Tuesday, August 18, 2009

അദ്ധ്യായം 5.

സമയം പതിനൊന്ന് കഴിഞ്ഞുവെന്ന് തോന്നുന്നു. തലക്കു മുകളിലൂടെ വിമാനം പറന്നുപോയിട്ട് കുറെ നേരമായി. സാധാരണ പത്തര മണിക്കാണ് അത് പോകാറുള്ളത്. ചാമി കിളക്കുന്നത് നിര്‍ത്തി. ഇന്ന് വിചാരിച്ചതില്‍ കൂടുതല്‍ പണി നീങ്ങി.

കൈക്കോട്ട് താഴെ വെച്ചു വരമ്പത്ത് കേറി ഇരുന്നു. മടിക്കുത്തില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും എടുത്തു. ഒരു പുക വലിച്ചു കയറ്റിയപ്പോള്‍ വയറ് പ്രതിഷേധിക്കുന്നു. ഇന്നലെ രാത്രി മുതല്‍ ഒന്നും കഴിച്ചിട്ടില്ല. കല്യാണി കഞ്ഞി കുടിക്കാന്‍ പറഞ്ഞത് അനുസരിക്കാമായിരുന്നു. ചുറ്റുപാടും നോക്കി. പാടത്ത് ആരുമില്ല. പെണ്ണുങ്ങള്‍ എല്ലാവരും ചായ കുടിക്കാന്‍ പോയി കഴിഞ്ഞിരിക്കുന്നു. അത് സമയാസമയം മുറ തെറ്റാതെ അവര്‍ നടത്തും. അതിന്ന് വാച്ചൊന്നും വേണ്ടാ. എന്തെങ്കിലും കഴിച്ചേ തീരു . അങ്ങാടി വരെ നടക്കണമല്ലൊ എന്ന് ആലോചിക്കുമ്പോള്‍ വേണ്ടാ എന്ന് തോന്നുന്നു . കുറച്ച് നേരം മടിപിടിച്ച് നിന്നു. ഒടുവില്‍ തീരെ നില്‍ക്കക്കള്ളിയില്ലാതായി.

ഇന്നലെ കയത്തിന്നു മുകളിലെ പാടത്ത് വെച്ചിരുന്ന കുരുത്തിയില്‍ , വിചാരിച്ച പോലെ പുഴയില്‍ വെള്ളം കയറാത്തതിനാല്‍ , മീനൊന്നും പെട്ടിരുന്നില്ല. കാലത്ത് അതെടുത്ത് കിളക്കുന്ന പാടത്തിന്‍റെ വരമ്പത്തുള്ള കരിമ്പന ചുവട്ടില്‍ വെച്ചിരുന്നു. ചാമി അതെടുത്ത് നടന്നു. കളപ്പുരയുടെ മുറ്റത്ത് അത് ഇട്ട് പടി ചാരി വെച്ചു പുറത്തിറങ്ങി .

പൊള്ളുന്ന ചൂട്. മഴപ്പുറത്തെ വെയില് കള്ളനും കൊള്ളില്ല എന്നാണ് പറയുക . പുഴ കടന്നു അയാള്‍
ചായക്കടയിലേക്ക് നടക്കുമ്പോള്‍ , കള്ളൂഷാപ്പിലെ ചാക്കണ വില്‍ക്കുന്ന പയ്യന്‍ സൈക്കിളില്‍ പുറകെ എത്തി. ചാമിയുടെ മുന്നില്‍ കടന്ന് പയ്യന്‍ സൈക്കിള്‍ നിര്‍ത്തി. ' ഇന്നലെ വൈകുന്നേരം ചാമിയേട്ടനെ കണ്ടില്ലല്ലോ ' എന്ന് ലോഹ്യം തിരക്കി . ചാമി ഒന്നും പറഞ്ഞില്ല. വെറുതെ ചിരിക്കുക മാത്രം ചെയ്തു.

' നിങ്ങള്' ഇപ്പൊ എന്‍റെ കൂടെ വരുന്നുണ്ടോ ' എന്ന് പയ്യന്‍ തിരക്കി. ആ വാക്കുകള്‍ കേട്ടതോടെ മനസ്സില്‍ ചെറുതായൊരു മോഹം ഉദിച്ചു.' എനിക്ക് വിശന്നിട്ടു വയ്യാ. കഴിക്കാന്‍ വല്ലതും ഉണ്ടോടാ അവിടെ ' എന്ന് തിരക്കി.

' കഴിക്കാനല്ലേ ഇഷ്ടം പോലെ സാധനങ്ങള്‍ അവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത് ' എന്ന് പറഞ്ഞ് ചെക്കന്‍ വിഭവങ്ങളുടെ ലിസ്റ്റ് വിവരിക്കാന്‍ തുടങ്ങി. ഇഡ്ഡലി, ദോശ, പൊറോട്ട, ചട്ടിണി, സാമ്പാറ്, ഉരുളക്കിഴങ്ങു കറി. അതോടെ ചാമി ഇടപെട്ടു. ' ഇതല്ലാതെ മനുഷ്യന്ന് വായില്‍ വെക്കാന്‍ പറ്റിയ എന്തെങ്കിലും പറയെടാ ' എന്ന് ആവശ്യപ്പെടുകയും ചെയ്തു .

' അത് ശരി. ' ചെക്കന്‍ പറഞ്ഞു ' നിങ്ങള്‍ക്ക് നോണാ വേണ്ടത് അല്ലേ? ' എന്നും പറഞ്ഞ് ചിക്കന്‍, മട്ടന്‍, ബീഫ്, മീന്‍കറി, പൊരിച്ചത്, മുട്ട എന്നിങ്ങനെ മെനു ഉരുവിട്ടു തുടങ്ങി.

' മതിയെടാ, വിസ്തരിച്ചത് മതി ' എന്ന്ചാമി പറഞ്ഞു. ചെക്കന്‍റെ ക്ഷണം അനുസരിച്ച് അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ ചാടി കയറുകയും ചെയ്തു.

ഉച്ച സമയം ആയതിനാല്‍ ഷാപ്പില്‍ ആളുകള്‍ കുറവാണ്. ചെക്കന്‍ പൊറോട്ടയും കോഴിക്കറിയും വിളമ്പി. മുമ്പില്‍ നിറഞ്ഞ കള്ളുക്കുപ്പിയും. പ്ലേറ്റിലെ വിഭവങ്ങള്‍ മിനുട്ടിനകം തീര്‍ന്നു. കഴിയുന്ന മുറക്ക് പ്ലേറ്റ് നിറയുകയും കാലിയായുകയും ചെയ്തുകൊണ്ടിരുന്നു. മേശപ്പുറത്ത് വെച്ച കുപ്പികളുടെ എണ്ണവും അതനുസരിച്ച് കൂടി. എല്ലാം തീര്‍ത്ത് ഒരു ഏമ്പക്കവും വിട്ട് എഴുന്നേറ്റു. കയ്യ് കഴുകി, ബെല്‍ട്ടിലെ പേഴ്സില്‍ നിന്നും പണമെടുത്ത് കൊടുത്തു. വലിക്കാനായി ബീഡി എടുത്തപ്പോഴാണ് തീരാറായി എന്ന് അറിയുന്നത്. നേരെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. പെട്ടിക്കടയില്‍ നിന്നും ബീഡിയും തീപ്പെട്ടിയും വാങ്ങി. പണം കൊടുത്ത് തിരിഞ്ഞു നടക്കാനിരുന്നപ്പോള്‍ പീടികക്കാരന്‍ ' ചാമി അറിഞ്ഞില്ലേ ' എന്നും പറഞ്ഞ് കുറച്ചു നേരം മുമ്പ് നടന്ന കാര്യങ്ങള്‍ വര്‍ണ്ണിച്ചു.

പാടത്ത് ഒപ്പം പണിയെടുക്കുന്ന പെണ്ണുങ്ങള്‍ ചായകുടി കഴിഞ്ഞ് മുറുക്കാന്‍ വാങ്ങി തിരികെ പോകുമ്പോള്‍, പൊള്ളാച്ചിയില്‍ നിന്നും കാളവണ്ടിയുമായി വന്ന തമിഴന്‍ വണ്ടി നിറുത്തി സിഗററ്റ് വാങ്ങാന്‍ ഇറങ്ങി വന്നു. പെണ്ണുങ്ങളോട് അവന്‍ എന്തോ അനാവശ്യം പറഞ്ഞുവത്രേ. കൂട്ടത്തില്‍ ബഹുകേമിയായ ചെറുപ്പക്കാരി അവന്‍റെ മുഖമടച്ച് ഒരു ആട്ട് വെച്ചു കൊടുത്തു. അവന്‍ ആ പെണ്ണിനെ കയറി പിടിച്ചു. പിടിച്ചു മാറ്റാന്‍ വന്നവരെ കത്തി കാട്ടി പേടിപ്പിച്ചു. ആ പെണ്ണ്  കരഞ്ഞും കൊണ്ടാണ് പോയത്. തമിഴന്‍ പല കുത്തുകേസിലും പ്രതിയാണത്രേ. ആണുങ്ങള്‍ ആരും അവനോട് കൊമ്പ് കോര്‍ക്കാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു.

' ഫൂ ' ചാമി നീട്ടി തുപ്പി.' ആണും പെണ്ണും കെട്ട വക. എവിടേയോ കിടക്കുന്ന ഒരുത്തന്‍ ഈ നാട്ടില് വന്ന് ഇവിടുത്തെ ഒരു പെണ്ണിനെ പട്ടാപകല്‍ കയറി പിടിച്ചിട്ട്, അടിച്ച് അവന്‍റെ ഏപ്പക്കുറ്റി തിരിക്കാതെ , കണ്ടും കൊണ്ട് നിന്നിരിക്കുന്നു '.

അവന്‍റെ നിഴല് തന്‍റെ മുമ്പില്‍ വീണാല്‍ അന്നത്തോടെ അവന്‍റെ കഥ കഴിയും എന്ന് ചാമി പ്രഖ്യാപിച്ചു. അല്ലെങ്കില്‍ 
അവന്‍ നാലാളുടെ മുമ്പില്‍ വെച്ച് ആ പെണ്ണിനോട് തെറ്റ് പറയണം.

കാളവണ്ടിക്കാരന്‍ തമിഴനെ കാണണമെങ്കില്‍ അത്ര വലിയ കാലതാമസം വരില്ലെന്നും ,വെള്ളിയാഴ്ച്ച തോറും അയാള്‍ ആ വഴിക്ക് ചരക്ക് കയറ്റിയ കാളവണ്ടിയുമായി  വരാറുണ്ടെന്നും , ആ സമയം നോക്കി കാത്തുനിന്ന് അവനോട് പകരം
 ചോദിക്കാമെന്നും പെട്ടിക്കടക്കാരന്‍ പറഞ്ഞതോടെ എന്നാല്‍ അന്നത്തോടെ രണ്ടാലൊന്ന് അറിയാമെന്ന്ചാമി അങ്കം കുറിച്ചുകൊണ്ട് തിരികെ പണിസ്ഥലത്തേക്ക് നടന്നു.

3 comments: