെ ഭാഗം കേള്‍ക്കാന്‍ മകനെങ്കിലും കൂടെ ഉണ്ടല്ലോ.
കൃഷ്ണനുണ്ണി മാസ്റ്ററും രാഘവനും കൂടി അച്ഛനെ കാണാന്‍ ചെന്നതും , അയാള്‍ അവരോട് പറഞ്ഞ വര്‍ത്തമാനവും  ഒക്കെ അയാള്‍ മകനെ അറിയിച്ചു.

' എന്നിട്ട് അച്ഛന്‍ എന്താ നിശ്ചയിച്ചത് ' എന്ന് രാധാകൃഷ്ണന്‍ അന്വേഷിച്ചു.

' ഞാനെന്താ ചെയ്യാ. നിന്‍റെ അമ്മ ഒരേ വാശിയിലാണ്. മുത്തശ്ശന്‍ ഇവിടെ വന്ന് മാപ്പ് പറയാതെ അങ്ങോട്ടില്ല എന്നാണ് ഇപ്പഴും
പറയിണത് '.

' ഈ അമ്മക്ക് പ്രാന്താ. അതും പറഞ്ഞും കൊണ്ടിരുന്നാല്‍ ഇരിക്ക്യേന്നേ ഉണ്ടാവൂ '.

' പിന്നെ ഞാനെന്താ വേണ്ടതേന്ന് നീ തന്നെ പറ '.

താന്‍ അമ്മയോട് ഇതേ കുറിച്ച് സംസാരിച്ചോളാമെന്നും, ബന്ധുവീട്ടില്‍ അധിക ദിവസം കൂടുന്നത് വില കെട്ട ഏര്‍പ്പാടാണെന്നും , അച്ഛന്‍ കൂട്ടുകാര്‍ മുഖാന്തിരം ഒരു രശീതി ഒപ്പിട്ട് കൊടുത്ത് വീടിന്‍റെ താക്കോല്‍ വാങ്ങണമെന്നും, വിളിക്കുമ്പോള്‍ കൂടെ വരാന്‍
അമ്മ തയ്യാറായില്ലെങ്കില്‍ അവരെ ഇവിടെ വിട്ടിട്ട് നമ്മള്‍ രണ്ടാളും പോകുമെന്നും രാധാകൃഷ്ണന്‍ വേലായുധന്‍കുട്ടിയോട് തന്‍റെ തീരുമാനം അറിയിച്ചു.

മകന്‍ അമ്മയോട് കാര്യങ്ങള്‍ സംസാരിച്ചു. ' എന്‍റെ പേര് മാധവീന്നാണെങ്കില്‍ അയാള് വന്ന് തെറ്റ് പറഞ്ഞല്ലാണ്ടെ ഞാന്‍ ഇനി അങ്ങോട്ട് ഇല്ല ' എന്ന് മാധവി തറപ്പിച്ച് പറഞ്ഞു.

' നിങ്ങള്‍ക്ക് ശുദ്ധ നൊസ്സാണ്. അയാള് വേറെ വണ്ടിപ്പുര ഉണ്ടാക്കി അങ്ങോട്ട് താമസം മാറി. നമ്മളെ ആരേയും കാണണ്ടാന്നാ അയാള് പറയിണത്. പിന്നെ നിങ്ങളെ വന്ന് കണ്ട് കാല് പിടിക്കാന്‍ വേറെ വല്ലോരീം നോക്കണം '.

എങ്കില്‍ താന്‍ വരില്ലാ എന്ന് മാധവി പറഞ്ഞതോടെ മകന്‍റെ ഭാവം മാറി.

' നിങ്ങള്‍ക്ക് പണ്ടേ കുറച്ച് കൂടുതലുണ്ട്. അത് അച്ഛന്‍റെ കൊള്ളരുതായ്മ കൊണ്ടാണ്. അടിച്ച് ഏപ്പക്കുറ്റി മൂളിച്ചാല്‍ നിങ്ങടെ സൂക്കട് നില്‍ക്കും. ആ പാവത്തിന് അതിന് കഴിവില്ല. അതാണ് നിങ്ങള്‍ ഇത്ര മേപ്പട്ട് പോണത്. ഒരു കാര്യം ഞാന്‍ പറയാം. താക്കോല് വാങ്ങി ഞാന്‍ അച്ഛനേയും കൂട്ടി അങ്ങോട്ട് പോകും. അമ്മാമന്‍മാരുടെ സൌജന്യത്തില്‍ കൂടാന്‍ എന്നെ കിട്ടില്ല '.

' പിന്നെ ഞാന്‍ എന്താ വേണ്ടത് ?'

' വേണച്ചാല്‍ ഞങ്ങളുടെ കൂടെ അങ്ങോട്ട് വരാം. അല്ലെങ്കിലോ ഇവിടെ തന്നെ കൂടിക്കോളിന്‍. അവര് ആട്ടി വിടുമ്പോള്‍ അങ്ങോട്ട് പോന്നോളിന്‍. എപ്പൊഴായാലും ഇനി അങ്ങോട്ടേക്ക് വന്നാല്‍ ഇതുവരെ കഴിഞ്ഞ പോലെ കഴിയാനൊന്നും  പറ്റില്ല. ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് അനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം'.

'പിന്നെ പിന്നെ ' എന്ന് ഗമയില്‍ പറഞ്ഞുവെങ്കിലും മറ്റൊരു മാര്‍ഗ്ഗവും തന്‍റെ മുമ്പില്‍  ഇല്ലെന്ന് മാധവിക്കും ബോദ്ധ്യമായി.

മകന്‍ അച്ഛനോടും അന്ന് അറത്ത് മുറിച്ച് സംസാരിച്ചു.

' സത്യം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെ അച്ഛനോട് ഇപ്പോള്‍ ബഹുമാനമാണ് തോന്നുന്നത്. അയാള് ഈ എണ്‍പത്താറാമത്തെ വയസ്സിലും  ആണത്തം കാട്ടി. അങ്ങേര്‍ക്ക് എങ്ങിനെ നിങ്ങളെ പോലെ ഒരു മണ്ണുണ്ണി ഉണ്ടായീ എന്നാ എന്‍റെ സംശയം '.

വേലായുധന്‍കുട്ടി തല താഴ്ത്തി. മകനാണെങ്കിലും കാര്യം പറയുമ്പോള്‍ അംഗീകരിക്കണം. തന്‍റേടത്തോടെ പെരുമാറേണ്ട സമയത്തൊക്കെ താന്‍ തികഞ്ഞ പരാജയമായിരുന്നു. ഭാര്യയോടുള്ള അമിതമായ സ്നേഹം അവളെ എതിര്‍ക്കുന്നതില്‍ നിന്ന്
വിലക്കിയിരുന്നു.

' ഞാന്‍ അച്ഛനെ വേദനിപ്പിക്കാന്‍ പറയുന്നതല്ല ' രാധാകൃഷ്ണന്‍ പറഞ്ഞു ' ഭാര്യയേയും മക്കളേയും ഒരു ലെവലില്‍ നിര്‍ത്തണം.
അല്ലെങ്കില്‍ അവര് കേറി ഭരിക്കും. അത് കണ്ടിട്ട് കണ്ടില്ലാന്ന് നടിക്കേണ്ടീം വരും '.

അന്നു തന്നെ രാധാകൃഷ്ണന്‍ രാഘവനേയും കൃഷ്ണനുണ്ണി മാസ്റ്ററേയും ചെന്നു കണ്ടു. പിറ്റേന്ന് താന്‍ അച്ഛനെക്കൊണ്ട് രശീതി
ഒപ്പിട്ട് വാങ്ങി കൊണ്ടു വരാമെന്നും, വീടിന്‍റെ താക്കോല്‍ വാങ്ങിച്ച് തരണമെന്നും ആവശ്യപ്പെട്ടു.

ഇവന്‍ ആള് മോശക്കാരനല്ലെന്ന് ഇരുവര്‍ക്കും തോന്നി.

1 comment:

  1. എന്നിട്ട് അവരൊരുമിച്ചു താമസിക്കുമോ?

    ReplyDelete