Friday, January 8, 2010

നോവല്‍ - 36.

കൃഷ്ണനുണ്ണി മാഷും രാഘവനും കുപ്പുണ്ണി എഴുത്തശ്ശനെ സന്ദര്‍ശിച്ച് പോയതിന്ന് ശേഷം ഒരാഴ്ച കടന്നു പോയി. താക്കോലും 
ചോദിച്ച് ആരും വന്നില്ല. എഴുത്തശ്ശന്‍ ആ കാര്യം പാടെ വിസ്മരിച്ചു.

തിരുവാതിര ഞാറ്റുവേല പുണര്‍തത്തിന്ന് വഴി മാറി പോയ സമയം . മഴക്കാലം അതിന്‍റെ തീവ്രതയിലെത്തി. കനത്ത മഴയെ
ആദരിച്ച് പുഴ നിറഞ്ഞൊഴുകാന്‍ തുടങ്ങി. പുഴയിലേക്ക് ഒഴുകി ചെന്നിരുന്ന കൈത്തോടുകള്‍ പുഴപോയ വെള്ളം ആവാഹിച്ച് കൃഷി ഭൂമികളിലേക്കെത്തിച്ചു. എഴുത്തശ്ശന്‍റെ വണ്ടിപ്പുരയും തൊഴുത്തും അടങ്ങുന്ന താമസ സ്ഥലത്തിന്ന് ചുറ്റും കലക്ക വെള്ളം നിറഞ്ഞു. ഒരു തുരുത്തില്‍ ഒറ്റപ്പെട്ട മാതിരിയായി അയാള്‍.

ചികച്ചു കൂടി വന്ന നെല്‍ ചെടികള്‍ മൂന്നാലു ദിവസമായി വെള്ളത്തിന്നടിയിലാണ്. നാണു നായര്‍ ഇക്കരെ വന്നിട്ട് നാളേറെയായി. പതിവ് രീതിയില്‍ പാടത്ത് നോക്കാന്‍ ചെല്ലാറില്ല. നേരെ അമ്പലക്കുളത്തില്‍ ചെന്ന് കുളിച്ച് അമ്പലത്തില്‍ കേറി അയ്യപ്പനെ തൊഴുത് വരും. മൂരികള്‍ക്ക് വൈക്കോല്‍ ഇട്ടുകൊടുക്കും. തണുപ്പ് കാലമായതിനാല്‍ അവറ്റയ്ക്കുള്ള വെള്ളം ചൂടാക്കി കൊടുക്കും.

രാവിലെ ഒരു പാത്രം കഞ്ഞി വെച്ചുവെക്കും. മൂന്ന് നേരം അതുതെന്നെ കുടിക്കും. കുറച്ചു ദിവസമെങ്കിലും നന്നായി വെച്ചു
വിളമ്പി തന്ന നാണു നായരുടെ മകളെ ഓര്‍ക്കും.

ഓണത്തിന്ന് ആ കുട്ടിക്ക് എന്തെങ്കിലും  വാങ്ങി കൊടുക്കണം. അവളുടെ തണ്ടിക്ക് ഉള്ള പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞ്
മക്കളും പേരക്കുട്ടികളുമായി കഴിയുന്നു. അവള് ഇന്നും കല്യാണം കഴിയാതെ കൂടുന്നു. മകള്‍ക്ക് മംഗല്യയോഗം ഇല്ല എന്ന് പണിക്കര് പറഞ്ഞു എന്ന് സമാധാനിച്ചിരിക്കുകയാണ് നാണു നായര്‍. വാസ്തവം അതൊന്നും ആവില്ല. അതിന്‍റെ നല്ല കാലത്ത് നിറയെ ആലോചനകള്‍ വന്നിരുന്നു. അന്ന് ഒത്തു വന്നതൊന്നും നായര്‍ക്ക് പിടിച്ചില്ല. നല്ല നിലക്ക് ഉള്ളത് വേണമെന്നു പറഞ്ഞ് ഇഷ്ടപ്പെട്ടു വന്ന ആളുകളെ ഒഴിവാക്കി. വലിയ നിലയില്‍ നിന്ന് വന്നവര്‍  ചോദിച്ചത് കൊടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞതുമില്ല.

ഓരോരുത്തരുടേയും തലയില്‍ ഈശ്വരന്‍ ഓരോന്ന് കുറിച്ചിട്ടിട്ടുണ്ടാവും. അതുപോലെ അല്ലാതെ വേറൊന്ന് വരില്ലല്ലോ.

പെട്ടെന്ന് സ്വന്തം കാര്യം എഴുത്തശ്ശന്‍റെ മനസ്സിലെത്തി. വയസ്സ് എണ്‍പത്താറ് കഴിഞ്ഞു. ജീവിക്കാന്‍ ആവശ്യമായതെല്ലാം 
സമ്പാദിച്ചു. പറഞ്ഞിട്ടെന്താ? അനുഭവ യോഗം ഇല്ല. രുചിയോടെ വല്ലതും ഉണ്ടാക്കി തരാന്‍  ആളില്ല. കഷ്ടപ്പെട്ട് വളര്‍ത്തിയ
മകന് തന്നെ വേണ്ടാതായി. പെണ്ണിന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പെണ്‍കോന്തന്‍. അവന്ന് വേണ്ടിയാണ് മറ്റൊരു കല്യാണം 
കഴിക്കാതെ കഴിഞ്ഞു കൂടിയത്.

മനസ്സില്‍ കൂട്ടിയും കിഴിച്ചും കൊണ്ട് ഒറ്റമുറിയുടെ വാതില്‍ക്കല്‍ ഇരുന്ന എഴുത്തശ്ശന്‍ , തിരിമുറിയാതെ പെയ്യുന്ന മഴയും കൊണ്ട് പാടത്ത് മീന്‍ പിടിക്കാന്‍ നോക്കുന്ന ചാമിയെ കണ്ടു. പൊട്ട ചെക്കന്‍ . വല്ലാത്ത പ്രാന്താണ് ഇവന് എന്ന് മനസ്സില്‍ 
കരുതിയിരിക്കുമ്പോള്‍ , ചാമി വരമ്പിലൂടെ വണ്ടിപ്പുരയിലേക്ക് നടന്ന് വരുന്നത് കണ്ടു.

' എന്താണ്ടാ പൊട്ട ചക്രാന്ത്യേ, കരിങ്കന്നും  കൂടി കൊള്ളാത്ത മഴയും കൊണ്ട് തെക്കും വടക്കും തിരിഞ്ഞ് നടക്കുന്നത് '
എന്ന് എഴുത്തശ്ശന്‍ ചോദിച്ചു.

' കുപ്പന്‍ കുട്ടി അപ്പ്വോ, ഇതിന്‍റെ ഒരു രസം പറഞ്ഞാല്‍ നിങ്ങക്ക് മനസ്സിലാവില്ല ' ചാമി പറഞ്ഞു ' ഇങ്ങിനെ മഴേം കൊണ്ട് നടക്കണച്ചാല് ഇനി അടുത്ത വര്‍ഷം വരണോലോ '. ചാമി തിണ്ടിലേക്ക് കയറി നിന്നു. വലത്ത് കൈപ്പത്തി കൊണ്ട് തലയിലെ വെള്ളം വടിച്ചിറക്കി. ' മുടി നീട്ടം ഇല്ലാത്തതോണ്ട് കാര്യം എളുപ്പായി ' എന്ന് പറയുകയും ചെയ്തു.

' എറേല് കീറത്തോര്‍ത്ത് കെടക്കുണുണ്ട്. എടുത്ത് തലേം മേലും തോര്‍ത്തി തിണ്ണേല് കുത്തിരിക്ക് ' എന്ന് എഴുത്തശ്ശന്‍ അതിഥേയന്‍റെ മര്യാദ കാട്ടി.

' അപ്പ്വോ, എന്‍റെ തീപ്പെട്ടി മഴ നനഞ്ഞു കുട്ടിച്ചോറായി. ഉള്ളിന്ന് തീപ്പെട്ടി ഒന്ന് എടുത്ത് തരിന്‍ ' ചാമി ആവശ്യപ്പെട്ടു.

എഴുത്തശ്ശന്‍റെ കയ്യില്‍ നിന്ന് തീപ്പെട്ടി വാങ്ങി ബീഡി കത്തിച്ച് ആഞ്ഞാഞ്ഞ് വലിച്ച് പുക വിട്ടു.

' നല്ല കണ്ണനും മൊയ്യും ഒക്കെ കലക്ക വെള്ളത്തില്‍ പെട്ട് മയങ്ങി പാടത്ത് കേറീട്ടുണ്ട്. എട്ട് പത്ത് എണ്ണം കിട്ടി. ഇതാ ഇത്രശ്ശീണ്ട് ഓരോന്ന്. നിങ്ങക്ക് പിടിക്കില്ലല്ലോ. അതാ കോമ്പലയില്‍ കോര്‍ത്ത മീന് പടിക്കല് തൂക്കീട്ട് വന്നത് '.

ഭാര്യ രുഗ്മിണി മരിച്ച ശേഷം എഴുത്തശ്ശന്‍ മത്സ്യമാംസാദികള്‍ പാടെ ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ മീനിന്‍റെ നാറ്റം കേട്ടാല്‍ 
ഓക്കാനിക്കാന്‍ വരും.

' നെന്‍റെ പുതിയ മൊതലാളി വന്നൂന്ന് കേട്ടല്ലോ. ആളെങ്ങിനെ ? '

' സത്യം പറയാലോ, തനിച്ചൊരു പാവം '

വിശ്വനാഥന്‍ വക്കീലിനെ കാണാന്‍ നാണു നായരെ കൂട്ടി ചെന്നതും , വക്കീലിന്‍റെ ഭാര്യ തന്നെ നാണു നായരോടൊപ്പം  അകത്ത് ക്ഷണിച്ച് ഇരുത്തിയതും . തന്‍റെ അനുജന്‍ കളപ്പുരയില്‍ താമസം തുടങ്ങുന്നു എന്നു പറഞ്ഞതും എന്തെങ്കിലും സഹായം വേണ്ടി വന്നാല്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടതും എല്ലാം എഴുത്തശ്ശന്‍ പറഞ്ഞു.

' കുപ്പന്‍ കുട്ടി അപ്പ്വോ, മൊതലാളി വന്ന ദിവസം പറ്റിയ ബുദ്ധിമോശം കേക്കണോ ' എന്നും പറഞ്ഞ് ചാമി തുടങ്ങി. തെങ്ങിന്‍
തോട്ടത്തില്‍ കിളച്ചും കൊണ്ട് നില്‍ക്കുമ്പോഴാണ് കാര്യസ്ഥന്‍ രാമന്‍ നായര്‍ മുതലാളി കളപ്പുരയില്‍ വന്നിട്ടുണ്ട്, മൂപ്പരുക്ക് ഒന്ന് കാണണം എന്ന് പറഞ്ഞൂ എന്നും പറഞ്ഞ് വന്നത്. എടുത്ത വായക്ക് ആവശ്യം ഉള്ളോര് ഇങ്ങോട്ട് വന്ന് കാണട്ടെ എന്ന് ഞാനും 
പറഞ്ഞു. അയാള്‍ പോയി കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള് ' ആരാ ചാമി ' എന്നും ചോദിച്ച് വരുന്നു. ഒരു മൊതലാളി ആണെന്ന് ആരും പറയില്ല. കാപ്പിപൊടിയുടെ കളറില്‍ ഒരു കുപ്പായം ഇട്ടിട്ടുണ്ട്. ഒരു ഒറ്റ മുണ്ടും. മൂപ്പരുടെ അവസ്ഥക്ക് എങ്ങനത്തെ വേണച്ചാലും വാങ്ങി ചുറ്റിക്കൂടേ.

' ആരാ ഈ വിദ്വാന്‍ ' എന്ന് ആലോചിക്കുമ്പോഴാണ് ഞാന്‍ പുതിയ ആളാണ് എന്ന് പറയുന്നത്. പിന്നെ ഇവിടെ താമസിക്കാന്‍ 
വരുണൂന്നും ചാമിടെ ചില സഹായം വേണന്നും ഒക്കെ പറഞ്ഞു. ഞാന്‍ നായരോട് പറഞ്ഞതൊക്കെ വേണ്ടികെടന്നിലാന്നായി.
അത്രക്ക് സാധു മനുഷ്യന്‍ . എന്താ ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ എവിടേയാ പേപ്പറ് കിട്ട്വാ എന്ന് കേട്ടു. മലയാളൂം 
ഇംഗ്ലീഷും തമിഴും എല്ലാ പേപ്പറും വാങ്ങി കൊടുക്കണോത്രേ. എന്തിനാ എല്ലാം കൂടി വായിക്കിണത് എന്ന് എനിക്ക് അറിയാന്‍
പാടില്ലാപ്പാ.

'പരമ സാധു ആണെന്ന് നാണു നായരും പറഞ്ഞു. അയാളാണത്രേ കുട്ടിക്കാലത്ത് കൂട്ടിക്കൊണ്ട് പോയി പണി വാങ്ങി കൊടുത്തത് '
എന്ന് എഴുത്തശ്ശനും പറഞ്ഞു.

ചാമിക്കും അതില്‍ തര്‍ക്കമില്ല. തിരിച്ച് പോവാന്‍ നേരം കളപ്പുര വരെ ചാമി തുണക്ക് പോയി. വഴി നീളെ കൃഷിയെ കുറിച്ച് പറഞ്ഞതൊക്കെ മൂളി കേട്ടു. ഒരക്ഷരം ഇങ്ങോട്ട് ചോദിച്ചില്ല. ഇറങ്ങാന്‍ നേരം ' മദിരാശിയില്‍ പോയിട്ട് വന്ന് കാണാമെന്നും '
പറഞ്ഞ് പേഴ്സില്‍ നിന്ന് നൂറിന്‍റെ ഒരു നോട്ട് എടുത്ത് തന്നു.

' ഇതാ പറഞ്ഞത് ഒരാളെ കാണുന്നതിന്ന് മുന്നെ അയാളെ പറ്റി മനസ്സിലൊന്നും കണക്കാക്കാന്‍ പാടില്ലാന്ന് ' എന്ന് എഴുത്തശ്ശനും
പറഞ്ഞു.

5 comments:

  1. നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  2. ഞാനും ഈ നോവല്‍ വായന തുടങ്ങുന്നു

    ReplyDelete