Saturday, September 5, 2009

അദ്ധ്യായം -12

നാട്ടില്‍ എത്തി ദിവസം മൂന്ന് കഴിഞ്ഞു. എങ്ങോട്ടും പോയില്ല. മുറ്റത്ത് പോലും ഇറങ്ങിയില്ല എന്നതാണ് സത്യം. കിട്ടുണ്ണി ഭക്ഷണം കഴിക്കാന്‍ സമയത്തിന്ന് വന്ന് വിളിക്കും. അവന്‍ നാട്ടു വിശേഷങ്ങളും കുടംബകാര്യങ്ങളും പറയുന്നത് ഉണ്ണാനിരിക്കുമ്പോഴാണ്. സ്വന്തത്തില്‍ പെട്ടവര്‍ ചിലരൊക്കെ മണ്മറഞ്ഞ വിവരം അറിയുന്നത് അങ്ങിനെയാണ്. വൈകുന്നേരം മഴക്ക് സാദ്ധ്യത ഇല്ലെങ്കില്‍ പുറത്തൊക്കെ ഒന്ന് ഇറങ്ങണമെന്ന് വേണു നിശ്ചയിച്ചു.

തന്‍റെ സമപ്രായക്കാരെ കൂടാതെ പഴയ തലമുറയിലുള്ളവരെ മാത്രമേ തനിക്ക് അറിയുകയുള്ളു. അതില്‍ ആരെല്ലാമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത് എന്നൊന്നും അറിയില്ല. നാളെ രാവിലെ അമ്പല കുളത്തില്‍ കുളിച്ച് അയ്യപ്പനെ തൊഴണം. മുങ്ങികുളിച്ച കാലം മറന്നു. കുട്ടിക്കാലത്ത് അമ്പലകുളം അക്കരെ ഇക്കരെ പത്ത് വട്ടം നീന്തും. കൂട്ടിന്ന് സമപ്രായക്കാര്‍ കുറെ പേരുണ്ടാവും. കുളത്തിന്‍റെ നടുവില്‍ ഒരു ഓമ കുറ്റിയുണ്ട്. ക്ഷീണിച്ചാല്‍ അതില്‍ പിടിച്ച് നിന്ന് വിശ്രമിക്കാം. മനസ്സില്‍ ആ കാലം തെളിഞ്ഞ ഓര്‍മ്മയാണ്.

കുട്ടികളുടെ പരിചയക്കുറവ് മാറി കഴിഞ്ഞു. ഇപ്പോള്‍ ഇടയ്ക്കൊക്കെ അവര്‍ അടുത്ത് വരും. 'വലിയ മുത്തച്ഛക്ക് കുടിക്കാന്‍ വല്ലതും വേണോ ' എന്ന് അന്വേഷിക്കും. ഒരു കഥ പറഞ്ഞ് തര്വോ എന്ന് ചോദിക്കും. കുസൃതികളാണെങ്കിലും
 എളുപ്പത്തില്‍ ഇണങ്ങുന്ന വക. വെറുതെ ഇരിക്കുമ്പോഴുള്ള മടുപ്പ് അത് കാരണം തോന്നുന്നില്ല. രണ്ടും കൂടി ഏട്ടനെ വിഷമിപ്പിക്കരുത് എന്ന് കിട്ടുണ്ണി ഇടക്ക് ശാസിക്കും.പിള്ളേര് മാത്രമായിട്ട് എന്താ ഇവിടെ വന്ന് നില്‍ക്കുന്നത് എന്ന് ചോദിക്കണമെന്ന് കരുതിയിരുന്നതാണ്. അതിന്ന് മുമ്പ് ' വല്യേ മുത്തച്ഛാ, അമ്മ ഒരു ഉണ്ണിയെ പ്രസവിച്ച് കിടക്കുകയാണ്. ഒരു കുഞ്ഞു വാവ ' എന്ന് പറഞ്ഞ്ചെറുത് കള്ളി വെളിച്ചത്താക്കി.

നാല് മണി കഴിഞ്ഞതും വേണു പുറത്തിറങ്ങി നോക്കി. മഴക്കാറൊന്നും കാണാനില്ല. ഒന്ന് നടന്നിട്ട് വരാം. ഇറങ്ങുമ്പോള്‍ ' ഏട്ടന്‍ ഒരു കുട കയ്യില്‍ വെച്ചോളു, എപ്പഴാ മഴ വര്വാ എന്ന് പറയാന്‍ പറ്റില്ല ' എന്നും പറഞ്ഞ് രാധ ഒരു കുട ഏല്‍പ്പിച്ചു.

പാടത്തിന്ന് നടുവിലൂടെയുള്ള പാത അവസാനിക്കാറായി. ഇനി വലത്തോട്ട് തിരിഞ്ഞാല്‍ അങ്ങാടിയാണ്. മറുഭാഗത്തേക്ക് നടന്നാല്‍ പുഴയോരത്ത് കൂടി മെറ്റലിട്ട പാത മന്ദത്തിലെത്തും. ആല്‍ ചുവട്ടിലെ ഭഗവതിയെ തൊഴാം. ധാരാളം വീടുകളുള്ള തറ അവിടെയാണ്. ചിലപ്പോള്‍ പഴയ സുഹൃത്തുക്കളെ കാണാനായേക്കും. വേണു ഇടത്തോട്ടുള്ള വഴിക്ക് തിരിഞ്ഞു. കൈത
പൊന്തകളുടെ മറ പിടിച്ച് പുഴ ഒഴുകുന്നു. പള്ളിയുടെ പുറകിലായി പുഴക്കടവില്‍  കൂവലും ബഹളവും. പിള്ളേര്‍ വെള്ളത്തില്‍
 കളിക്കുകയാവും. വേണു കടവിലേക്ക് നടന്നു. ഉടുതുണി ഇല്ലാതെ പിള്ളേര്‍ പാറയില്‍ നിന്ന് പുഴയിലേക്ക് കരണം മറിഞ്ഞ് ചാടുകയാണ്.

പെട്ടെന്ന് താനൊരു കുട്ടിയായത് പോലെ വേണുവിന്ന് തോന്നി. പത്ത് വയസ്സുകാരന്‍ പയ്യന്‍ കൂട്ടുകാരുമൊത്ത് പള്ളി കടവില്‍ നീന്തി തുടിക്കുകയാണ്. നോക്കി നില്‍ക്കെ ഇരുള്‍ പരന്നു. കൂട്ടുകാരെ കാണാനില്ല. ആരോ കഴുത്തില്‍ പിടിച്ച് വെള്ളത്തില്‍ മുക്കുകയാണ്. ശ്വാസം മുട്ടി തുടങ്ങി. ഒരിറ്റ് പ്രാണ വായുവിന്നായി പിടഞ്ഞു. ഏതോ കൈകള്‍ തന്നെ കോരി എടുക്കുന്നു. ബോധം വന്നപ്പോള്‍ തറവാട്ടിലെ പൂമുഖത്ത് കിടക്കുകയാണ്. ചുറ്റിനും ആളുകള്‍. ' ഏടത്തിടെ കണ്ണടഞ്ഞത് നന്നായി. ഇത് പോലൊരു അസുരനെ വളര്‍ത്താതെ കഴിഞ്ഞല്ലോ. എന്തെങ്കിലും പറ്റിയാല്‍ എന്നെയാണ് ആളുകള്‍ കുറ്റം പറയുക. തിന്ന് കൊഴുപ്പെടുത്തിട്ട് വെള്ളത്തില്‍ ചാടി ചത്തതാണെന്ന് ആരെങ്കിലും പറയ്വോ ' എന്ന് ചെറിയമ്മ ആരോടോ ഉറക്കെ പറയുന്നു. നീരാളി പിടിച്ചതാണ് എന്ന് ചിലരൊക്കെ പറഞ്ഞു. പള്ളിക്കാട്ടിലെ ഏതോ മുസ്ലിം പ്രേതം ദേഹത്ത് കൂടിയതാണെന്ന് വേറൊരു കൂട്ടര്‍ . ബാധ ഒഴിപ്പിക്കലും ബലിയും നടത്തണമെന്ന് പണിക്കര്‍ പറഞ്ഞുവെങ്കിലും അതിനൊന്നും പണമില്ല എന്നും പറഞ്ഞ് ചരട് ജപിപ്പിച്ച് കയ്യില്‍ കെട്ടി തരുകയാണ് ഉണ്ടായത്.

പുഴയോട് പിണങ്ങി പാത ഇടത് ഭാഗത്തേക്ക് അകന്നു തുടങ്ങി. കൂനന്‍ പാറയുടെ മുകളിലെ ആല്‍മരം കാലത്തിന്‍റെ കൈകളില്‍ നിന്ന് തെന്നി മാറി മാറ്റമില്ലാതെ നില്‍ക്കുന്നു. പാറയുടെ ചുവട്ടിലായി ഒരു കള്ളുഷാപ്പ് ഉണ്ടായി എന്ന ഒറ്റ വ്യത്യാസമേ ഉള്ളു. ഷാപ്പിനകത്ത് നിന്നും ആരോ നല്ല ഈണത്തില്‍  കീര്‍ത്തനം ആലപിക്കുന്നു. ത്യാഗരാജ കൃതി കള്ളുഷാപ്പിലിരുന്ന് ഇത്ര ഭംഗിയായി പാടുന്നത്ഏത് മഹാനാണാവോ. ശകലം അകത്ത് എത്തി കഴിഞ്ഞാല്‍ പിന്നെ നൈസര്‍ഗ്ഗികമായ വാസന തനിയെ പുറത്ത് എത്തുമെന്ന് പറയുന്നത് വെറുതെയല്ല.

മന്ദത്തെ ആല്‍ത്തറക്ക് അരികിലായി ആറേഴ് ചെറുപ്പക്കാര്‍. മുഖ പരിചയം തോന്നുന്ന ആരും കൂട്ടത്തിലില്ല. ആലിനെ വലം വെച്ചു. നടക്കല്‍ നിന്ന് തൊഴുതു. കല്‍വിളക്ക് തെളിയിച്ചിട്ടില്ല. കണ്ണാടി കൂടിനകത്ത് ചെറിയൊരു നിലവിളക്ക് കത്തുന്നുണ്ട്. പണ്ടും ഇവിടെ നിത്യേന പൂജ ഒന്നും ഉണ്ടായിരുന്നില്ല. ആലിലകള്‍ ഇളം കാറ്റില്‍ ഉലയുന്നു. അടര്‍ന്നു വീണ ഇലകള്‍ നിലം മൂടി കിടക്കുന്നു. ഇതിനടുത്താണല്ലോ സുന്ദരന്‍റെ വീട് എന്ന്അപ്പോള്‍ ഓര്‍മ്മ വന്നു.

കുട്ടിക്കാലത്തെ അടുത്ത കൂട്ടുകാരനായിരുന്നു സുന്ദരന്‍. പഠിപ്പ് കഴിഞ്ഞപ്പോള്‍ അവന്‍ പട്ടാളത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ പിരിഞ്ഞു കാണും. അവന്‍റെ അച്ഛന്‍ നാണു നായരാണ് തനിക്ക് ആദ്യമായി ഒരു പണി വാങ്ങി തന്നത്. താന്‍  ഒമ്പതാം ക്ലാസ്സില്‍ നിന്ന് ജയിച്ച സമയം . തുടര്‍ന്ന് പഠിപ്പിക്കാന്‍ വക ഇല്ലെന്നായി ചെറിയമ്മ. എന്തെങ്കിലും പണിക്ക് പോവാന്‍ പ്രായം ആയിട്ടുമില്ല. തന്‍റെ സങ്കടം സുന്ദരനോട് പറഞ്ഞു. കൊയമ്പത്തൂരില്‍ നിന്ന് ശനിയാഴ്ച എത്തിയ നാണു നായരോട് അവന്‍ ശുപാര്‍ശ ചെയ്തു. വലിയ വീട്ടിലെ കുട്ടിയാണ്. നമ്മള്‍ കൂട്ടിക്കൊണ്ട് പോയാല്‍ അത് വല്ല കൂട്ടവും കുറിയും ആവുമോ എന്ന് അദ്ദേഹം സംശയം പറഞ്ഞുവെങ്കിലും തിരിച്ച് പോകുമ്പോള്‍ കൂടെ കൂട്ടി. ആരും എതിര് പറഞ്ഞതുമില്ല.

വേണു കയറി ചെല്ലുമ്പോള്‍ നാണു നായര്‍ ഉമ്മറത്ത് തന്നെയുണ്ട്. കണ്ണിന്ന് നേരെ വലത് കൈപ്പത്തി വെച്ച് നല്ലവണ്ണം നോക്കിയിട്ട് ' ആരാ, മനസ്സിലയില്ല ' എന്ന്പറഞ്ഞു. 'നാണുമാമെ, ഇത് ഞാനാ, വേണു' എന്ന്പറഞ്ഞിട്ടും നാണു നായര്‍ മിഴിച്ച് നിന്നതേയുള്ളു. കണ്ട് മറന്ന മുഖം ഓര്‍മ്മയില്‍ പരതുകയാവും. അല്ലെങ്കില്‍ തന്നെ കാലം ശരീരത്തില്‍ 
ഏല്‍പ്പിച്ചിട്ടുള്ള പോറലുകള്‍ ചെറുതൊന്നുമല്ലല്ലൊ.

'എനിക്ക് തീരെ ഓര്‍മ്മ കിട്ടുന്നില്ല ' എന്ന് പറഞ്ഞപ്പോള്‍ ' സുന്ദരന്‍റെ കൂട്ടുകാരന്‍ വേണുവിനെ കൊയമ്പത്തൂരില്‍
 കൂട്ടിക്കൊണ്ട് പോയി കൂടെ താമസിപ്പിച്ച് പണിയാക്കി കൊടുത്ത കാര്യം മറന്നുവോ ' എന്ന് ഓര്‍മ്മ പുതുക്കി.

' എന്‍റെ അപ്പേ' എന്ന് വിളിച്ച് നാണു നായര്‍ വേണുവിനെ ആശ്ലേഷിച്ചു. ദുര്‍ബ്ബലമായ ആ ശരീരം  വിറ കൊള്ളുന്നത് വേണു അറിഞ്ഞു. ' നിന്നെ കാണാന്‍ സാധിക്കും ന്ന് നിരീച്ചിട്ടില്ല ' എന്നും പറഞ്ഞ് നാണു നായര്‍ തേങ്ങി. ' എങ്കിലും നീ മറന്നില്ലല്ലോ, അത് മതി ' എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു.

ഇരുട്ടാവുന്നത് വരെ ഉമ്മറത്തെ തിണ്ടിലിരുന്ന് അവര്‍ സംസാരിച്ചു. തന്‍റെ ഗതികേടുകളും സങ്കടങ്ങളും നാണു നായര്‍ വേണുവിനോട് പറഞ്ഞു. 'എന്തിനാ അച്ഛാ ഇതൊക്കെ പറയുന്നത്' എന്ന് സരോജിനി പറഞ്ഞതിന്' ഞാന്‍ എന്‍റെ കുട്ടിയുടെ അടുത്താണ്, അന്യനായിട്ടുള്ള ഒരാളോടല്ല എന്‍റെ കഷ്ടപ്പാട്പറയുന്നത് ' എന്ന് നായര്‍ പറഞ്ഞു .

' എന്ത് വേണമെങ്കിലും എന്നോട്ചോദിച്ചോളൂ, ഞാന്‍ ഇനി എവിടേക്കും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാവും ' എന്നും പറഞ്ഞ് വേണു പേഴ്സില്‍ നിന്ന് കയ്യില്‍ കിട്ടിയ നോട്ടുകള്‍ നാണു നായരുടെ കയ്യില്‍ പിടിപ്പിച്ചു. നാണു നായര്‍ അത് വാങ്ങി കണ്ണോട് ചേര്‍ത്ത് വെച്ചു. അയാള്‍ വിതുമ്പി കരയാന്‍ തുടങ്ങി. ഒടുവില്‍ തന്‍റെ ശുഷ്കിച്ച കൈകള്‍ വേണുവിന്‍റെ ശിരസ്സില്‍വെച്ചു. 'എന്‍റെ മോന്‍ നന്നായി വരും' എന്ന വാക്കുകള്‍ ഗദ്ഗദത്തോടൊപ്പം പുറത്തെത്തി.

മന്ദം കടന്ന് തിരിവ് കഴിയുന്നത് വരെ വേണു ഇടക്കിടക്ക് തിരിഞ്ഞ് നോക്കി. പടിക്കാലും ചാരി പുളിമരച്ചോട്ടില്‍ ഒരു പ്രതിമ പോലെ നാണു നായര്‍ നില്‍ക്കുന്നു.

തനിക്ക് ഒരു ജീവിതം ഉണ്ടാക്കാന്‍ ആദ്യമായി സഹായ ഹസ്തം നീട്ടിയ ആള്‍. അദ്ദേഹത്തെ കാണാന്‍ ഇട വരുമെന്ന് കരുതിയിരുന്നതല്ല. അത് സാധിച്ചു, ദുര്‍ബ്ബലമായ ആ കൈകള്‍ തന്‍റെ നിറുകയില്‍ ഇപ്പോഴും മുട്ടിയിരിപ്പുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ വേണുവിന്‍റെ മനസ്സില്‍ സന്തോഷം അലതല്ലുകയായിരുന്നു.

3 comments:

  1. "മനസ്സില്‍ ആ കാലം തെളിഞ്ഞ ഓര്‍മ്മയാണ്". "പുഴയോട് പിണങ്ങി പാത ഇടത് ഭാഗത്തേക്ക് അകന്നു തുടങ്ങി". "കൂനന്‍ പാറയുടെ മുകളിലെ ആല്‍മരം കാലത്തിന്‍റെ കൈകളില്‍ നിന്ന് തെന്നി മാറി മാറ്റമില്ലാതെ നില്‍ക്കുന്നു". എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് ഈ വരികള്‍. വേണു നാണു നായരെ കാണുന്ന സന്ദര്‍ഭം നന്നായി.

    ReplyDelete
  2. raj
    പാലക്കാടന്‍ നാടന്‍ ഭാഷ വിഷമം തോന്നിക്കുന്നുണ്ടോ .
    palakkattettan

    ReplyDelete
  3. പാലക്കാടന്‍ നാടന്‍ ഭാഷ....വായനതുടരുന്നു

    ReplyDelete