Saturday, December 19, 2009

അദ്ധ്യായം 33

ഒരാഴ്ചയിലേറെയായി വീട്ടില്‍ നിന്ന് ഇറങ്ങി വന്നിട്ട്. ഇതിനകം അച്ഛന്‍ തിരക്കി വരുമെന്ന് വേലായുധന്‍ കുട്ടി കരുതിയിരുന്നതാണ്. ഇടക്കിടക്ക് മാധവി ഓരോ കുത്തുവാക്ക് പറയും. വയസ്സായ അച്ഛനെ നേരാമാര്‍ഗ്ഗം നടത്താന്‍ കഴിവില്ലാതെ ഇരിക്കുന്ന വീടും വിട്ട് പെണ്ണിന്‍റെ വീട്ടില്‍ സുഖ താമസത്തിന്ന് വന്നിരിക്കുകയാണെന്ന് അവള്‍ പറയുമ്പോള്‍ നാണക്കേടുകൊണ്ട് ഒരക്ഷരം മറുത്ത് പറയാന്‍ പറ്റാതായി. ഭാഗ്യമെന്നേ പറയേണ്ടു ഈ തവണ അളിയന്മാര്‍ ഒന്നും പറയുന്നില്ല. രാധാകൃഷ്ണന്‍ 
ഉണ്ടെങ്കില്‍ അവനോടെങ്കിലും സങ്കടം പറയാമായിരുന്നു.

വേലായുധന്‍ കുട്ടി അന്ന് രാവിലെ പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങി. ഇത്രയും ദിവസം മില്ലില്‍ ചെന്നിട്ടില്ല. അവിടുത്തെ കാര്യങ്ങള്‍
എന്തൊക്കെയാണോ ആവോ. എങ്ങിനെ നാട്ടുകാരുടെ മുഖത്ത് നോക്കും എന്ന വിഷമത്തിലായിരുന്നു ഇതുവരെ. മില്ലില്‍ നിന്ന് മേസ്ത്രി ഇടക്ക് വരും . നിത്യവും ഫോണ്‍ ചെയ്യാറുമുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്ങിനെയാണ് പണിക്കാരനോട് നില വിട്ട് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത്. നാട്ടില്‍ നിന്നും വന്നതേ തെറ്റി. ഭാര്യയെ സമാധാനിപ്പിക്കാന്‍ 
അതല്ലാതെ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ലല്ലൊ.

ആഹാരം കഴിഞ്ഞ് വേഷം മാറി പുറപ്പെടുമ്പോള്‍ എങ്ങോട്ടാണെന്ന് മാധവി തിരക്കി. മില്ലില്‍ പോവുന്ന കാര്യം പറഞ്ഞപ്പോള്‍
' ആ വഴിക്ക് ചെന്ന് അച്ഛനെ ഒന്ന് കണ്ടിട്ട് വന്നോളീന്‍, ഇത്ര ദിവസം കാണാതെ കണ്ണ് പൊരിയുന്നുണ്ടാവും ' എന്ന് അവള്‍ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. രണ്ടു കയ്യും കൂടി തല്ലിയാലല്ലേ ശബ്ദം ഉണ്ടാവൂ.

കാറ് ഷെഡ്ഡില്‍ കയറ്റി നിര്‍ത്തി. ഓഫീസിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ മുറ്റത്ത് പുഴുങ്ങിയ നെല്ല് ഉണക്കാനിട്ടത് ചിക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ എന്തോ അടക്കം പറഞ്ഞ് ചിരിക്കുന്നത് പോലെ തോന്നി. അച്ചിക്കോന്തന്‍ എന്ന് പറയുകയായിരിക്കും. കാണാത്ത ഭാവത്തില്‍ കയറി ചെന്നു.

കണക്കുപിള്ള ശിവന്‍ മുമ്പില്‍ കൊണ്ടുവന്നുവെച്ച നെല്ലിന്‍റെ വരവും അരിയുടെ വില്‍പ്പനയും എഴുതിയ റജിസ്റ്ററുകളിലൂടെ
അലസമായി ഒന്ന് കണ്ണോടിച്ചു. ഒന്നിലും മനസ്സ് നില്‍ക്കുന്നില്ല.പിണങ്ങി പോന്നതാണെങ്കിലും അച്ഛന്‍റെ വിവരങ്ങള്‍ അറിയണമെന്നുണ്ട്. ഒന്ന് നേരിട്ട് ചെന്ന് അന്വേഷിച്ചാലോ. അല്ലെങ്കില്‍ വേണ്ടാ. മാധവി എങ്ങിനെയെങ്ങാനും അത് അറിഞ്ഞാല്‍ 
മതി. പിന്നെ അതിനാവും കുറ്റപ്പെടുത്തല്‍.  

ഫോണ്‍ബെല്ല് അടിച്ചപ്പോള്‍ എടുത്തു. മറുവശത്ത് രാഘവനാണ്. ' പിള്ളേരുടെ വല്ല വിവരവും ഉണ്ടോ 'എന്നാണ് അയാള്‍ ആദ്യം തന്നെ ചോദിച്ചത്. രാധാകൃഷ്ണനോടൊപ്പം ചെന്നത് രാഘവന്‍റെ മകന്‍ സുകുമാരനാണ്. ഇല്ല എന്നറിയിച്ചു.

' താന്‍ അച്ഛനോട് പിണങ്ങി വീട് വിട്ട് ഇറങ്ങി എന്നറിഞ്ഞു. അത് പോട്ടെ. നാട്ടുകാരോട് മുഴുവന്‍ അലോഹ്യത്തിലാണോ. ഒന്ന് ഫോണ്‍ ചെയ്യാമായിരുന്നില്ലേ തനിക്ക്. വീട്ടിലെ വിവരങ്ങള്‍ എന്തൊക്കെയാണ്? '

ഇതു തന്നെ പറ്റിയ സന്ദര്‍ഭമെന്ന് വേലായുധന്‍ കുട്ടി കണക്കാക്കി. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം അവിടുത്തെ കാര്യങ്ങള്‍ ഒന്നും 
തന്നെ അറിഞ്ഞിട്ടില്ലെന്നും വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നും അയാള്‍ രാഘവനോട് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം
വിവരം തരാമെന്നും പറഞ്ഞ് രാഘവന്‍ ഫോണ്‍ വെച്ചു.

*************************************************************************************

നാല് ദിവസത്തെ താമസത്തിന്നു ശേഷം വേണു തിരിച്ചു പോന്നു. വൈകീട്ട് എത്തുമ്പോള്‍ കിട്ടുണ്ണി വീട്ടിലില്ല. സന്ധ്യയോടെയാണ് അയാള്‍ വന്നത്.

' ഏട്ടന്‍ കൃഷിയും കളപ്പുരയും നോക്കാന്‍ അവരോടൊപ്പം വന്നൂന്ന് അറിഞ്ഞു. എന്തേ അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാത്തത് ' എന്നായി ആദ്യത്തെ ചോദ്യം.

താന്‍ വിളിച്ചുവെന്നും ഓപ്പോള്‍ വരില്ല എന്ന് ശാഠ്യം പിടിച്ചതാണെന്നും വേണു അറിയിച്ചു.

' അതെങ്ങന്യാ , ഇവിടുന്ന് ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മൂളി കേള്‍ക്കും , അവിടെ അവര് എന്തെങ്കിലും പറഞ്ഞാല്‍
അതിനും ഒന്ന് മൂളും. അല്ലാതെ ഏട്ടന് ആരോടെങ്കിലും കാര്യം പറയാന്‍ അറിയ്വോ '.

തന്നോട് പെങ്ങള്‍ക്കുള്ള അലോഹ്യം കുറച്ചെങ്കിലും കുറഞ്ഞുവോ എന്നു മാത്രമേ കിട്ടുണ്ണിക്ക് അറിയേണ്ടതായിട്ടുള്ളു. അത് ഇല്ല എന്ന് അറിഞ്ഞതോടെ കക്ഷി പിന്നീടൊന്നും ചോദിച്ചില്ല. പെങ്ങളുടെ വിശേഷങ്ങള്‍ കിട്ടുണ്ണി അന്വേഷിക്കുമെന്ന് വേണു കരുതിയത് വെറുതെയായി.

പിറ്റേന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുമ്പോള്‍ ' കല്യാണക്കാര്യത്തില്‍ ഏട്ടന്‍ എന്തെങ്കിലും തീരുമാനം എടുത്തുവോ '
എന്ന് കിട്ടുണ്ണി വേണുവിനോട് ചോദിച്ചു. ഇല്ല എന്ന മറുപടി അയാളെ ചൊടിപ്പിച്ചു.

' അതേയ്. വേണങ്കിലും വേണ്ടെങ്കിലും പെട്ടെന്നൊരു മറുപടി തരണം. എനിക്ക് മര്യാദക്കരുടെ അടുത്ത് നീട്ടി നീട്ടി പറയാന്‍ 
പറ്റില്ല '.

' എന്‍റെ കാര്യോക്കെ നിനക്ക് അറിയാലോ, ഇനി ഈ വയസ്സാന്‍ കാലത്ത് എനിക്ക് പെണ്ണും പിടക്കോഴീം ഒന്നും വേണ്ടാ ' എന്ന്
വേണു തീര്‍ത്ത് പറഞ്ഞു.

' വേണ്ടെങ്കില്‍ വേണ്ടാ, എനിക്കൊന്നൂല്യാ. വയ്യാതെ കിടപ്പിലായാല്‍ ആര് നോക്കുംന്ന് വിചാരിച്ചിട്ടാ. ഇവിടെ ഒരുത്തി ഉള്ളതിന് അവനവന്‍റെ കാര്യം നോക്കാനെ വയ്യാ. അല്ലെങ്കിലും അന്യ പുരുഷന്മാരുടെ കാര്യങ്ങളൊക്കെ ഏതെങ്കിലും സ്ത്രീകള്‍ നോക്ക്വോ '.

സ്വരത്തില്‍ നിറഞ്ഞ ഇഷ്ടക്കേട് വേണു തിരിച്ചറിഞ്ഞു. താന്‍ ഇവിടെ ഒരു അധികപറ്റാണ്. ഇവിടെ നിന്ന് ഇറങ്ങിയാല്‍ ഓപ്പോളുടെ അടുത്ത് ചെല്ലാം. പക്ഷെ അതും എത്ര ദിവസത്തേക്ക്. അവര്‍ക്കും നീരസം തോന്നിക്കൂടാ എന്നില്ലല്ലൊ. എന്തായാലും സ്വന്തമായി ഒരു താവളം ഉണ്ടായേ മതിയാവൂ.

രാത്രി കിടക്കുമ്പോള്‍ വേണു അതേക്കുറിച്ചു തന്നെ ആലോചിച്ച് കിടന്നു. മദിരാശിയിലേക്കു തന്നെ തിരിച്ചു പോയാലോ എന്ന് തോന്നി. അപ്പോഴാണ് വയസ്സുകാലത്ത് അവനവന്‍റെ നാട്ടില്‍ തന്നെ കഴിഞ്ഞു കൂടണം എന്ന മാരിമുത്തുവിന്‍റെ വാക്കുകള്‍ ഓര്‍ത്തത്.
തനിക്ക് പ്രിയപ്പെട്ട തന്‍റെ കളപ്പുരയിലേക്ക് എത്രയും പെട്ടെന്ന് താമസം മാറണമെന്ന് വേണു ഉറപ്പിച്ചു.

' കൃഷിയൊക്കെ ചെന്ന് നോക്കീതല്ലേ,എങ്ങനീണ്ട് ' എന്ന് കാപ്പി കുടിക്കാനിരിക്കുമ്പോള്‍ കിട്ടുണ്ണി ചോദിച്ചു,

തരക്കേടില്ല എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

' ഏട്ടന്‍ ഒരു കാര്യം ചെയ്യൂ, അതൊക്കെ അങ്ങോട്ട് വില്‍ക്കൂ ' കിട്ടുണ്ണി പറഞ്ഞു ' അവിടെ പുഴ കടന്ന് പോകാനൊക്കെ പാടാണ്. ശരിക്ക് നോട്ടം കിട്ടില്ല. നമുക്ക് ഇക്കരെ എന്‍റെ സ്ഥലത്തിന്‍റെ അടുത്ത് കുറച്ച് കൃഷി വാങ്ങാം. എന്നാല്‍ പിന്നെ എനിക്ക് എളുപ്പം നോക്കി നടത്താലോ ?'

വേണു എതിരൊന്നും പറഞ്ഞില്ല.' എനിക്ക് ഇന്നന്നെ ഓപ്പോളുടെ അടുത്തൊന്ന് പോകണ' മെന്ന് അയാള്‍ പറഞ്ഞു നിര്‍ത്തി.

1 comment: